Trending Now

കേന്ദ്ര മന്ത്രി സഭാ തീരുമാനങ്ങള്‍ ( 01/02/2024 )

 

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധുവാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

 

ഇന്ത്യന്‍ ഗവണ്‍മെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗവണ്‍മെന്റും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധൂകരിക്കുന്നതിനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
നിക്ഷേപകരുടെ, പ്രത്യേകിച്ച് വന്‍കിട നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉടമ്പടി, വിദേശ നിക്ഷേപങ്ങളിലും നേരിട്ടുള്ള വിദേശ നിക്ഷേപ അവസരങ്ങളിലും (ഒ.ഡി.ഐ) വര്‍ദ്ധനവിന് കാരണമാകുകയും, ഇതിന് തൊഴില്‍ സൃഷ്ടിക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്താനാകുകയും ചെയ്യും.

ഈ അംഗീകാരം ഇന്ത്യയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

രാസവളത്തിന് (യൂറിയ) 2009 മെയ് മുതല്‍ 2015 നവംബര്‍ വരെയുള്ള കാലയളവില്‍ ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ് മാര്‍ജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

 

രാസവള (യൂറിയ) യൂണിറ്റുകള്‍ക്ക് 2009 മെയ് 1 മുതല്‍ 2015 നവംബര്‍ 17 വരെയുള്ള കാലയളവില്‍ ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ നിര്‍ണ്ണയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഘടനാപരമായ പരിഷ്‌കാരമാണ് ഈ അംഗീകാരം . ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ട അധിക അപകടസാദ്ധ്യതയും ചെലവും പഗണിച്ചുകൊണ്ട് ഗ്യാസ് മാര്‍ക്കറ്റിംഗ് കമ്പനി ഉപഭോക്താക്കളില്‍ നിന്ന് ഗ്യാസിന്റെ വിലയേക്കാള്‍ കൂടുതലായാണ് മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ ഈടാക്കുന്നത്. യൂറിയ, എല്‍.പി.ജി ഉല്‍പ്പാദകര്‍ക്ക് ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ മുന്‍പ് 2015ല്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു.

ഈ അംഗീകാരം വിവിധ രാസവള (യൂറിയ) യൂണിറ്റുകള്‍ക്ക് 2009 മെയ് 01 മുതല്‍ 2015 നവംബര്‍ 15 വരെയുള്ള കാലയളവലേക്ക് 2015 നവംബര്‍ 18ന് തന്നെ അവര്‍ നല്‍കിയിട്ടുള്ള നിരക്കുകളെ അടിസ്ഥാനമാക്കി, ഗാര്‍ഹിക ഗ്യാസിന് നല്‍കിയ വിപണന മാര്‍ജിനുകളുടെ ഘടകത്തില്‍ അധിക മൂലധനം നല്‍കും.

ഗവണ്‍മെന്റിന്റെ ആത്മനിര്‍ഭര്‍ ഭാരത് കാഴ്ചപ്പാടിന് അനുസൃതമായി, നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നതാകും ഈ അംഗീകാരം. വര്‍ദ്ധിച്ച നിക്ഷേപം രാസവളങ്ങളുടെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ഗ്യാസ് അടിസ്ഥാനസൗകര്യ മേഖലയിലെ ഭാവി നിക്ഷേപങ്ങള്‍ക്ക് ഉറപ്പുള്ള ഒരു ഘടകമാകുകയും ചെയ്യും.

മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന നിധി വിപുലപ്പെടുത്തുന്നതിനു കേന്ദ്ര മന്ത്രിസഭാംഗീകാരം

 

അടിസ്ഥാനസൗകര്യ വികസന നിധിക്കു (ഐഡിഎഫ്) കീഴില്‍ 29,610.25 കോടി രൂപ ചെലവില്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഎച്ച്‌ഐഡിഎഫ്) തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ക്ഷീരസംസ്‌കരണം, ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം, മാംസ സംസ്കരണം, മൃഗങ്ങള്‍ക്കുള്ള തീറ്റകൾക്കായുള്ള പ്ലാന്റ്, ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാം, മൃഗങ്ങളുടെ വിസർജ്യത്തിൽനിന്നു സമ്പത്ത് സൃഷ്ടിക്കൽ (കാർഷിക മാലിന്യ പരിപാലനം), വെറ്ററിനറി വാക്‌സിന്‍, മരുന്ന് ഉല്‍പ്പാദന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള നിക്ഷേപത്തിന് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും.

ഷെഡ്യൂള്‍ഡ് ബാങ്ക്, ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍സിഡിസി), നബാര്‍ഡ്, എന്‍ഡിഡിബി എന്നിവയില്‍ നിന്നുള്ള 90% വരെയുള്ള വായ്പകള്‍ക്ക് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ 8 വര്‍ഷത്തേക്ക് 3% പലിശ ഇളവ് കേന്ദ്ര ഗവണ്മെന്റ് നല്‍കും. വ്യക്തികള്‍, സ്വകാര്യ കമ്പനികള്‍, എഫ്‌പിഒ, എംഎസ്എംഇ, സെക്ഷന്‍ 8 കമ്പനികള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ക്ഷീരോല്‍പ്പന്ന കേന്ദ്രങ്ങളുടെ നവീകരണത്തിനുള്ള ആനുകൂല്യങ്ങളും ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കും.

വായ്പ ഉറപ്പ് നിധിയിൽ നിന്ന് 750 കോടി രൂപയുടെ വായ്പയുടെ 25 ശതമാനം വരെ എംഎസ്എംഇ, ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും.

പദ്ധതിയുടെ ആരംഭം മുതല്‍ വിതരണ ശൃംഖലയിലേക്ക് 141.04 എല്‍എല്‍പിഡി (പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍), 79.24 ലക്ഷം മെട്രിക് ടണ്‍ തീറ്റ സംസ്‌കരണ ശേഷി, 9.06 ലക്ഷം മെട്രിക് ടണ്‍ മാംസ സംസ്‌കരണ ശേഷി എന്നിവ ചേര്‍ത്തുകൊണ്ട് എഎച്ച്‌ഐഡിഎഫ് ഇതുവരെ സ്വാധീനം സൃഷ്ടിച്ചു. പാല്‍, മാംസം, മൃഗങ്ങളുടെ തീറ്റ എന്നീ മേഖലകളില്‍ സംസ്‌കരണ ശേഷി 2-4% വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു.

ഇത് മൂല്യവര്‍ദ്ധന, ശീതശൃംഖല, ക്ഷീര-മാസ-അനിമൽ ഫീഡ് യൂണിറ്റുകളുടെ സംയോജിത യൂണിറ്റുകള്‍ മുതല്‍ സാങ്കേതിക സഹായത്തോടെയുള്ള കന്നുകാലി-കോഴി ഫാമുകള്‍, മൃഗമാലിന്യ സമ്പത്ത് പരിപാലനം, വെറ്ററിനറി ഡ്രഗ്‌സ് / വാക്‌സിന്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവ വരെ, കന്നുകാലി മേഖലയില്‍ നിക്ഷേപം നടത്താന്‍ മൃഗസംരക്ഷണ മേഖല നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നു. ഇത് ഈ മേഖലയെ ലാഭകരമായ ‌ഒന്നാക്കി മാറ്റുന്നു.

സാങ്കേതിക സഹായത്തോടെയുള്ള ബ്രീഡ് മൾട്ടിപ്ല‌ിക്കേഷൻ ഫാമുകള്‍, വെറ്റിനറി മരുന്നുകളും വാക്‌സിന്‍ യൂണിറ്റുകളും ശക്തിപ്പെടുത്തല്‍, മൃഗങ്ങളുടെ മാലിന്യ സമ്പത്ത് പരിപാലനം തുടങ്ങിയ പുതിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം, കന്നുകാലി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതി വലിയ അവസരം നല്‍കും.

സംരംഭകത്വ വികസനത്തിലൂടെ 35 ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കന്നുകാലി മേഖലയില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഇതുവരെ ഏകദേശം 15 ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ടോ അല്ലാതെയോ എ.എച്ച്.ഐ.ഡി.എഫിൽനിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, സ്വകാര്യമേഖലയില്‍ നിക്ഷേപം കൊണ്ടുവരിക, സംസ്‌കരണത്തിനും മൂല്യവര്‍ദ്ധനയ്ക്കുമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരിക, കന്നുകാലി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുക എന്നിങ്ങനെയുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയായാണ് എഎച്ച്‌ഐഎഫ് ഉയര്‍ന്നുവരുന്നത്. അർഹരായ ഗുണഭോക്താക്കൾ സംസ്കരണത്തിലും മൂല്യവർധിത അടിസ്ഥാനസൗകര്യങ്ങളിലുമുള്ള അത്തരം നിക്ഷേപങ്ങൾ സംസ്കരിച്ചതും മൂല്യവർധിതവുമായ ഈ ചരക്കുകളുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും.

അതിനാല്‍ എഎച്ച്‌ഐഡിഎഫിലെ പ്രോത്സാഹനത്തിലൂടെയുള്ള നിക്ഷേപം സ്വകാര്യ നിക്ഷേപത്തെ 7 മടങ്ങ് പ്രയോജനപ്പെടുത്തുക മാത്രമല്ല, കൂടുതല്‍ നിക്ഷേപിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയും അതുവഴി ഉൽപ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പൊതുവിതരണ പദ്ധതിക്ക് കീഴില്‍ അന്ത്യോദയ അന്ന യോജന കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡിയുടെ കാലാവധി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

 

പൊതുവിതരണ പദ്ധതി (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി രണ്ട് വര്‍ഷത്തേക്ക് കൂടി (2026 മാര്‍ച്ച് 31 വരെ) നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദര്‍ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ മറ്റൊരു സൂചന എന്ന നിലയില്‍, രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനും രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായവരുടെ പാത്രങ്ങളില്‍ മാധുര്യം ഉറപ്പാക്കുന്നതിനുമായി ഈ പദ്ധതി പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് പഞ്ചസാര ലഭ്യമാക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടും വിധം അവരുടെ ഭക്ഷണത്തില്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. പദ്ധതി പ്രകാരം, പങ്കാളികളായ സംസ്ഥാനങ്ങളിലെ എഎവൈ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു കിലോ പഞ്ചസാരയ്ക്ക് പ്രതിമാസം 18.50 രൂപ സബ്സിഡി നല്‍കുന്നു.ഈ അംഗീകാരത്തോടെ 15-ാം ധനകാര്യ കമ്മിഷന്റെ (2020-21 മുതല്‍ 2025-26 വരെ) കാലയളവില്‍ 1850 കോടി രൂപയിലധികം ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏകദേശം 1.89 കോടി AAY കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PM-GKAY) പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം സൗജന്യ റേഷന്‍ നല്‍കി വരുന്നു. ‘ഭാരത് ആട്ട’, ‘ഭാരത് ദല്‍’, തക്കാളി, ഉള്ളി എന്നിവയുടെ മിതമായ നിരക്കില്‍ വില്‍ക്കുന്നത് PM-GKAY എന്നതിനപ്പുറം പൗരന്മാരുടെ പാത്രത്തില്‍ ആവശ്യത്തിന് ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ്.് സാധാരണ ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകും വിധം ഏകദേശം 3 ലക്ഷം ടണ്‍ ഭാരത് ദാലും (ചന ദാല്‍) ഏകദേശം 2.4 ലക്ഷം ടണ്‍ ഭാരത് ആട്ടയും ഇതിനകം വിറ്റു. ‘എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും പോഷകാഹാരം’ എന്ന മോദി കി ഗ്യാരണ്ടി നിറവേറ്റിക്കൊണ്ട് സബ്സിഡിയുള്ള പരിപ്പ്, ആട്ട, പഞ്ചസാര എന്നിവയുടെ ലഭ്യതയിലൂടെ ഇന്ത്യയിലെ ഒരു സാധാരണ പൗരന് ഭക്ഷണം ഉറപ്പാക്കി.

ഈ അംഗീകാരത്തോടെ, എഎവൈ കുടുംബങ്ങള്‍ക്ക് പിഡിഎസ് വഴി ഒരു കുടുംബത്തിന് പ്രതിമാസം ഒരു കിലോ എന്ന നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യുന്നതിന് പങ്കാളിത്ത സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് തുടരും. പഞ്ചസാര സംഭരിക്കാനും വിതരണം ചെയ്യാനും സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.

 

വസ്ത്രങ്ങള്‍/തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിക്കായി സംസ്ഥാന-കേന്ദ്ര നികുതികളും നിരക്കുകളും ഇളവുചെയ്യുന്നതിനുള്ള പദ്ധതി തുടരുന്നതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 2026 മാര്‍ച്ച് 31 വരെ വസ്ത്രങ്ങള്‍/തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിക്കായി സംസ്ഥാന-കേന്ദ്ര നികുതികളും നിരക്കുകളും ഇളവു ചെയ്യുന്നതിനുള്ള പദ്ധതി (RoSCTL) തുടരുന്നതിന് അംഗീകാരം നല്‍കി.

പദ്ധതി രണ്ട് വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചതിലൂടെ ദീര്‍ഘകാല വ്യാപാരത്തിന് അത്യാവശ്യമായ സ്ഥിരതയുള്ള നയ വ്യവസ്ഥ പ്രദാനം ചെയ്യാനാകും. വിശേഷിച്ച്, ടെക്സ്റ്റൈൽ മേഖലയിൽ ദീര്‍ഘകാല വിതരണത്തിനായി ഓര്‍ഡറുകള്‍ കാലേക്കൂട്ടി നല്‍കാനും കഴിയും.

RoSCTL തുടരുന്നത് നയ വ്യവസ്ഥയിൽ പ്രവചനാത്മകതയും സ്ഥിരതയും ഉറപ്പാക്കുകയും നികുതികളുടെയും ലെവികളുടെയും ഭാരം നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും. “ചരക്കുകളാണ് കയറ്റുമതി ചെയ്യുന്നത്; ആഭ്യന്തര നികുതിയല്ല” എന്ന തത്വത്തിൽ തുല്യമായ ഇടം നൽകുകയും ചെയ്യും.

കേന്ദ്രമന്ത്രിസഭ 31.03.2020 വരെ പദ്ധതിക്ക് അംഗീകാരം നല്‍കുകയും 2024 മാര്‍ച്ച് 31 വരെ RoSCTL തുടരുന്നതിന് അനുമതി നല്‍കുകയും ചെയ്തു. 2026 മാര്‍ച്ച് 31 വരെ നീട്ടിയത് വസ്ത്രങ്ങളുടെയും അനുബന്ധ മേഖലയുടെയും കയറ്റുമതി മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ഇവയുടെ ചെലവു മത്സരാധിഷ്ഠിതമാക്കുകയും കയറ്റുമതി ചെലവു പൂജ്യമാക്കൽ തത്വത്തിൽ അധിഷ്ഠിതമാക്കുകയും ചെയ്യുന്നു. RoSCTL-ന് കീഴിൽ ഉൾപ്പെടാത്ത മറ്റ് ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ (അധ്യായം 61, 62, 63 എന്നിവ ഒഴികെ) മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം RoDTEP-ന് കീഴിലുള്ള ആനുകൂല്യങ്ങൾ നേടാൻ അർഹതയുണ്ട്.

വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള ഡ്യൂട്ടി ഡ്രോബാക്ക് പദ്ധതിക്കു പുറമെ സംസ്ഥാന- കേന്ദ്ര നികുതികൾക്കും നിരക്കുകള്‍ക്കും നഷ്ടപരിഹാരം എന്ന നിലയിലാണ് പദ്ധതി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര സിദ്ധാന്തം അനുസരിച്ച് ചരക്ക് മാത്രം കയറ്റി അയക്കുകയും നികുതി കയറ്റുമതിയില്‍ ഉള്‍പ്പെടാതിരിക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പരോക്ഷ നികുതി ഇളവു ചെയ്യുക മാത്രമല്ല, അതോടൊപ്പം റീഫണ്ട് ചെയ്യാത്ത സംസ്ഥാന-കേന്ദ്ര നികുതിക്കും ഇളവു നൽകുകയെന്ന ഉദ്ദേശ്യവും നിലനില്‍ക്കുന്നു.

സംസ്ഥാന നികുതികളും നിരക്കുകളും ഇളവു ചെയ്യുന്നതില്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ VAT, ക്യാപ്റ്റീവ് പവര്‍, ഫാം സെക്ടര്‍, വൈദ്യുതി നിരക്ക്, കയറ്റുമതി രേഖകളിലെ സ്റ്റാംപ് ഡ്യൂട്ടി, അസംസ്‌കൃത പരുത്തി ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍, രാസവളങ്ങള്‍ തുടങ്ങിയ ചേരുവകൾ, രജിസ്റ്റര്‍ ചെയ്യാത്ത ഡീലര്‍മാരില്‍ നിന്നുള്ള വാങ്ങലുകള്‍, വൈദ്യുതി ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന കല്‍ക്കരി, ഗതാഗത മേഖലയ്ക്കുള്ള ചേരുവകൾ എന്നിവയും ഉള്‍പ്പെടുന്നു. ഗതാഗതത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്മേലുള്ള കേന്ദ്ര എക്‌സൈസ് തീരുവ, അസംസ്‌കൃത പരുത്തി ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കീടനാശിനികള്‍, വളം മുതലായ ചേരുവകൾക്കു നല്‍കുന്ന സിജിഎസ്ടി, രജിസ്റ്റര്‍ ചെയ്യാത്ത ഡീലര്‍മാരില്‍ നിന്നുള്ള വാങ്ങലുകള്‍, ഗതാഗത മേഖലയ്ക്കുള്ള ചേരുവകൾ, ഉള്‍ച്ചേര്‍ത്ത സിജിഎസ്ടി, നഷ്ടപരിഹാര സെസ്സുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കേന്ദ്ര നികുതികളുടെയും നിരക്കുകളുടെയും ഇളവ്.

RoSCTL പ്രധാന നയനടപടിയാണ്. ടെക്സ്റ്റൈല്‍ മൂല്യ ശൃംഖലയിലെ മൂല്യവര്‍ദ്ധിതവും തൊഴിൽ കേന്ദ്രീകൃത വിഭാഗങ്ങളായ വസ്ത്രങ്ങളുടെ ഇന്ത്യന്‍ കയറ്റുമതിയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇതു ഗണ്യമായി സഹായിച്ചിട്ടുണ്ട്. പദ്ധതി രണ്ട് വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചതിലൂടെ ദീര്‍ഘകാല വ്യാപാരത്തിന് അത്യാവശ്യമായ സ്ഥിരതയുള്ള നയ വ്യവസ്ഥ പ്രദാനം ചെയ്യാനാകും. വിശേഷിച്ച്, ടെക്സ്റ്റൈൽ മേഖലയിൽ ദീര്‍ഘകാല വിതരണത്തിനായി ഓര്‍ഡറുകള്‍ കാലേക്കൂട്ടി നല്‍കാനും കഴിയും.

error: Content is protected !!