Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍/വാര്‍ത്തകള്‍ ( 11/01/2024 )

നെടുങ്കുന്നുമല ജില്ലയിലെ ശ്രദ്ധേയമായ  ടൂറിസം കേന്ദ്രമാകും :  ഡപ്യൂട്ടി സ്പീക്കര്‍: നെടുങ്കുന്നുമല ടൂറിസം പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം

konnivartha.com: അടൂര്‍ നെടുങ്കുന്നുമല ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പാട്ടവ്യവസ്ഥയില്‍ പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് നല്‍കുന്നതിന് അംഗീകാരം ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2023-24 ബജറ്റില്‍ വകയിരുത്തി 23.50 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്.

വിനോദസഞ്ചാരകേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഇവിടെ ഹാന്‍ഡ് റെയിലോടുകൂടിയ നടപ്പാതകള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, സന്ദര്‍ശകര്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള വിശാലമായ കളിസ്ഥലം, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിവിധ ശില്‍പങ്ങള്‍, ലൈറ്റ് ആന്റ്‌റ് സൗണ്ട് ക്രമീകരണങ്ങള്‍, ബയോ ടോയ്‌ലറ്റുകള്‍, വിദൂരക്കാഴ്ചകള്‍ക്കായി 12 മീറ്ററോളം ഉയരം വരുന്ന രണ്ട് വാച്ച് ടവറുകള്‍, മാലിന്യ സംസ്‌ക്കരണം, പാര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെടെ വന്‍ പദ്ധതികളാണ് ഒരുക്കുന്നത്.

ഭൂമി ലഭ്യത ഉറപ്പാക്കുന്നതു സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പദ്ധതി കാലതാമസം നേരിട്ടതെന്നും ഇക്കോടൂറിസത്തിനൊപ്പം നെടുങ്കുന്നുമലയേയും ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

തിരുവാഭരണഘോഷയാത്ര: മദ്യനിരോധനം ഏര്‍പ്പെടുത്തി

konnivartha.com: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് തിരുവാഭരണഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി.

ജനുവരി 13ന് ഉച്ചയ്ക്ക് ഒന്നിന് പന്തളം ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര 15 ന് വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും.തിരുവാഭരണഘോഷയാത്ര കടന്നു പോകുന്ന വില്ലേജുകളില്‍ അവ എത്തിച്ചേരുന്നതിന് ആറ് മണിക്കൂര്‍ മുന്‍പും കടന്നുപോയതിന് നാലു മണിക്കൂറിനു ശേഷവും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.           

 

സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന വില്ലേജ് പരിധി,തീയതി, സമയം, എന്ന ക്രമത്തില്‍
konnivartha.com: പന്തളം,കുളനട- ജനുവരി 13 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെ
കിടങ്ങന്നൂര്‍- 13ന് രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് വരെ
ആറന്മുള, മല്ലപ്പുഴശ്ശേരി-13ന് രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെ
കോഴഞ്ചേരി-13ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി 11 വരെ
ചെറുകോല്‍, അയിരൂര്‍-13 ന് ഉച്ചയ്ക്ക് 2.30 മുതല്‍ 14ന് രാവിലെ ഏഴ് വരെ .
റാന്നി-14ന് വെളുപ്പിന് 12.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ
വടശ്ശേരിക്കര-14ന് വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ
റാന്നി പെരുനാട്-14ന് രാവിലെ ആറ് മുതല്‍ 15ന് രാത്രി 10 വരെയും 21ന് രാത്രി 12 മുതല്‍ 23ന് രാവിലെ ആറു വരെ 

സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം: പത്തനംതിട്ട ജില്ലയില്‍ 18 ആയുഷ് സ്ഥാപനങ്ങള്‍ മികവിന്റെ നിറവില്‍

konnivartha.com: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 18 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളായ പത്തനംതിട്ട, പള്ളിക്കല്‍, കല്ലേലി, റാന്നി അങ്ങാടി, വള്ളംകുളം, പന്തളം തെക്കേക്കര, കവിയൂര്‍, കൊറ്റനാട് ആയുര്‍വേദ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളായ പുതുശ്ശേരിമല, കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം, ഇലന്തൂര്‍, കുറ്റപ്പുഴ, കുറ്റൂര്‍, പ്രമാടം, കുളനട, പന്തളം എന്നീ ഹോമിയോ സ്ഥാപനങ്ങളുമാണ് ജില്ലയില്‍ എന്‍ എ ബി എച്ച് അംഗീകാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.

ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് അംഗീകാരം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപീകരിച്ചു. ഒരോ ജില്ലയിലും എന്‍ എ ബി എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേഴ്‌സിനെയും നിയോഗിച്ചിരുന്നു.
നാഷണല്‍ ആയുഷ് മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ നിരന്തരമായ പരിശ്രമഫലമായാണ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ 13 സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത.
വള്ളംകുളം ഗവ ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം
വള്ളംകുളം ഗവ ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം. ആശുപത്രിയുടെ പ്രവര്‍ത്തനമികവിനും ഏകോപനത്തിനുമാണ് പുരസ്‌കാരം. 2009 ലാണ് ഡിസ്‌പെന്‍സറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  2022 ല്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററായി ഉയര്‍ത്തി.
കൗമാരക്കാര്‍ക്കുള്ള ബോധവല്‍ക്കരണം, വയോജന പരിപാലനം, മാനസികാരോഗ്യ പരിലാപാലനം, ജീവിത ശൈലി രോഗനിയന്ത്രണത്തിനുള്ള രോഗങ്ങളുടെ സ്‌ക്രീനിങ്ങ്, ചികിത്സ എന്നിവയുള്‍പ്പെടെ ആയുര്‍വേദ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവിധ സേവനങ്ങളും വിവിധ രോഗങ്ങള്‍ക്കുള്ള ഒപി സേവനവും ഗര്‍ഭകാല പരിരക്ഷ, കുട്ടികളുടെ ആരോഗ്യ പരിചരണത്തിനുള്ള ചികിത്സ സേവനങ്ങളും ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ലഭ്യമാണ്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ മരുന്നുകള്‍ക്ക് പുറമേ ഗ്രാമപഞ്ചായത്ത് ഫണ്ട് ലഭ്യമാക്കി ആയുര്‍വേദ മരുന്നുകളും ഡിസ്‌പെന്‍സറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ യോഗ പരിശീലനത്തിനുള്ള സൗകര്യവും സെന്ററില്‍ ലഭ്യമാണ്. മുഴുവന്‍ സമയ യോഗ ഇന്‍സ്ട്രക്ടറുടെ സേവനം പ്രയോജനപ്പെടുത്തി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ യോഗ തുടര്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.വികസന സെമിനാര്‍
അയിരുര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നടന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വല്‍സല സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ വിമല്‍ വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍,  ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി. പ്രസാദ്, സാംകുട്ടി അയ്യക്കാവില്‍,  ബി. ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം സൂസന്‍ ഫിലിപ്പ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അംബുജ ഭായ്, ബെന്‍സന്‍ പി.തോമസ്, പ്രഭാവതി, എന്‍.ജി. ഉണ്ണികൃഷണന്‍, അനു രാധ ശ്രീജിത്ത,് സോമശേഖരന്‍ നായര്‍, പ്രദീപ് അയിരൂര്‍ , അനിതാ കുറുപ്പ്, സെക്രട്ടറി സുരേഷ് അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വികസന സെമിനാര്‍  (12)
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍  (12) എഴുമറ്റൂര്‍ എസ് എന്‍ ഡി പി ഹാളില്‍ നടക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല ഉദ്ഘാടനം നിര്‍വഹിക്കും. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി മറിയാമ്മ കരട് പദ്ധതിരേഖ അവതരിപ്പിക്കും.
സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു  
സി-ഡിറ്റ് അക്കാദമിക്/പരിശീലന പ്രവര്‍ത്തികള്‍ക്കും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിലേക്കും ഫാക്കല്‍റ്റി അംഗങ്ങളുടെ പാനല്‍ രൂപീകരിക്കുന്നതിനു യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.cdit.org/careers സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ http://bit.ly/3RMdZe2 വഴി സമര്‍പ്പിക്കാം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.


മോണ്ടിസോറി ചൈല്‍ഡ് എഡ്യുക്കേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം  

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ്  ജനുവരിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മോണ്ടിസോറി ചൈല്‍ഡ് എഡ്യുക്കേഷന്‍ പ്രോഗ്രാമിന്  ഓണ്‍ലൈനായി  https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.
സ്റ്റഡി സെന്റര്‍ മേല്‍വിലാസം : ഗ്രിഗോറിയന്‍ റിസോഴ്സ് സെന്റര്‍, കൈപ്പട്ടൂര്‍ ,പത്തനംതിട്ട -689 648, ഫോണ്‍ : 0468 2351846, 8281411846.

ജാഗ്രത നിര്‍ദ്ദേശം
കല്ലട ജലസേചനപദ്ധതിയുടെ വലതുകര മെയിന്‍കനാലിലൂടെയുളള വേനല്‍ക്കാല ജലവിതരണം  (ജനുവരി 12) ഇടതുകര   കനാലിലൂടെയുളള  ജലവിതരണം ജനുവരി 15 നും  രാവിലെ 11 മുതല്‍  ആരംഭിക്കും. ഈ ജലസേചന പദ്ധതിയുടെ  വലതുകര  കനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ  ഇടമണ്‍, കറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുംമൂട് എന്നീ സ്ഥലങ്ങളില്‍ കൂടിയും  ഇടതുകര മെയിന്‍ കനാല്‍ കൊല്ലം ജില്ലയിലെ കരുവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരീപ്ര, ഏഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നീ സ്ഥലങ്ങളില്‍ കൂടിയും കടന്നുപോകുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുളളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

 

 

പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദമായിരിക്കണം. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം കൊണ്ട് വ്യവസായമേഖല ശക്തിപ്പെടുത്താനും പരിസ്ഥിതി സൗഹൃദമായി ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കയര്‍ ഭൂവസ്ത്ര വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തും ജില്ലയിലും സജീവമാണ്. മേഖലയിലുണ്ടായ മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഇന്ന് ജില്ല സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ്. കയര്‍ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനും മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകയാവാനും കയര്‍ ഭൂവസ്ത്ര നിര്‍മാണം സഹായകമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യവസായാടിസ്ഥാനത്തില്‍ കയര്‍ നിര്‍മാണം വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കയര്‍-ഭൂവസ്ത്ര ഉത്പന്നങ്ങള്‍ക്ക് അനന്ത വിപണി സാധ്യതകളാണുള്ളതെന്ന് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. രാജ്യത്തും വിദേശത്തും കയറിനും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും വലിയ വിപണനസാദ്ധ്യതയാണുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി കയര്‍ വ്യവസായം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിപ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് പുരസ്‌കാരം നല്‍കി. പറക്കോട് ബ്ലോക്കിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത്, കടമ്പനാട് ഗ്രാമപഞ്ചായത്ത്, കോന്നി ബ്ലോക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുളിക്കീഴ് ബ്ലോക്കില്‍ പെരിങ്ങരയും പന്തളം ബ്ലോക്കില്‍ പന്തളം തെക്കേക്കരയും മല്ലപ്പള്ളി ബ്ലോക്കില്‍ കുന്നന്താനവും ഇലന്തൂര്‍ ബ്ലോക്കില്‍ ചെന്നീര്‍ക്കരയും കോയിപ്രം ബ്ലോക്കില്‍ പുറമാറ്റവും റാന്നി ബ്ലോക്കില്‍ റാന്നി ഗ്രാമപഞ്ചായത്തും ഒന്നാമതായി.

ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും എന്ന വിഷയത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജി ബാബു സെമിനാര്‍ അവതരിപ്പിച്ചു. കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രതീഷ് ജി. പണിക്കര്‍, കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ മാനേജര്‍ അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കയര്‍ പ്രോജക്ട് ഓഫീസര്‍ കൊല്ലം ജി. ഷാജി, അസിസ്റ്റന്റ് രജിസ്ട്രാര്‍ റ്റി.എസ് ബിജു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആവേശകൊടുമുടിയില്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് (ജനുവരി 12) സമാപനം

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് (ജനുവരി 12) സമാപനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അറുപത്തിയഞ്ചാമത് കായികോത്സവത്തില്‍ ഗ്രൂപ്പ് 10 മത്സര ഇനങ്ങളായ സോഫ്റ്റ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍, ടഗ് ഓഫ് വാര്‍, പവര്‍ ലിഫ്റ്റിംഗ് എന്നീ മത്സരങ്ങള്‍ക്കാണ് ജില്ല ആതിഥ്യമരുളിയത്. കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, കതോലിക്കേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

 

ഗതാഗതനിയന്ത്രണം
പന്നിവിഴ-പറക്കോട്-തേപ്പുപാറ റോഡില്‍ കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പാലമുക്ക് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പന്നിവിഴ-പറക്കോട് റോഡില്‍കൂടിയും തേപ്പുപാറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പ്ലാന്റേഷന്‍മുക്ക്-തേപ്പുപാറ റോഡില്‍കൂടി കെ.പി. റോഡില്‍ എത്തിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഏകദിന ശില്പശാല സംഘടിപ്പിച്ചു

കേരള നോളജ് ഇക്കോണമി മിഷന്റെ ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 42 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല യോഗത്തെ അഭിസംബോധന ചെയ്തു. കേരള നോളജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി.
കമ്യൂണിറ്റി അംബാഡിസര്‍മാരാണ് ജില്ലയില്‍ നോളജ് മിഷന്‍  പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.  തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും  കമ്മ്യൂണിറ്റി അംബാസിഡര്‍മാരാണ്.

പത്തനംതിട്ട വൈ എം സി എ ഹാളില്‍ നടന്ന പരിപാടിയില്‍ നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍,  ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത്, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ എസ്. ആദില,   നോളജ് ഇക്കോണമി മിഷന്‍ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ ബി സി അപ്പു ,  പ്രോഗ്രാം മാനേജര്‍ ജെ പാര്‍വതി , പ്രോഗ്രാം കോഡിനേറ്റര്‍ സ്വാമിനാഥ് എസ് ധന്‍രാജ്, മീഡിയ കോഡിനേറ്റര്‍ ഇ പി ഷൈമി, ഓഫീസ് എക്സിക്യൂട്ടീവ് പി എന്‍ തുളസി എന്നിവര്‍ പങ്കെടുത്തു.

ക്രിയേറ്റേര്‍സ് സയന്‍സ് ക്യാമ്പ്
അസാപ് കേരള കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 20, 21 തീയതികളില്‍ ക്രിയേറ്റേര്‍സ് സയന്‍സ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. റോബോട്ടിക്സ്, കോഡിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളിലെ ബാലപാഠങ്ങള്‍ ക്യാമ്പില്‍ പരിശീലിപ്പിക്കും. ഫോണ്‍: 8921636122, 8289810279.