konnivartha.com/ വടശേരിക്കര: ഐക്യ കർഷക സംഘം വടശ്ശേരിക്കര പഞ്ചായത്ത് കൺവൻഷൻ നടത്തി. റാന്നി മണ്ഡലം പ്രസിഡന്റ് ഷിബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നി ഉത്‌ഘാടനം ചെയ്തു.
പഞ്ചായത്തിലെ ചെറുകിട കർഷകർ നേരിടുന്ന വെല്ലുവിളികൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ വിലയിടിവ് താങ്ങാനാകാതെ കർഷകർ വലയുകയാണ്. ഉത്പാദന ചെലവ് ലഭിക്കുന്ന വിലയേക്കാൾ കൂടുതലാണ്. ഇതുമൂലം റബ്ബർ കർഷകരുടെ തോട്ടങ്ങളിൽ ടാപ്പിംഗ് മുടങ്ങിയതിനാൽ തോട്ടങ്ങളിലെ അടിക്കാടുകളിൽ കാട്ടുപന്നികൾ പെറ്റുപെരുകി മറ്റു കർഷകരുടേയും തൊഴിലാളികളുടേയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്.
പഞ്ചായത്ത് അധികൃതർ തോട്ടം ഉടമകളോട് കാടുകൾ തെളിച്ചിടാൻ നിർദ്ദേശിക്കുകയോ, പഞ്ചായത്തു നേരിട്ട് തൊഴിലുറപ്പു തൊഴിലാളികളെകൊണ്ട് തെളിപ്പിക്കുകയോ വേണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ ഐക്യ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായപ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി ജോൺസ് യോഹന്നാൻ, പി എം ചാക്കോ ,സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ആർ കൈമൾ (പ്രസിഡന്റ്) സന്തോഷ് (സെക്രട്ടറി ) ശ്രീജിത്ത് (വൈസ്.പ്രസിഡന്റ് ) സജികുമാർ (ജോയിന്റ് സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്തു കമ്മിറ്റി പുനഃസംഘടിപ്പിച്ചു.