Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 29/12/2023)

 

മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച ( ഡിസം 30 ) നട തുറക്കും : തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി : മകരവിളക്ക് ജനുവരി 15 ന് : മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ പൂര്‍ത്തിയായി : സന്നിധാനം ആയുർവേദ ആശുപത്രിയിൽ12 ലക്ഷം രൂപയുടെ മരുന്നുകളെത്തി

 

konnivartha.com:മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച ( ഡിസം 30 ) നട തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി  ( ഡിസംബർ 30 ) വൈകുന്നേരം അഞ്ചിന് ശബരിമല ശ്രീധർമശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. അതിനുശേഷം തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിക്കും.മണ്ഡലപൂജകൾക്കു ശേഷം ഇക്കഴിഞ്ഞ 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടച്ചിരുന്നു.

മകരവിളക്ക് ജനുവരി 15 ന്

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം നട അടക്കും.

 

തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി

മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ  സന്നിധാനം ആയുർവേദ ആശുപത്രിയിൽ12 ലക്ഷം രൂപയുടെ മരുന്നുകളെത്തി

 

ശബരിമല: മണ്ഡലകാലത്ത് 57728 പേരാണ് ഇതുവരെ സന്നിധാനത്ത് ആയുർവേദ ചികിത്സ തേടിയത്.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 12 ലക്ഷം രൂപയുടെ മരുന്നുകളാണ് സന്നിധാനം ഗവ. ആയുർ വേദ ആശുപത്രി ഫാർമസിയിൽ സജ്ജമാക്കിയിരിക്കുന്നത്.

പഞ്ചകർമ്മ, മർമ്മ ചികിത്സകൾ ഇവിടെ ലഭ്യമാക്കുന്നു  . 6275 തീർത്ഥാടകരാണ് ഇതുവരെ മർമ്മ ചികിത്സയ്ക്ക് വിധേയമായത്. രണ്ടു മർമ്മ ചികിത്സാ വിദഗ്ധരും, നാല് തെറാപ്പിസ്റ്റ് മാരും നിലവിൽ സന്നിധാനം ആയുർവേദ ആശുപത്രിയിൽ ഉണ്ട്. ആധുനിക ചികിത്സ ലഭ്യമാക്കാൻ നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നുണ്ടെന്ന് സന്നിധാനം ഗവ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ അറിയിച്ചു. മല കയറി എത്തുന്ന ഭക്തർക്ക് നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്കുള്ള ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്

 

സന്നിധാനം ഹോമിയോ ആശുപത്രിയിൽ മണ്ഡലകാലത്ത് 2277 തീർത്ഥാടകർ ചികിത്സ തേടി

ശബരിമല: മണ്ഡലകാലത്ത് സന്നിധാനത്ത് ആയുഷ് സർക്കാർ ഹോമിയോ ആശുപത്രിയിൽ 2277 പേർ ചികിത്സ തേടി. മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്കും ചികിത്സ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരും മറ്റു ജീവനക്കാരും ഡ്യൂട്ടിയിലുണ്ട്. പനി, പേശി വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഭക്തർക്ക് മരുന്നുകളും, തെറാപ്പിയും, നെബുലൈസേഷനും ഉറപ്പുവരുത്തുന്നതായി സന്നിധാനം ആയുഷ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി എസ് സുമേഷ് അറിയിച്ചു.

 

error: Content is protected !!