ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പോലീസ് കേസെടുത്തു
ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനില്‍ സ്വമേധയായി കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷ് എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
സൈബര്‍ പോലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പതിനെട്ടാം പടിക്ക് സമീപം സെല്‍ഫി വീഡിയോ ചിത്രീകരിച്ചതരത്തില്‍ വ്യാജമായി നിര്‍മിച്ച വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന്, മതവികാരം വ്രണപ്പെടുത്തിയതിനും, ശബരിമല വിശ്വാസികളുടെ മനസുകളില്‍ മുറിവുളവാക്കി സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പും ചേര്‍ത്താണ് കേസെടുത്തത്. വ്യാജവീഡിയോ നിര്‍മിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ യഥാര്‍ത്ഥ ദൃശ്യമെന്ന തരത്തില്‍ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഭക്തിഗാനാർച്ചയിൽ ലയിച്ച് സന്നിധാനം
സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തെ അക്ഷരാർഥത്തിൽ ഭക്തിയിൽ ലയിപ്പിച്ച് തുംകൂർ വസന്തും സംഘവും അവതരിപ്പിച്ച ഭക്തിഗാനാർച്ചന. കർണാടകത്തിലെ തുംകൂർ ശ്രീരാമനഗർ ആസ്ഥാനമായുള്ള ശ്രീ നീലകണ്ഠേശ്വരം കലാമണ്ഡലി എന്ന ഭക്തിഗാന സംഘമാണ് പരിപാടി അവതരിപ്പിച്ചത്. 12 പേരടങ്ങുന്ന സംഘത്തിന് തുംകൂർ വസന്ത്, പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുന്നത്. 35 വർഷമായി ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളിൽ പരിപാടി അവതരിപ്പിക്കുന്ന സംഘം ഇത് മൂന്നാം തവണയാണ് സന്നിധാനത്തെത്തുന്നത്.
മണ്ഡല-മകരവിളക്ക്: കെഎസ്ആർടിസിയുടെ വരുമാനം 38.88 കോടി
മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു
ശബരിമല ഇന്നത്തെ (20.01.2024)ചടങ്ങുകൾ
…………..
4.30 ന് ‘ പള്ളി ഉണർത്തൽ
5 മണിക്ക്.. തിരുനട തുറക്കൽ.. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും …..
5.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
…………
വൈകുന്നേരം 5 മണിക്ക് നട തുറക്കും
6.30 ന് ദീപാരാധന
9 മണിക്ക് അത്താഴ പൂജ
തുടർന്ന് 9.30 ന് ഹരിവരാസനം സങ്കീർത്തനം പാടി 9.40 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി.
ദീപപ്രഭയിൽ ശരംകുത്തിയിലേക്ക് അയ്യപ്പന്റെ എഴുന്നള്ളത്ത്
അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി മാളികപ്പുറത്തുനിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളി. മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തുനിന്ന് പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്.
കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്. ശരംകുത്തിയിൽവെച്ച് നായാട്ടു വിളിയും നടത്തി. ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയ്യപ്പൻ മണിമണ്ഡപത്തിലേക്കു മടങ്ങുന്നു. തീവെട്ടികൾ എല്ലാം അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെ നിശ്ശബദ്മായാണ് മടക്കം.
ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്. മകരവിളക്കുത്സവത്തിന് പരിസമാപ്തി കുറിച്ച് 20ന് രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് കൂടി മാത്രമേ ദർശനം ഉള്ളൂ. 21ന് പുലർച്ചെ നട അടയ്ക്കും.