Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 12/01/2024 )

കൊടുമണ്‍ റൈസ് മില്‍ ഉദ്ഘാടനം 15 ന്
കൊടുമണ്‍ റൈസ് മില്ലിന്റെ ഉദ്ഘാടനം ജനുവരി 15 നു രാവിലെ 10നു കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കൃഷി മന്ത്രി പി പ്രസാദ് സ്വിച്ച് ഓണ്‍ കര്‍മവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും.
ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,ജില്ലാ കളക്ടര്‍ എ ഷിബു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍,  വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ പഞ്ചായത്തില്‍ നിന്നും ഒന്നരകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ആധുനിക റൈസ് മില്‍ സ്ഥാപിക്കുന്നത്.


ജില്ലയുടെ വികസനനേട്ടത്തിന്റെതിലകക്കുറിയായി കൊടുമണ്‍ റൈസ് മില്‍:
ഉദ്ഘാടനം ജനുവരി 15 ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും

ജില്ലയുടെ വികസനനേട്ടത്തിന്റെ തിലകക്കുറിയായി മാറുകയാണ് കൊടുമണ്‍ റൈസ് മില്‍. സംസ്ഥാനത്ത് ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ആരംഭിക്കുന്ന ആധുനിക റൈസ് മില്‍ പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗമായ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലാണ്. കൃഷി ആദായകരമാക്കാന്‍ കാര്‍ഷികോല്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണവും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മാണവും പ്രോത്സാഹിപ്പിക്കുന്ന കേരളസര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് കൊടുമണ്‍ റൈസ് മില്ലിന്റേയും വളര്‍ച്ച.

ജില്ലാ പഞ്ചായത്തില്‍ നിന്നും ഒന്നരകോടി രൂപ ചിലവില്‍ ആരംഭിക്കുന്ന ഈ റൈസ് മില്ലില്‍ ആദ്യഘട്ടത്തില്‍ പ്രതിദിനം രണ്ട് ടണ്‍ നെല്ല് സംസ്‌കരിച്ച് അരിയാക്കി മാറ്റാന്‍ കഴിയും. ജില്ലാ പഞ്ചായത്തും കൊടുമണ്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്നു കൊടുമണ്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് മില്ല് പ്രവര്‍ത്തിപ്പിക്കുക. ജില്ലയിലെ നെല്‍കൃഷി മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍  പദ്ധതി സഹായകരമാകും. കൃഷി വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതലയിലാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്.

പന്തളം തെക്കേക്കര ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച്  അംഗീകാരം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ (എന്‍എബിഎച്ച്) എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തിയ ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലനം, ഔഷധത്തോട്ടം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ചികിത്സയും നല്‍കുന്നതിനും സ്ഥാപനത്തിന് പുറത്തേക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിനാലാണ് അംഗീകാരം ലഭിച്ചത്.

അറിയിപ്പ്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജി ഐ എസ് മാപ്പിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച സര്‍വെയുടെ വിവരശേഖരണത്തിനായി നിയോഗിച്ചിരിക്കുന്ന ഏജന്‍സിയുടെ ജീവനക്കാര്‍ പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തുമ്പോള്‍ റേഷന്‍കാര്‍ഡ്, അടിസ്ഥാന ഭൂനികുതി രസീത്, കെട്ടിട നികുതി രസീത്, കെ എസ് ഇബി ബില്‍,ആധാര്‍ എന്നിവ പരിശോധനയ്ക്കായി ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്തു സെക്രട്ടറി അറിയിച്ചു.
വികസന സെമിനാര്‍ നടന്നു
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സാം പട്ടേരില്‍, ഗീത കുറിയാക്കോസ്, ഗീതു ജി നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്‌സാണ്ടര്‍ പഞ്ചായത്ത് അംഗങ്ങളായ റെജി പണിക്കമുറി, സജി ഡേവിഡ്, വിദ്യാമോള്‍, ബിജു പുറത്തൂടന്‍, സുരേഷ് ബാബു, ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണന്‍കുട്ടി, രോഹിണി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു റ്റി ജോര്‍ജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള സജി, സെക്രട്ടറി ഫ്രാന്‍സിസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടാങ്ങല്‍ പടയണി 12 സ്‌കൂളുകള്‍ക്ക് അവധി
കോട്ടാങ്ങല്‍ പടയണിയോടനുബന്ധിച്ചു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മല്ലപ്പള്ളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് ജനുവരി 17, 18 തീയതികളില്‍ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ എ. ഷിബു അവധി പ്രഖ്യാപിച്ചു. കോട്ടങ്ങല്‍ പടയണിയുടെ സമാപന ദിവസങ്ങളായ 17 ന് കുളത്തൂര്‍മൂഴി ജംഗ്ഷനില്‍ നിന്നും 18 ന് ചുങ്കപ്പാറയില്‍ നിന്നും നാലിനു കോട്ടാങ്ങല്‍ ദേവീക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തപ്പെടുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.
ഗവ. എല്‍.പി സ്‌കൂള്‍ കുളത്തൂര്‍, എന്‍.എസ്.എസ്.എച്ച്.എസ്.എസ് വായ്പ്പൂര്‍, സെന്റ് ജോസഫ് എച്ച്.എസ് കുളത്തൂര്‍, ലക്ഷ്മി വിലാസം എല്‍.പി സ്‌കൂള്‍ പൊറ്റമല കുളത്തൂര്‍, ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചുങ്കപ്പാറ, സെന്റ് ജോര്‍ജ്ജ് എച്ച്.എസ് ചുങ്കപ്പാറ, സി.എം.എസ്.എല്‍.പി.എസ് ചുങ്കപ്പാറ, അല്‍ ഹിന്ദ് പബ്ലിക്ക് സ്‌കൂള്‍ കോട്ടാങ്ങല്‍, ഗവ. എല്‍.പി സ്‌കൂള്‍ കോട്ടാങ്ങല്‍, ഗവ. എച്ച്.എസ്.എസ് താഴത്തുവടകര, എസ്.എന്‍.യു.പി സ്‌കൂള്‍ വെള്ളാവൂര്‍, ഗവ. എല്‍.പി സ്‌കൂള്‍ വെള്ളാവൂര്‍ (പുന്നന്താനം) എന്നീ സ്‌കൂളുകള്‍ക്കാണ് അവധി അനുവദിച്ചത്.

സമയപരിധി നീട്ടി
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ  ഓഫീസില്‍  നിന്നും  സി.ബി.സി, പാറ്റേണ്‍  പദ്ധതികള്‍  പ്രകാരം  വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള  വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും വായ്പാ കുടിശിക തുക  അടച്ച് തീര്‍പ്പാക്കുന്നതിനുള്ള  സമയപരിധി  ജനുവരി  31  വരെ നീട്ടി.   ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന്  ഒഴിവാകണമെന്ന്   പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :   0468 2362070. ഇ-മെയില്‍ – [email protected] .


എട്ടാമത് കനല്‍കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിഎച്ച് ഇ ഡബ്ല്യൂ ന്റെയും ആഭിമുഖ്യത്തില്‍ കോന്നി  മന്നം മെമ്മോറിയല്‍ എന്‍എസ്എസ്‌കോളേജില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  കനല്‍ കര്‍മ്മപദ്ധതിയുടെ ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ്ഡിഫെന്‍സ് ട്രെയിനിങ്ങും വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്  സ്മിത ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ശാന്തി ബാലകൃഷ്ണന്‍, സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ശരണ്യ.എസ്.നായര്‍, ദിശ ഡയറക്ടര്‍ എം.ബി അഡ്വ . ദിലീപ്കുമാര്‍, പത്തനംതിട്ട പോലീസ് വുമണ്‍സെല്‍ ടീമിലെ സ്മിത, രാജി, വിനീത, ശോഭ, ജെസ്ന കെ ജലാല്‍, ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജന്‍ഡര്‍ സ്പെഷ്യലിസ്റ് എ.എം അനുഷ  എന്നിവര്‍ പങ്കെടുത്തു.

റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നം. 021/2021 തസ്തികയുടെ  28.12.2023 തീയതിയിലെ  1065/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


നിരോധിച്ചു ഉത്തരവായി

പെന്തക്കോസ്ത് വാര്‍ഷിക അന്താരാഷ്ട്ര ജനറല്‍ കണ്‍വന്‍ഷന്‍ കുമ്പനാട് ഹെബ്രോണ്‍പുരത്തു നടക്കുന്നതിനാല്‍ 14 മുതല്‍ 21 വരെ കിഴക്ക് കുമ്പനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കല്ലുമാട്ടി ബസ് സ്റ്റോപ്പ് വരെയുള്ള തിരുവല്ല – കോഴഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും, കടകള്‍ സ്ഥാപിക്കുന്നതും, ഓഡിയോ, വീഡിയോ പ്രദര്‍ശങ്ങളും നിരോധിച്ചു കൊണ്ട് തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍ ഉത്തരവായി.

തീയതി നീട്ടി 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ്  ജനുവരിയില്‍ ആരംഭിക്കുന്ന  ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന്  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. വെബ്സൈറ്റ് : www.srccc.in,
ജില്ലയിലെ പഠന കേന്ദ്രം- റ്റാസെറ്റ് ടെക്‌നിക്കല്‍ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്, മല്ലപ്പള്ളി ഈസ്റ്റ്, പത്തനംതിട്ട. ഫോണ്‍ : 9447956412