പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 23/01/2024 )

മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരിയില്‍ പട്ടയം വിതരണം ചെയ്യും: മന്ത്രി കെ. രാജന്‍

സംസ്ഥാനത്ത് മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഫെബ്രുവരി ആദ്യവാരത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള വിപുലമായ മേളക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി രണ്ടേകാല്‍ വര്‍ഷത്തിനുള്ളില്‍ 1,23,000 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തിട്ടുള്ളത്. ഫെബ്രുവരിയിലെ പട്ടയമേളക്ക് ശേഷം ആകെ പട്ടയം ലഭിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിയുമെന്നും ഇത് കേരളത്തിന് മാത്രം അവകാശപെടാനാകുന്ന അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഒരു ദശാബ്ദത്തിന് ഇപ്പുറം നോക്കുമ്പോള്‍ സമാനതകള്‍ ഇല്ലാത്ത മാറ്റങ്ങള്‍ക്കാണ് അടൂര്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്.വികസനമേഖലയില്‍ മണ്ഡലം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി അടൂര്‍ മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തില്‍ എല്ലായിടത്തുമുള്ള രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ നിവാസികള്‍ പട്ടയഭൂമിക്ക് അവകാശികളാവുകയാണ്. ആരോഗ്യമേഖലയിലും മണ്ഡലത്തില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാന്‍ ഏറെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അടൂരില്‍ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള രോഗികള്‍ ചികിത്സക്കെത്തുന്ന ആരോഗ്യകേന്ദ്രമാണ് തുവയൂര്‍ മാഞ്ഞാലി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പേവാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആരോഗ്യമേഖലയില്‍ അടൂര്‍ മണ്ഡലത്തില്‍ നിരവധി വികസനപദ്ധതികള്‍ നടപ്പാക്കാന്‍ എംഎല്‍എ എന്ന നിലയില്‍ സാധിച്ചിട്ടുണ്ടെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി. രാധാകൃഷ്ണന്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സനില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

 

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് നമ്മുടെ മുദ്രാവാക്യം: മന്ത്രി കെ. രാജന്‍
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സംസ്ഥാന റവന്യു വകുപ്പിന്റെ  ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു.

പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരേയും ഭൂമിക്ക് അവകാശികളാക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനമാണ്  ഇന്ന്  സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പട്ടയമിഷനും എംഎല്‍എ ചെയര്‍മാനായി പട്ടയ അസ്സംബ്ലിയും രൂപീകരിക്കുന്നതെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് കഴിവതും വേഗം സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ  ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസ് എന്നാല്‍ രേഖകള്‍ കെട്ടിക്കിടക്കുന്ന  ഒരു കെട്ടിടം എന്നതിനു വിഭിന്നമായി, എല്ലാ ജനങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ സേവനം എത്തിക്കുന്നതിനുള്ള ഒരിടമാവണം എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. കേരളത്തില്‍ നിലവിലുള്ള വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും മുതല്‍ സെക്രട്ടറിയേറ്റ് വരെ ഹൈടെക് ആവുന്ന തരത്തിലുള്ള മനോഹരമായ ഡിജിറ്റലൈസേഷന് കേരളം സാക്ഷിയാവുകയാണ്.   ഒരു സേവനവകുപ്പ് എന്ന നിലയില്‍ വര്‍ധിക്കുന്ന ജോലിഭാരത്തിനു അറുതി വരുത്തുന്നതിനും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

അടൂര്‍ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യത്തിലേക്ക് നാം പൂര്‍ണ്ണമായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ താലൂക്ക് ഓഫീസ് സ്മാര്‍ട്ടായി കഴിഞ്ഞു.  പ്ലാന്‍ പദ്ധതി 2021-22ല്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍  50 ലക്ഷം രൂപ ചെലവഴിച്ചാണ്  പുതുതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണികഴിപ്പിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നതിന് ശേഷം നിരവധി റവന്യു  പരിഷ്‌കാരങ്ങള്‍ വിജയകരമായി  നടപ്പാക്കിയിട്ടുണ്ടെന്നും  ജനങ്ങള്‍ക്ക്  മെച്ചപ്പെട്ട സംവിധാനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

പള്ളിക്കല്‍ വില്ലേജിലെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നുള്ള 22 ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ പട്ടയം വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി. രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ്,  ജില്ലാ പഞ്ചായത്ത്  അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സനില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

 

സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും വൈദ്യുതി എത്തിക്കും :  മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി എത്തിക്കുമെന്ന്  വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അടൂര്‍, ഏനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏനാത്ത് സെന്റ് കുര്യാകോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം 2017 ല്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് കഴിഞ്ഞു.  ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ  വനാന്തരങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതിയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന കോളനികളില്‍ താമസിക്കുന്നവര്‍ക്കായി ഒരു ഹരിതോര്‍ജ്ജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ഏഴര വര്‍ഷംകൊണ്ട്  98 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പള്ളിവാസല്‍ ജലവൈദ്യുതിപദ്ധതിയുള്‍പ്പടെ  211മെഗാ വാട്ട് ശേഷിയുള്ള ജല വൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ജില്ലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ തടസം നേരിടാത്ത രീതിയില്‍ വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ച ഭരണാനുമതി ലഭിച്ച പന്തളം, പള്ളിക്കല്‍,പറന്തല്‍ എന്നീ മൂന്ന് സബ്‌സ്റ്റേഷനുകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുത മേഖലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച  ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  പറഞ്ഞു. പ്രസരണശേഷി കൂട്ടാന്‍ കൂടുതല്‍ സബ്‌സ്റ്റേഷനുകള്‍ ആവശ്യമാണ്. എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ എത്തിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വൈദ്യുത ഉല്‍പാദനരംഗത്ത് സംസ്ഥാനം വികസനവീഥിയിലാണെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കെ.എസ്.ഇ.ബി ലിമിറ്റഡ് അടൂര്‍, ഏനാത്ത് വിഭാഗത്തിനുകീഴിലുള്ള 66 കെ വി  സബ്‌സ്റ്റേഷനുകളായ അടൂര്‍, ഏനാത്ത് എന്നിവയാണ് 110 കെ വി നിലവാരത്തിലേക്ക് ഉയര്‍ത്തിയത് .ഏനാത്ത് സെന്റ് കുര്യാകോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇബി ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍ ആന്‍ഡ് പ്ലാനിങ് ഡയറക്ടര്‍ സജീവ് പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

15 കോടി 45 ലക്ഷം രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ സമീപപ്രദേശങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ്. അടൂര്‍ സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന അടൂര്‍ മുനിസിപ്പാലിറ്റി, ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമണ്‍, പള്ളിക്കല്‍, ഏനാദിമംഗലം എന്നീ പഞ്ചായത്തുകളും ഏനാത്ത് സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഏറത്ത്, കടമ്പനാട്, പട്ടാഴി പട്ടാഴി വടക്കേക്കര, കുളക്കട, തലവൂര്‍, ഏഴംകുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, ജില്ലാ പഞ്ചായത്തഗം സി കൃഷ്ണകുമാര്‍, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ ജയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എ താജുദ്ധീന്‍, രാധാമണി ഹരികുമാര്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

ജില്ലയുടെ വൈദ്യുതശൃംഖലാവികസനത്തിന് പുതിയ നാഴികക്കല്ല്
അടൂര്‍, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ നിലവാരം 66 ല്‍ നിന്ന് 110 കെവി യിലേക്ക് ഉയര്‍ത്തി
ജില്ലയുടെ വൈദ്യുതശൃംഖലാ വികസന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഒരു നാഴികക്കല്ലാണ് സബ്‌സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തല്‍. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള വികസനകുത്തിപ്പിനെ എത്തി പിടിക്കാന്‍ ജില്ലയുടെ പശ്ചാത്തല വികസന സൗകര്യങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണിത്.
സംസ്ഥാന സര്‍ക്കാരിന്റെയും  കെ.എസ്.ഇ.ബി. ലിമിറ്റഡിന്റേയും സംയുക്തനേതൃത്വത്തില്‍ പ്രസരണനഷ്ടം ഗണ്യമായി കുറക്കുന്നതിനും ഇടതടവില്ലാതെ ഗുണമേന്മയുള്ള  വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലേക്കുമായി നിലവിലുള്ള 66 കെ.വി സബ്‌സ്റ്റേഷനുകള്‍ 110കെ.വി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികള്‍  സംസ്ഥാനത്താകെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന അടൂര്‍, ഏനാത്ത് സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. അടൂര്‍ 66 കെ വി സബ്‌സ്റ്റേഷനില്‍ നിന്നാണ് അടൂര്‍ നഗരസഭാ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വൈദ്യുതി വിതരണം നടത്തിയിരുന്നത്. 1970 ല്‍ സ്ഥാപിതമായ  സബ്‌സ്റ്റേഷനിലേക്ക് ഇടപ്പോണ്‍ 220കെ .വി സബ്‌സ്റ്റേഷനില്‍ നിന്നാണ് 66കെ.വി നിലവാരത്തിലുള്ള വൈദ്യുതി എത്തിച്ചിരുന്നത്.
അടൂര്‍, ഏനാത്ത് സ്റ്റേഷനുകള്‍ 110 കെ വി നിലവാരത്തിലേക്ക് ഉയരുന്നതോടെ സബ്‌സ്റ്റേഷനിലേക്ക് എത്തുന്ന വൈദ്യുതിയുടെ പ്രസരണനഷ്ടം കുറയുകയും ഉപഭോക്താകള്‍ക്ക് കൃത്യമായി വോള്‍ട്ടേജ് നിലവാരത്തില്‍ ഗുണമേന്മയുള്ള വൈദ്യുതി തടസരഹിതമായ വിതരണം ചെയ്യുവാനും സാധിക്കും.
ഏനാത്ത് സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25 എംവിഎ ആണ്. അഞ്ചുകോടി 50 ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്ന ഈ പദ്ധതി അഞ്ചുകോടി 20 ലക്ഷം രൂപയ്ക്കാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏഴംകുളം, ഏറത്ത്,  കടമ്പനാട്, പട്ടാഴി,  കുളക്കട, തലവൂര്‍ എന്നീ പഞ്ചായത്തുകളിലെ 56,000ത്തില്‍  പരം ഉപഭോക്താക്കള്‍ക്ക്  സബ്‌സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം പരമാവധി കുറയ്ക്കുന്നതിലേക്കായി ഘട്ടം ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍ ഉണ്ടായിരുന്ന 65 കെ വി ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റി 110കെ.വി നിലവാരത്തില്‍ 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്.
ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായുള്ള ശബരി ലൈന്‍ പാക്കേജുമായി ബന്ധപ്പെട്ടാണ് അടൂര്‍ സബ്‌സ്റ്റേഷനിലേക്ക് 110 കെ വി  വൈദ്യുതി എത്തിക്കാനുള്ള പത്തനംതിട്ട എം സിഎംവി ലൈനിന്റെ നിര്‍മ്മാണം നടത്തിയത്.
നിലവില്‍ അടൂര്‍ സബ്‌സ്റ്റേഷന്റെ സ്ഥാപിതശേഷി 25എം വി എ ആണ്. വൈദ്യുതി ആവശ്യകത മുന്‍നിര്‍ത്തി ഇത് 60 എംവിഎ വരെ ഉയര്‍ത്തുവാനും സാധിക്കും.
ഒന്‍പത് കോടി 95 ലക്ഷം രൂപ അടങ്കല്‍ തുക കണക്കാക്കിയിരുന്ന ഈ പദ്ധതി 8 കോടി 50 ലക്ഷംരൂപയ്ക്കാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്. അടൂര്‍ നഗരസഭയ്ക്ക് പുറമേ ഏഴംകുളം, പന്തളം- തെക്കേക്കര, കൊടുമണ്‍, തെങ്ങമം-പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തലുകളിലെ 72,000-ല്‍പരം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2019ല്‍ ഏനാത്ത് ഇളംഗമംഗലത്ത് സ്ഥാപിതമായ 66 കെ.വി. ഏനാത്ത് സബ്‌സ്റ്റേഷനും അനുബന്ധമായി നിര്‍മ്മിച്ച 11.04 കിലോമീറ്റര്‍ അടൂര്‍-ഏനാത്ത് 66കെ.വി. സിംഗിള്‍ സര്‍ക്യൂട്ട് ലൈനും ഭാവിയിലെ വികസന സാധ്യത മുന്നില്‍ക്കണ്ട് നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ 110കെ.വി നിലവാരത്തിലാണ് പൂര്‍ത്തീകരിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന അടൂര്‍-ഏനാത്ത് ലൈന്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ആയി ഉയര്‍ത്തുകയും ഏനാത്ത് സബ്‌സ്റ്റേഷനില്‍ നിലവില്‍ ഉണ്ടായിരുന്ന 66കെ.വി. 10 എംവിഎ  ട്രാന്‍സ്‌ഫോമര്‍ മാറ്റി പകരം 110കെ.വി. നിലവാരത്തിലുള്ള 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചുമാണ് സബ്‌സ്റ്റേഷന്റെ നിലവാരം 110കെ.വി യിലേക്ക് ഉയര്‍ത്തിയത്
ഭൂമി തരം മാറ്റല്‍ അദാലത്ത് :അടൂര്‍ റവന്യൂ ഡിവിഷനില്‍  233 അപേക്ഷകള്‍ തീര്‍പ്പാക്കി
ഭൂമി തരം മാറ്റല്‍ അദാലത്തില്‍  അടൂര്‍ റവന്യൂ ഡിവിഷനില്‍ സൗജന്യ തരം മാറ്റം അനുവദിച്ച് 233 അപേക്ഷകള്‍ തീര്‍പ്പാക്കി ഉത്തരവ് കൈമാറി. അടൂര്‍ മേലേടത്ത് ഓഡിറ്റോറിയത്തില്‍ നടന്ന  അദാലത്ത് റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.  സൗജന്യ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നല്‍കിയത്. ഭൂമി തരംമാറ്റി ലഭിക്കാനായി വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്കാണ് അദാലത്ത് ആശ്വാസമായത്.
ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ലാ കളക്ടര്‍ എ ഷിബു, എഡിഎം ബി ാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു
മാരാമണ്‍ കണ്‍വന്‍ഷന്‍ :
സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഫെബ്രുവരി ഒന്‍പതോടെ
പൂര്‍ത്തിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും

മാരാമണ്‍ കണ്‍വന്‍ഷന്‍ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഫെബ്രുവരി ഒന്‍പതോടെ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും ചരിത്രപരമായ ദൗത്യമായാണ് കാണുന്നത്. തീക്ഷ്ണമായ ഭക്തിയെന്ന വികാരത്തെ അനുഭവവേദ്യമാക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്‍വന്‍ഷന്‍ നഗറിലേക്ക് എത്തുന്നതെന്നും ഒരു പിഴവുകളുമില്ലാതെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തലമുറകളായി കൈമാറി വരുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ ആത്മീയ പാരമ്പര്യം ചരിത്രമാണെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ദൈവമെന്ന വെളിച്ചത്തിലേക്ക് എത്താനും ഹൃദയത്തെ നൈര്‍മല്യമാക്കാനും കണ്‍വന്‍ഷനിലൂടെ സാധിക്കും. ഒരുപാട് ആളുകളുടെ പങ്കാളിത്തമുള്ള കണ്‍വന്‍ഷന്‍ സംഘാടനത്തിലെ ഭദ്രത കൊണ്ട് ശ്രദ്ധേയമാകണമെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇക്കാര്യത്തിലുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. മണിയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ദിവസേനയുള്ള പരിശോധന കര്‍ശനമാക്കും. വെള്ളത്തിന്റെ അളവ് കൂടിയാല്‍ കക്കി ഡാമില്‍ ശേഖരിക്കുകിനുള്ള സൗകര്യവും ഉറപ്പാക്കും. താത്കാലിക പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കും. അപകടസാധ്യതയുള്ള കടവുകളില്‍ സുരക്ഷാ ബോര്‍ഡുകള്‍ ആറ് ഭാഷകളില്‍ സ്ഥാപിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ 24 മണിക്കൂറും കുടിവെള്ളം കിട്ടുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് ആര്‍ ഒ യൂണിറ്റുകള്‍ സജ്ജീകരിക്കും. 12 കിയോസ്‌ക്കുകളിലായാണ് ജലം വിതരണം നടത്തുക. ശുദ്ധത പരിശോധിച്ച് ഉറപ്പാക്കുന്നതിനായി പ്രത്യേക സംഘമുണ്ടായിരിക്കും.
മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നടത്തിയ യോഗത്തില്‍ ദുരന്തവിഭാഗം ഡെപ്യുട്ടികളക്ടര്‍ ടി ജി ഗോപകുമാര്‍, മാര്‍ത്തോമ സുവിശേഷപ്രസംഗസംഘം ഭാരവാഹികളായ റവ.എബി കെ ജോഷ്വാ (ജനറല്‍സെക്രട്ടറി), പ്രൊഫ. ഏബ്രഹാം പി മാത്യു, റവ.ജിജി വര്‍ഗീസ്, ഡോ. എബി തോമസ് വാരിക്കാട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, പത്തനംതിട്ട സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഹരികൃഷ്ണന്‍, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ജി കാര്‍ത്തിക, വിവിധ വകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് :
ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പത്ത്‌ലക്ഷമാക്കി ഉയര്‍ത്തി

വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ 112 -ാമത് അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി നാല് മുതല്‍ 11 വരെ നടത്തുന്ന ഹിന്ദുമത പരിഷത്തിനായി എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെ ഇറിഗേഷന്‍ വകുപ്പ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കും. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് മികവുറ്റതാക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടേയും സംഘാടകസമിതിയുടേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ഉണര്‍വ് നല്‍കുന്ന മതേതര കാഴ്ചപ്പാടാണെന്നും അത് വര്‍ഷംതോറും മെച്ചപ്പെടുത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും പരിഷത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക ഇത്തവണ പത്ത്‌ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാതി-മതഭേദമന്യേ ആളുകള്‍ പങ്കെടുക്കുന്ന പരിഷത്ത് ഏറ്റവും സുഗമമായ രീതിയില്‍ നടത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പമ്പയുടെ തീരത്തെ വെളിച്ചമാണ് പരിഷത്ത്. പരിഷത്ത് കഴിയുമ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മാതൃകയാകണം. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി പ്രത്യേക പ്ലാന്‍ ഉണ്ടാക്കണം.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.  പരിഷത്ത് നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തും. പരിഷത്ത് നഗറിന്റെ പരിസരത്തുള്ള കാടും പടര്‍പ്പുകളും മണ്‍പുറ്റുകളും ഉടനടി മേജര്‍ ഇറിഗേഷന്‍ നീക്കം ചെയ്യും. പരിഷത്ത് നഗറിലേക്കുള്ളത് ഉള്‍പ്പെടെയുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം നടത്തും.
പരിഷത്തിന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. അയിരൂര്‍- ചെറുകോല്‍പ്പുഴയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിക്കും.  വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേത് പോലെ ഏര്‍പ്പെടുത്തും.
ഡിസ്‌പെന്‍സറുകളുടേയും ടാപ്പുകളുടേയും എണ്ണം കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിപ്പിക്കും. രണ്ട് ആര്‍.ഒ യൂണിറ്റുകളും അഞ്ച് വാട്ടര്‍ കിയോസ്‌ക്കുകളും പരിഷത്ത് നഗറില്‍ സ്ഥാപിക്കും. പരിഷത്ത് നഗറില്‍ ആരോഗ്യവകുപ്പ് പ്രഥമശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. നഗറില്‍ താത്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
പരിഷത്ത് നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നിര്‍വഹിക്കും. പോലീസ് കണ്‍ട്രോള്‍ റൂം പരിഷത്ത് നഗറില്‍ ആരംഭിക്കും. പരിഷത്ത് നഗറിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂര്‍ത്തിയാക്കും.
റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. പരിഷത്ത് കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താത്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിക്കും.
അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍, ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍, സെക്രട്ടറി എ ആര്‍ വിക്രമന്‍പിള്ള, വൈസ് പ്രസിഡന്റ് കെ ഹരിദാസ്, റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി അംബിക, പത്തനംതിട്ട സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഹരികൃഷ്ണന്‍, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ജി കാര്‍ത്തിക തുടങ്ങിയവര്‍ പങ്കെടുത്തു
തിരുവാഭരണ ഘോഷയാത്രാ സംഘം 24ന്
പന്തളത്ത് തിരിച്ചെത്തും
ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം ഇന്ന് (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്. മകരവിളക്ക് മഹോത്സവത്തിന് ശേഷം 22-ന് നടയടച്ച ശേഷമാണ് തിരുവാഭരണഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക്  എത്തുന്നത്.
(23ന്) വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷമാണ് ഇന്ന് പന്തളത്തേക്ക് എത്തുക. ആറന്മുള മങ്ങാട്ട് കൊട്ടാരത്തില്‍ ആഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്ന് വച്ചിരുന്നു.  ഇന്ന്(ബുധന്‍) പുലര്‍ച്ചെ  ആറന്മുളയില്‍ നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴിയാണ് രാവിലെ ഏഴ് മണിക്ക് പന്തളത്ത് എത്തിച്ചേരുക.
പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെത്തുന്ന ആഭരണപ്പെട്ടികള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറക്കുന്നത്.
ചീര ഗ്രാമം പദ്ധതി വിളവെടുപ്പ് ആരംഭിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ ചീര ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. അഞ്ച് മുതല്‍ 25 സെന്റ് വരെയുള്ള കര്‍ഷകരുടെ കൃഷിസ്ഥലങ്ങളിലായി 6.84 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്തിയത്.
പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ഒന്നരലക്ഷം രൂപ ചിലവഴിച്ചു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, കൃഷി ഓഫീസര്‍ ശുഭജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സന്തോഷ്, കൃഷി അസിസ്റ്റന്റ്മാരായ ജസ്റ്റിന്‍ സുരേഷ്, അനിതകുമാരി, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്
പന്തളം ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ പന്തളം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് പന്തളം മുനിസിപ്പാലിറ്റിയില്‍ സ്ഥിരം താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പത്താംക്ലാസ് പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലും പത്താംക്ലാസ് പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം  01/01/2024 ല്‍ 18 നും 46 നും മദ്ധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി 31. അപേക്ഷാ ഫാറം പന്തളം ഐ സി ഡി എസ് ഓഫീസ്, പന്തളം മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹെല്‍പ് ഡസ്‌ക് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍ :0473 4256765.

ടെന്‍ഡര്‍
റാന്നി ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുള്ള 5 പഞ്ചായത്തുകളിലെ 119 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക്  രണ്ടുവരെ.
ഫോണ്‍: 9496207450.

അംഗത്വം പുന:സ്ഥാപിയ്ക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുളള സമയപരിധി ജനുവി 31 ന് അവസാനിക്കും. കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും ഇനി ഒരു അവസരം ലഭിയ്ക്കാത്തതിനാല്‍ അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കുടിശിക അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468-2327415.

മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രാവീണ്യം നേടാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി  അഞ്ച് ദിവസത്തെ മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്  ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും.  സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി 29  മുതല്‍ ഫെബ്രുവരി രണ്ടുവരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലാണ്  പരിശീലനം. പരിശീലനം സൗജന്യം.  താല്‍പര്യമുള്ളവര്‍ ജനുവരി 27 ന്  മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍:  0484 2532890, 2550322, 9946942210.
error: Content is protected !!