Trending Now

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജയുള്ള ക്ഷേത്രം കോന്നിയില്‍ കാണാം

 

konnivartha.com: അച്ചൻകോവിൽ നദീതട സംസ്കാരത്തിന്‍റെ ഭാഗമാണ് കോന്നിയുടെ കിഴക്കന്‍ വന മേഖല . നൂറ്റാണ്ടുകളുടെ ചരിത്രം മണ്ണില്‍ ഉറങ്ങുന്നു . കഥകളും ഉപകഥകളും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ പഴം തലമുറ പാടി പതിഞ്ഞ കഥകള്‍ നാവുകളില്‍ നിന്നും കാതുകളിലേക്ക് പകര്‍ന്നു നല്‍കിയ തെളിമയാര്‍ന്ന അച്ചന്‍ കോവില്‍ നദി . ഈ നദിയുടെ ഉത്ഭവ സ്ഥാനം അങ്ങ് കിഴക്ക് ഉദിമല (പശുക്കിടാമേട് )ആണ് .ഇവിടെ തുടങ്ങുന്നു അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം .

മനുഷ്യ സംസ്‍കാരത്തിന്‍റെ കളിതൊട്ടിലായിരുന്നു മഹത്തായ അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . നദിയുടെ ഇരു കരകളിലും വലിയ വിഭാഗം ജനം പാര്‍ത്തിരുന്നു . നെല്ലും മുതിരയും വിളയിച്ച ആദിമ ജനതയുടെ അടയാളങ്ങള്‍ ഇന്നും ഈ വനത്തില്‍ കാണാം .

ജനം തിങ്ങി അധിവസിച്ചിരുന്ന ഭൂപ്രദേശം പിന്നെ എങ്ങനെ കാടായി മാറി എന്ന് കണ്ടെത്തുവാന്‍ പഠനങ്ങള്‍ ആവശ്യം ആണ് .അങ്ങനെ പഠനം നടത്തുവാന്‍ വനം വകുപ്പ് അനുമതി നല്‍കുന്നുമില്ല . ഈ പ്രദേശത്ത് നിന്നും ജനതയെ കുടിഇറക്കി അവിടെ വനം വെച്ചു പിടിപ്പിച്ചു . അങ്ങനെ വനം വികസിപ്പിച്ചു .

ചരിത്രം കഥ പറയുന്നു

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് കോട്ടാംപാറയിലെ ഉൾവനത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന കൊക്കാത്തോട്‌ അന്നപൂര്‍ണ്ണേശ്വരി എന്ന പുരാതനക്ഷേത്രം.അരുവാപ്പുലം പഞ്ചായത്തിലെ നാലാം വാര്‍ഡായ കോട്ടാംപാറയില്‍ ആണ് പുണ്യ പുരാതനമായ ഈ ക്ഷേത്രം ഉള്ളത് . അപ്പൂപ്പന്‍ തോട് , കറ്റിക്കുഴി , നീരാമക്കുളം , നെല്ലിക്കാപ്പാറ തുടങ്ങിയ പ്രദേശം ഉള്‍ക്കൊള്ളുന്ന കൊക്കാത്തോട്‌ ഗ്രാമത്തിന്‍റെ ഐശ്വര്യ ദേവത കുടികൊള്ളുന്ന ക്ഷേത്രം .

നൂറ്റാണ്ടു മുന്‍പ് വലിയ ജന വിഭാഗം ഇവിടെ അധിവസിച്ചിരുന്നു എന്നതിന്‍റെ തെളിവുകള്‍ ഈ മണ്ണില്‍ കാണാം .പുരാതനകാലത്ത് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതിന്‍റെ തെളിവുകളാണ് വനമേഖലയിൽ അവശേഷിക്കുന്ന ക്ഷേത്രവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്നീ പ്രദേശം വനത്താല്‍ ചുറ്റപ്പെട്ടു . ക്ഷേത്രം തകര്‍ന്നടിഞ്ഞു . പ്രാചീന സംസ്‌കൃതിയുടെ അടയാളങ്ങള്‍ ഇന്നും കണ്ടെത്താം . ക്ഷേത്രവശിഷ്ടങ്ങൾ പലയിടങ്ങളിലായി കാണാം .ശ്രീകോവിലിന്‍റെ തറയും, വിഗ്രഹങ്ങളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു .കല്ലേലി , നടുവത്തുമൂഴി, കൊക്കാത്തോട് , കോട്ടാംപാറ, കുറിച്ചി, നരകനരുവി,രണ്ടാംമൂഴി, ഉക്കന്‍തോട്, വണ്ടിത്തോട്, ആശാരിപ്പാറ, വണ്ടിത്തടം, ഏഴാംതല ,അടിക്കിറ, ചുളപ്ളാവ്, പുളിഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ ചരിത്രപരമായി ബന്ധം ഉള്ളത് ആണ് .

ക്ഷേത്രത്തിന്‍റെ തകർന്നടിഞ്ഞ ഏതാനും കൽകെട്ടുകൾ മാത്രമാണിന്ന് ഇവിടെ അവശേഷിക്കുന്നത്.നിബിഡമായ വനത്തിനുള്ളിലുള്ള പുൽമേടിലാണ് ക്ഷേത്രം. ആനയടക്കം ഉള്ള വന്യ മൃഗങ്ങള്‍ ക്ഷേത്രത്തില്‍ കടക്കാതെ ഇരിക്കാന്‍ പണ്ട് കാലത്ത് തന്നെ കിടങ്ങുകള്‍ നിര്‍മ്മിച്ചിരുന്നു .കിടങ്ങ് ഇപ്പോള്‍ മുക്കാലും മൂടപ്പെട്ടു .

മഴക്കാടുകളുടെ മൗനവും സൂര്യപ്രകാശം പോലുമേല്‍ക്കാത്ത അടിക്കാടുകളും ആണ് പ്രത്യേകത . ഇതാണ് പശ്ചിമഘട്ടത്തിന്‍റെ പ്രത്യേകത . അടിക്കാടുകള്‍ ഉള്ള വനം . നൂറായിരം സസ്യങ്ങള്‍ , കൂണുകള്‍ , സൂക്ഷ്മ ജീവികള്‍ അധിവസിക്കുന്നു . ഇവിടെയാണ്‌ കാനന ദേവാലയങ്ങളുടെ പ്രസക്തി നിലനില്‍ക്കുന്നത് .

കിഴക്കൻ മലയോരത്തിന്‍റെ കാനനഭംഗിയും ഇവിടെയാണ്‌ . മഞ്ഞു പെയ്യുന്നതും മേഘം കറുത്ത് മഴയായി പെയ്യുന്നതും ഇവിടെ നിന്നാല്‍ കാണാം . കൊക്കാത്തോട്ടിൽ നിന്നും 7 കിലോമീറ്റർ വനം വകുപ്പിന്‍റെ റോഡിലൂടെ സഞ്ചരിച്ചു വേണം ഇവിടെയെത്താൻ. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഈ കല്പടവുകളില്‍ പൂജയുണ്ട് . കൊക്കാത്തോട്‌ ഗ്രാമം ഒത്തൊരുമിച്ചു എത്തി ആദിത്യ ഭഗവാന് പൊങ്കാല സമര്‍പ്പിച്ചു മടങ്ങും .അടുത്ത ഒരു വര്‍ഷത്തെ കാത്തിരിപ്പ്‌ .

കോന്നിയില്‍ നിന്നും യാത്ര തുടങ്ങാം . യാത്രാ മദ്ധ്യേ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ തുയില്‍ ഉണര്‍ത്തുന്ന 999 മലകളുടെ നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളുന്ന കല്ലേലി കാവ് കാണാം . ഇവിടെ തൊഴുതു നമസ്കരിച്ച ശേഷമേ കാടിനുള്ളിലേക്ക് ആരും യാത്ര ചെയ്യൂ .കാടിന്‍റെയും മലകളുടെയും അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ ,യാത്ര തുടരുമ്പോള്‍ കല്ലേലി പാലം കാണാം .അത് വഴി കയറി മുന്നോട്ട് . അപ്പോള്‍ കാണാം അള്ളുങ്കല്‍ മുതല്‍ കാണുന്ന വലിയ പാറ .ഇത് പ്രതികാരത്തിന്‍റെ കഥപറയുന്ന കാട്ടാത്തിപ്പാറ, മലമ്പണ്ടാര വിഭാഗത്തിലെ ആദിവാസികൾ താമസിക്കുന്ന കാട്ടാത്തി ഊരും കാണാം , കോട്ടാംപാറ ആദിവാസി കോളനികളും യാത്രയിൽ കാണാം. കിഴക്കൻ മലയോരത്തിന്‍റെ കാനനഭംഗി ഇവിടെ ദര്‍ശിക്കാം .

ഈറ്റക്കാടുകളും, പുൽമേടുകളും, വിശാലമായ പാറകളും കടന്നു വേണം ഇവിടെയെത്താൻ .മഴ സമയത്തു കോടമഞ്ഞും, കുളിർകാറ്റും വീശുന്ന ഇവിടെ നിന്നാൽ മേടുകളുടെ മനോഹരദൃശ്യം കാണാൻ കഴിയും.
വർഷത്തിലൊരിക്കൽ പൂജയുള്ള കുറിച്ചി അന്ന പൂർണേശ്വരി ക്ഷേത്രം . 2024 ഫെബ്രുവരി 25 ന് ഈ വര്‍ഷത്തെ പൂജയും പൊങ്കാലയും നടക്കും . പിന്നെ കാട് കൂടുതല്‍ സുന്ദര ഭാവം കൈവരിക്കും .

തമിഴ് നാട്ടില്‍ നിന്നും വരുന്ന മറവപ്പട ( പറപ്പാറ്റയുടെ ) ആക്രമണത്തില്‍ ആണ് ഇവിടെയുള്ള ജന സമൂഹം ഇവിടം വിട്ടു പോയത് എന്നൊരു കഥ നിലനില്‍ക്കുന്നു . അവരാണ് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു നവരത്നങ്ങൾ ഉള്ള വിഗ്രഹം അടക്കം അപൂര്‍വ്വ സ്വര്‍ണ്ണ ശേഖരം കടത്തി എന്നും ക്ഷേത്രം തച്ചു തകര്‍ത്തു എന്നും പറയുന്നു . കാല്‍ കിലോമീറ്റര്‍ താഴേക്ക് ചെന്നാല്‍ വലിയ കുളം ദൃശ്യം . പുരാതന കാലത്തെ ജനം ഇതില്‍ നിന്നും ആണ് ജലം എടുത്തത്‌ . ഈ ജലാശയത്തില്‍ അങ്ങ് താഴെ പഴയ വിഗ്രഹം ഉണ്ടെന്നും അനേക ശിലകള്‍ അതില്‍ ഉറങ്ങുന്നു എന്നും പഴം നാവുകള്‍ പറഞ്ഞു .

പ്രകൃതി ഒരുക്കിയ ഈ നീര്‍ത്തടത്തില്‍ ഇന്നും ആളറിയാക്കയം ആണ് .ആനയും പുലിയും കടുവയും എല്ലാം ഇതില്‍ നിന്നുമാണ് ദാഹം അകറ്റുന്നത് . ഈ ആഴത്തില്‍ ദ്രാവിഡ ജനതയുടെ ആത്മീയത കുടികൊള്ളുന്നു . ഇനിയും ഏറെ ഉണ്ട് കാഴ്ചകള്‍ . വനത്തിലെ നൂറ്റാണ്ട് മുന്‍പുള്ള ചരിത്രം നേരായ കാഴ്ചകളിലൂടെ കോന്നി വാര്‍ത്ത ഡോട്ട് കോം പകരുന്നു ….


റിപ്പോര്‍ട്ട്‌ : അഗ്നി

error: Content is protected !!