ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
konnivartha.com: ജൻമനക്ഷത്രത്തിൽ (ജനുവരി 12 ന് ) ഭാവഗായകനായി ശബരിമല അയ്യപ്പ സ്വാമിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വക പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും . എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതം ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേരുകയാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ്. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ദേഹത്തിന്റെ ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തും.
ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുലർച്ചെ ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തും.
ഗാനഗന്ധർവ്വനു വേണ്ടി നെയ്യഭിഷേകവും നടത്തുന്നുണ്ട്.
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടത്തുക. ശബരിമല അയ്യപ്പ സ്വാമിയെ ഉണർത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സങ്കീ൪ത്തനവും ശബരിമലയിൽ പൊഴിയുന്നത് ഗാനഗന്ധർവ്വന്റെ സ്വരമാധുരിയിലാണ്. എൺപത്തിനാലിന്റെ നിറവിൽ നിൽക്കുന്ന,ഭക്തകോടികൾക്ക് ഭാഷാഭേദമെന്യേ അയ്യപ്പസ്വാമിയുടെ നൂറുകണക്കിന് കീർത്തനങ്ങൾ സമ്മാനിച്ച ഡോ.കെ.ജെ.യേശുദാസിന് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹത്തിന് എല്ലാവിധ ജൻമദിനാശംസകളും നേരുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്കാരത്തിന്റെ ആദ്യ സ്വീകർത്താവു കൂടിയായ ഡോ.കെ.ജെ.യേശുദാസിനു വേണ്ടി ജൻമനക്ഷത്രത്തിൽ ദേവസ്വം ബോർഡ് നടത്തുന്ന വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം നടത്തിയതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.