ഉദ്ഘാടനം (23)
തുവയൂര്‍ മാഞ്ഞാലി ഈശ്വരന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡിന്റെ ഉദ്ഘാടനം (23) ന് രാവിലെ 11ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തീയതി നീട്ടി
സംസ്ഥാനത്തെ ടോപ് ക്ളാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ ഒന്‍പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചു.
വെബ്‌സൈറ്റ്: http://scholarships.gov.in
ഫോണ്‍: 0474-2914417 (പിഎന്‍പി 194/24)
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ വികസവകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ട, നിര്‍ഭയ സെല്‍ മുഖാന്തിരം പഞ്ചായത്ത് തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധനലകലാ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി യൂണിഫോം ടി-ഷര്‍ട്ട് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി : ക്വട്ടേഷന്‍ സ്വീകരിക്കുന്ന ജനുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്കായി ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍- 0468 2319998, ഇ മെയില്‍ : [email protected]
ടെണ്ടര്‍
റാന്നി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിനു കീഴിലുള്ള നാലു പഞ്ചായത്തുകളിലെ 107 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത് ഉച്ചയ്ക്ക് 12 വരെ. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത് ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി പെരുനാട്, മഠത്തുംമൂഴി ശബരിമല ഇടത്താവളം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 8281865257
അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും വകുപ്പിന് കീഴിലുള്ള മറ്റ് എം ആര്‍ സ്സുകളിലേക്കും 2024-25 അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കാത്ത, ഈ അദ്ധ്യയന വര്‍ഷം നാലാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിള്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പട്ടിക ജാതി,മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുപാതികമായി പ്രവേശനം നല്‍കും. അപേക്ഷയോടോപ്പം കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ , ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തണം. ട്രെബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി എന്ന വിലാസത്തിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, റാന്നി എന്ന വിലാസത്തിലോ www.stmrs.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായോ ഫെബ്രുവരി 20ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍: 04735 227703, 04735 221044, 9496070349, 9496070336
ജില്ലാ വികസന സമിതി യോഗം 27ന്
ജനുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം 27ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
ടെന്‍ഡര്‍
ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം ആവശ്യമായ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങളുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ചിന് പകല്‍ മൂന്നുവരെ. അപേക്ഷകള്‍ ലഭിക്കേണ്ട മേല്‍വിലാസം:ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കീഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല,
ഫോണ്‍ – 0469 2610016, 9188959679
ഇമെയില്‍: [email protected]
നോര്‍ക്ക-ഇന്ത്യന്‍ബാങ്ക് ലോണ്‍ മേള ജനുവരി 24ന് തിരുവല്ലയില്‍; ഇപ്പോള്‍ അപേക്ഷിക്കാം
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി ജനുവരി 24ന് തിരുവല്ലയില്‍ വായ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍ ഡി പി ആര്‍ ഇ എം പദ്ധതി പ്രകാരം കാവുംഭാഗം ആനന്ദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം.
www.norkaroots.org/ndpr-em എന്ന വെബ്സൈറ്റിലൂടെ എന്‍ ഡി പി ആര്‍ ഇ എം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. വേദിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. പാസ്സ്പോര്‍ട്ട് കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതം പങ്കെടുക്കണം. ഒരു ലക്ഷംരൂപ മുതല്‍ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭക പദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് വഴി സംരംഭകര്‍ക്ക് നല്‍കിവരുന്നു. സംശയങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ്‌കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് :
വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍
പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്
അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് പരിഷത്ത് നടക്കുക.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പരിഷത്ത് നഗറില്‍ സജ്ജമായിരിക്കണം. ആംബുലന്‍സ്, ഡോക്ടര്‍മാര്‍ , ബോധവത്ക്കരണസ്റ്റാള്‍ , ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തണം. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. പമ്പാനദിയുടെ കടവുകളിലും അപകടകരമായ ഇടങ്ങളിലും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കണം. രാത്രി ഒന്‍പത് മണി വരെ പ്രഭാഷണം കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ക്ക് തിരിച്ച് പോകാന്‍ ആവശ്യമായ രീതിയില്‍ കെഎസ്ആര്‍ടിസി അധികസര്‍വീസുകള്‍ ഏര്‍പ്പെടുത്തണം. അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും, മാലിന്യനിര്‍മാര്‍ജ്ജനവും നടത്തണം. പരിഷത്ത് നഗറില്‍ ഇ-ടോയ്‌ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് പ്രത്യേകം പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കണം. റോഡിന്റെ വശങ്ങളിലെ കാടുകളും മണ്‍പുറ്റുകളും നീക്കം ചെയ്യണം. എഴുമറ്റൂര്‍-പുളിമുക്ക് റോഡിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അവലോകനയോഗത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പമ്പാനദിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാലിന്യനിര്മാര്ജ്ജനപ്രവര്ത്
അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഏകോപനത്തിനായി ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടറിനും റാന്നി തഹസില്‍ദാരേയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
എല്ലാ വകുപ്പുകളും ഒരുമിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. 22 ന് രാവിലെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെന്നും ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് കെട്ടിടവിഭാഗം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി വി അജിത്ത്, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍, സെക്രട്ടറി എ ആര്‍ വിക്രമന്‍ പിള്ള, വൈസ് പ്രസിഡന്റ് കെ ഹരിദാസ് , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാരാമണ്‍ കണ്‍വന്‍ഷന്‍: വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രഥമയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്‍വന്‍ഷന്‍ നഗറിനു സമീപമുള്ള നദീതീരങ്ങളിലും അപകടസാധ്യത കൂടിയ മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തണം. ഇത്തരം മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ജലാശയങ്ങളില്‍ ഇറങ്ങുന്നത് തീര്‍ഥാടകര്‍ ഒഴിവാക്കണം. കണ്‍വന്‍ഷന്‍ നഗറില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് ക്രമീകരിക്കണം. സ്‌കൂബാ ഡൈവിങ് ടീമിന്റെ സേവനം ഉറപ്പാക്കണം. ക്രമാസമാധാനപാലനം, സുരക്ഷ, പാര്‍ക്കിംഗ് ഗതാഗതം എന്നിവ സംബന്ധിച്ച ക്രമീകരങ്ങള്‍ പോലീസ് വകുപ്പ് സജ്ജമാക്കണം. മഫ്തി, വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. കോഴഞ്ചേരിയിലും നെടുംപ്രയാറിലും കണ്ട്രോള്‍ റൂം സ്ഥാപിക്കണം. കണ്‍വന്‍ഷന്‍ നഗറില്‍ ആംബുലന്‍സ് സൗകര്യത്തോട് കൂടി പൂര്‍ണ്ണസജ്ജമായ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയും സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനസമയം ക്രമീകരിച്ച് സജ്ജമാക്കണം. അണുനശീകരണവും ശുചീകരണപ്രവര്‍ത്തങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന തുടങ്ങിയവ തടയുന്നതിനുള്ള നടപടികള്‍ എക്സൈസ് സ്വീകരിക്കണം.
കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്തു നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. റോഡ് സൈഡിലുള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്നും യാചക നിരോധനം ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനമായി. ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും മാലിന്യനിര്‍മാജനം കുറ്റമറ്റ രീതിയില്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് മണിക്കൂറില്‍ 1000 ലിറ്റര്‍ ശേഷിയുള്ള രണ്ട് ആര്‍.ഓ യൂണിറ്റുകളും താത്കാലിക ടാപ്പുകളും അടക്കമുള്ള ക്രമീകരണങ്ങള്‍ വാട്ടര്‍ അതോറിറ്റി സജ്ജീകരിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിച്ച് ഉറപ്പു വരുത്തണം. പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തും. കണ്‍വന്‍ഷന്‍ നഗറിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കണം. തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കുന്നതിനുള്ള നടപടി കെ.എസ്.ഇ.ബി സ്വീകരിക്കണം. പമ്പ ഇറിഗേഷന്‍ വിഭാഗം മണിയാര്‍ ഡാമില്‍ നിന്നുമുള്ള ജലനിര്‍ഗമനം നിയന്ത്രിക്കണം. പമ്പ നദിയിലെ ജല വിതാനം ക്രമീകരിക്കണമെന്ന് മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍ സര്‍ക്കിളിന് നിര്‍ദേശം നല്‍കി. സമ്മേളന സ്ഥലത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്തി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മലബാര്‍ മാര്‍ത്തോമ്മ സിറിയന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ പ്രസിഡന്റ് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലോക്സിനോസ്, ജനറല്‍ സെക്രട്ടറി എബി കെ. ജോഷ്വ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ഞനിക്കര പെരുന്നാള്‍ :
വകുപ്പുതല ക്രമീകരണങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി വീണാജോര്‍ജ്
മഞ്ഞനിക്കര പെരുന്നാളിനായുള്ള വകുപ്പുകളുടെ ക്രമീകരണങ്ങള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 92 ാമത് മഞ്ഞനിക്കര പെരുന്നാളിന്റെ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി നാല് മുതല്‍ പത്ത് വരെ നടക്കുന്ന പെരുന്നാളില്‍ 9, 10 തീയതികളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളത്. അത് കണക്കിലെടുത്ത് വേണ്ട കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആ ദിവസങ്ങളില്‍ നടത്തണം. പൊലീസിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കണം. മഫ്തി പൊലീസ്, വനിതാ പൊലീസ് തുടങ്ങിയവരെ ഏര്‍പ്പെടുത്തണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പരിഷത്ത് നഗറില്‍ സജ്ജമായിരിക്കണം. ആംബുലന്‍സ്, ഡോക്ടര്‍മാര്‍ , ബോധവത്ക്കരണസ്റ്റാള്‍ , ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തണം. പദയാത്രയ്ക്കായി റോഡിന്റെ ഇരുവശങ്ങളിലേയും കാടുകള്‍ വെട്ടിത്തെളിക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. കെഎസ്ആര്‍ടിസി താത്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിപ്പിക്കുകയും ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടാക്കുകയും ചെയ്യണം. ആവശ്യത്തിന് കുടിവെള്ളം, വൈദ്യുതി എന്നിവ ഉണ്ടാകണം. ഓമല്ലൂര്‍ പഞ്ചായത്തിന്റെയും ചെന്നീര്‍ക്കര പഞ്ചായത്തിന്റേയും നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനം നടത്തണമെന്നും തീര്‍ഥാടകരെത്തുന്ന പരമ്പുഴ കടവില്‍ ആവശ്യത്തിന് ആവശ്യത്തിന് വെളിച്ചവും ഇ-ടോയ്‌ലെറ്റ് സംവിധാനവും മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
മികച്ച രീതിയില്‍ പെരുന്നാള്‍ പൂര്‍ത്തിയാക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. പെരുന്നാളിന്റെ ഏകോപനത്തിനായി അടൂര്‍ ആര്‍ഡിഒയ്ക്കും കോഴഞ്ചേരി തഹസില്‍ദാര്‍ക്കും കളക്ടര്‍ ചുമതല നല്‍കി.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പൊലീസ് മേധാവി വി അജിത്ത്, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, മാടപ്പാട്ട് കോര്‍ എപ്പിസ്‌കോപ്പ ഫാ.ജേക്കബ് തോമസ്, ഫാ. ബെന്‍സി മാത്യു, കെ.ടി വര്‍ഗീസ് , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാശനം ചെയ്തു
ജില്ലയില്‍ ആകെ 10,39,099 വോട്ടര്‍മാര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക ആറന്മുള മണ്ഡലത്തിലെ ബിഎല്‍ഒയ്ക്ക് നല്‍കി കളക്ടറുടെ ചേംബറില്‍ വച്ച് ജില്ലാ കളക്ടര്‍ എ ഷിബു പ്രകാശനം ചെയ്തു.
പുതിയ വോട്ടര്‍പട്ടിക പ്രകാരം 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പടെ ജില്ലയില്‍ ആകെ 10,39,099 വോട്ടര്‍മാരാണ് ഉള്ളത്. 2021-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2611 വോട്ടര്‍മാരുടെ വര്‍ധന. ജില്ലയില്‍ ആകെ 7669 കന്നിവോട്ടര്‍മാരാണുള്ളത്. അതില്‍ 3885 പേര്‍ പുരുഷന്മാരും 3784 പേര്‍ സ്ത്രീകളുമാണ്. 20 നും 60നും ഇടയ്ക്ക് പ്രായപരിധിയില്‍ വരുന്ന ഏഴ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമുണ്ട്. 40 നും 49നും ഇടയ്ക്ക് പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍, 2,06,679 പേര്‍. 80 വയസ് കഴിഞ്ഞ 41,333 വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് ആറന്മുള നിയോജക മണ്ഡലത്തിലാണ്, 2,33,888. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2,09,072, റാന്നിയില്‍ 1,89,923, കോന്നിയില്‍ 1,99,862 അടൂരില്‍ 2,06,354 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ ആകെ 1077 ബൂത്തുകളുണ്ട്.
2021 ല്‍ 4,91,519 പുരുഷന്മാരും 5,44,965 സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 10,36,488 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്.
ഇവിഎം/വിവിപാറ്റ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് വോട്ടുവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങന്നൂര്‍ എഴീക്കാട് കോളനിയില്‍ നടത്തി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ ഉപയോഗം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിനും ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി ഇവിഎം/ വിവിപാറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പര്യടനം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇലക്ഷന്‍ ഡപ്യുട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ്, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ
ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ കിടങ്ങന്നൂര്‍ ഏഴിക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലേക്കും സഞ്ചരിക്കുന്ന വോട്ട് വണ്ടി കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്നു ബോധ്യപ്പെടുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് യന്ത്രം കൂടുതല്‍ പരിചയമുണ്ടാക്കാന്‍ വോട്ട് വണ്ടി സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനവും അദ്ദേഹം വിശദീകരിച്ചു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി ഇവിഎം/വിവിപാറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പര്യടനം നടത്തുന്നത്.
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനി ചാണ്ടിശേരി, ബിജു വര്‍ണശാല, ഇലക്ഷന്‍ ഡപ്യൂട്ടികളക്ടര്‍ ആര്‍ രാജലക്ഷ്മി, ഇലക്ഷന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ബിഎല്‍ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കേരളം നടക്കുന്നു: ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
*കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍
കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും പുതിയ ഇനങ്ങളുമായി കൂടുതല്‍ ആളുകള്‍ കായികമേഖലയിലേക്ക് എത്തിച്ചേരണമെന്നും കളക്ടര്‍ പറഞ്ഞു.
ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളം നടക്കുന്നു പരിപാടിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടറേറ്റില്‍ നിന്നു ജില്ലാ സ്റ്റേഡിയം വരെയാണ് നടത്തം സംഘടിപ്പിച്ചത്. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രഥമ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റ് നടക്കുന്നത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജിനോള്‍ഡ് വര്‍ഗീസ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പ്രസന്നകുമാര്‍, മുന്‍ ഫുട്‌ബോള്‍ താരം കെ ടി ചാക്കോ, ഫുട്‌ബോള്‍ കോച്ച് തങ്കച്ചന്‍, പിടിഎ സെന്‍ട്രല്‍ ക്ലബ്ബ് ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, പൊതുജനങ്ങള്‍, എസ്പിസി, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോമളം പാലം നിര്‍മാണം-ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് തുടങ്ങി.
കോമളം പാലത്തിന്റെ ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. പുറമറ്റം കരയിലെ ഒന്നാമത്തെ സ്പാനിന്റെ ഡെക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് മാത്യു ടി തോമസ് എംഎല്‍എ തുടക്കം കുറിച്ചു. ഒന്നരവര്‍ഷം നിര്‍മാണ കാലാവധി നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. നിലവില്‍ തുരുത്തിക്കാട് ഭാഗത്തെ പൈലിങ് പ്രവര്‍ത്തികളും തൂണുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. നദിയിലുള്ള പൈലിംഗ് പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. 132.6 മീറ്റര്‍ നീളവും ഇരുവശവും 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ ജിജി മാത്യു, അലക്‌സ് കണ്ണമല, രതീഷ് പീറ്റര്‍, ഷിജു കുരുവിള, ജോളി റെജി, മനുഭായി മോഹന്‍, രാമചന്ദ്രന്‍,റെജി പോള്‍, ജോസ് കുറഞ്ഞൂര്‍, ജെയിംസ് വര്‍ഗീസ്, റെനി, സുനില്‍ വര്‍ഗീസ് ,രാജേഷ് കുമാര്‍, ബോബന്‍ ജോര്‍ജ്,പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.ബി സുഭാഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍. സ്മിത, ഓവര്‍സിയര്‍ ജി.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു