
നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി: മുഖ്യമന്ത്രി പിണറായി വിജയന്‍
konnivartha.com: നവകേരളസദസ്സിനെ ജനം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ വേദിയില്‍ കോന്നി മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നവകേരള സദസ്സ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദസ്സിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് കഴിഞ്ഞ 30 ദിവസത്തെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. 30 ദിവസവും വന്‍ജനാവലിയെയാണ് ഞങ്ങള്‍ ഓരോ മണ്ഡലത്തിലും കണ്ടത്. നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി എന്നാണ് ഇത് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുസാഹചര്യങ്ങളാണ് ഈ വന്‍ജനപങ്കാളിത്തത്തിന് ഇടയാക്കുന്നത്. ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ജനതയാണ് നാം. ലോകത്തിന് തന്നെ പലകാര്യങ്ങളിലും മാതൃകയായവരാണ് നാം.
നമ്മള്‍ ഇതുവരെ നേടിയെടുത്തിടത്ത് നിന്ന് നമുക്ക് ഇനിയും മുന്നോട്ടുപോകണം. അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സംസ്ഥാനസര്‍ക്കാര്‍. ഇത് ജനസമക്ഷം അവതരിപ്പിക്കലും കേരളത്തിന്റെ മുന്നോട്ടുപോക്കിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തടസ്സങ്ങള്‍ തുറന്നുകാണിക്കലുമാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്.സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ഇനി ഒരിഞ്ചു മുന്നോട്ട് പോകാന്‍ കേരളത്തെ അനുവദിക്കില്ല എന്ന സമീപനം സ്വീകരിക്കുകയാണ്. ഈ അനീതിക്കെതിരെയുള്ള നാടിന്റെ പ്രതികരണമാണ് നവകേരളസദസ്സിനെത്തുന്ന വന്‍ജനസഞ്ചയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കനത്ത മഴയുടെ പ്രയാസങ്ങളുള്ളതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല എന്ന് പറഞ്ഞ് സദസ്സിന് അഭിവാദ്യം അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും കേള്‍ക്കാനുമായി കോന്നി നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
കോന്നി എംഎല്‍എയും സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. കെ.യു ജനീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, മ്യൂസിയം, പുരാവസ്തു, തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു.
മറ്റു മന്ത്രിമാര്‍, ജില്ലാ കളക്ടര്‍ എ ഷിബു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ശുചിത്വ പ്രതിജ്ഞയോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. കോന്നി തഹസില്‍ദാര്‍ മഞ്ജുഷ സദസ്സിന് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കനല്‍ ബാന്‍ഡും പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയും ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍ പാട്ടും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി. സംഘാടക സമിതി കണ്‍വീനര്‍ രശ്മി മോള്‍ സ്വാഗതവും ഡപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ് നന്ദിയും പറഞ്ഞു.
നവകേരളസദസ്സ്: ഗജവീരന്മാരുടെ നാടിന്റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ജനനായകന്മാര്‍
കനത്ത മഴയിലും ആവേശം ചോരാതെ വന്‍ജനാവലി:കോന്നി മണ്ഡലത്തില്‍ അഭൂതപൂര്‍വമായ തിരക്ക്
നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരളസദസ്സ് യാത്രയില്‍ ജനസാഗരമായി അണിചേര്‍ന്ന് കോന്നി മണ്ഡലം.
ഗജവീരന്മാരുടെ പ്രൗഢിയോടെ കോന്നി മണ്ഡലം നവകേരളസദസിനെ വരവേറ്റു.
കനത്ത മഴയുടെ പശ്ചാത്തലത്തിലും ജനബാഹുല്യമായിരുന്നു കോന്നി മണ്ഡലത്തില്‍. മുത്തുക്കുടകളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വീഥിയിലൂടെ ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് കോന്നി മണ്ഡലം മന്ത്രിസഭയെ എതിരേറ്റത്.
വേദിയിലേക്ക് ആദ്യമെത്തിയത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, പുരാവസ്തു – തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരായിരുന്നു.
നിമിഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം സദസ് നടക്കുന്ന കെഎസ്ആര്‍ടിസി മൈതാനത്തേക്ക് എത്തിയപ്പോള്‍ ജനങ്ങളുടെ ആവേശം ഇരട്ടിയായി. കരഘോഷങ്ങളും ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായാണ് കോന്നി മണ്ഡലം മുഖ്യമന്ത്രിയെ വേദിയിലേക്ക് എതിരേറ്റത്.
ഗജവീരന്‍മാരുടെ നാട്ടിലേക്ക് എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗജരൂപം നല്‍കിയാണ് സ്വാഗതം ചെയ്തത്.
നവകേരള സദസിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി
സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങളുടെ വേദിയായി കേരളം മാറി: മന്ത്രി ജി.ആര്‍ അനില്‍
സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങളുടെ വേദിയായി കേരളം മാറിയെന്നു ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കോന്നി കെഎസ്ആര്‍ടിസി മൈതാനത്ത് നടന്ന കോന്നി മണ്ഡലം നവകേരള സദസ്സില്‍ ജനങ്ങളോടു സംവദിക്കുകയായിരുന്നു മന്ത്രി. നാടിന്റെ മുഖച്ഛായ മാറുന്ന തരത്തിലാണ് എല്ലാ മണ്ഡലങ്ങളിലും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ, നാടിന്റെ ആവശ്യം അറിഞ്ഞുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ മുന്‍പുണ്ടായിരുന്ന വികസനമുരടിപ്പിന് അറുതി വരുത്തിക്കൊണ്ട് മികച്ച രീതിയിലുള്ള മുന്നേറ്റമാണ് കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോന്നി നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോരഹൈവേയുടെയും ദേശീയപാതയുടെയും വികസനം, തീരദേശ ഹൈവേയുടെയും ജലപാതയുടെയും പ്രവര്‍ത്തനം എന്നവയ്ക്കായി സര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി വിവിധ മേഖലകളില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കേരളത്തിന് കഴിഞ്ഞു. പല മേഖലകളിലും ലോകത്തെ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന തരത്തിലേക്ക് മാറാന്‍ കേരളത്തിന് കഴിഞ്ഞത് ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ ശ്രമഫലമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
നവകേരളയാത്രയും ലക്ഷങ്ങള്‍ പങ്കെടുത്ത നവകേരള സദസ്സും കേരളത്തിന് പുതിയ അനുഭവമാണ്. സര്‍ക്കാരും ജനപ്രതിനിധികളും ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യുന്ന വേദിയാണിത്.
സാമൂഹിക ക്ഷേമപെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തി. 64 ലക്ഷത്തോളം ആളുകള്‍ക്ക് സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു. റവന്യു വകുപ്പ് കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം കൊടുത്ത് കഴിഞ്ഞു.
ഏഴു ലക്ഷത്തോളം കുടുംബങ്ങള്‍ ലൈഫ് പദ്ധതിയില്‍ സഹായം തേടി വന്നപ്പോള്‍ 3,56,108 കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് പൂര്‍ത്തിയാക്കി നല്‍കാന്‍ കഴിഞ്ഞു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ആകെ 4,81,000 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് യാഥാര്‍ഥ്യമാകും. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയ 57,400 ഓളം കോടി രൂപ മാത്രം ഉണ്ടായിരുന്നെങ്കില്‍ അപേക്ഷിച്ച ഏഴു ലക്ഷത്തോളം പേര്‍ക്കും ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.