
‘ഡൈനമിക് ക്യൂ’ വന്‍ വിജയം
konnivartha.com: ദിനം പ്രതി ഉയരുന്ന സന്നിധാനത്തെ തിരക്കില്‍ ഡൈനമിക് ക്യൂ സംവിധാനം വന്‍ വിജയമാവുകയാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നതിനാലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാണ് പുതിയ സംവിധാനം.
മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ആറ് ക്യു കോംപ്ലക്‌സുകളിലായാണ് ഡൈനമിക് ക്യൂ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഓരോ ക്യൂ കോംപ്ലക്‌സിലും മൂന്ന് മുറികളിലായി കുടിവെള്ളം, സ്‌നാക്‌സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയതോടെ മലകയറിയെത്തുന്ന ഭക്തര്‍ക്ക് താത്കാലിക ആശ്വാസ കേന്ദ്രങ്ങളായി മാറുകയാണ്. തിരക്കിനനുസരിച്ച് ഓരോ കോംപ്ലക്‌സില്‍ നിന്നും പ്രവേശനം അനുവദിക്കുകയും ചെയ്യും.
ഓരോ കോംപ്ലക്‌സിലും ദര്‍ശന സമയമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഡിസ്പ്ലെ ചെയ്തുട്ടുണ്ട്. കണ്‍ട്രോള്‍ റൂമിലൂടെയാണ് ഇവയുടെ നിയന്ത്രണം. ശരംകുത്തി വഴിയും പരമ്പരാഗത വഴിയും പോകുന്നവര്‍ക്ക് ക്യൂ സംവിധാനം ഏറെ പ്രയോജനകരമാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുതിയ മോഡല്‍ സംവിധാന സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതിലൂടെ ദിനംപ്രതി എത്തുന്ന പതിനായരക്കണക്കിന് ഭക്തരെ നിയന്ത്രിക്കാനും സാധിക്കുന്നു.തിങ്കളാഴ്ച 90,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.
ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കില്ല; തന്ത്രി കണ്ഠര് മഹേഷ് മോഹനര്
ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസ് നടപടി തുടങ്ങി .
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് എത്തി . തീർഥാടകരെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടി.
ശബരിമലയിലെ ചടങ്ങുകൾ (11.12.2023 )
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
ശബരിമലയില്‍ ഓഫ് റോഡ് ആംബുലന്‍സെത്തി
ശബരിമലയിലെ അടിയന്തര വൈദ്യസഹായങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സ് സജ്ജമായി. ഭക്തരുടെ തിരക്ക് ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ കാനനപാതയിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഓഫ് റോഡ് ആംബുലന്‍സ് വാഹനമാണ് അപ്പാച്ചിമേടില്‍ നിലയൊറപ്പിച്ചിട്ടുള്ളത്.
അപ്പാച്ചിമേട് – നീലിമല – സന്നിധാനം പാതയില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കിയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്ത്വത്തില്‍ വാഹനം സജ്ജമാക്കിയിരിക്കുന്നത്. ചരല്‍മേടില്‍ ഫോറസ്റ്റിന്റെ ആംബുലന്‍സും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ശബരിമലയിലെ എല്ലാ പാതയിലും ഭക്തജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യ വകുപ്പ് സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വൈദ്യസഹായം ഉറപ്പാക്കി സന്നിധാനത്ത് 24 മണിക്കൂറും ആശുപത്രിയും പ്രവര്‍ത്തന സജ്ജമാണ്. കാര്‍ഡിയോളജിസ്റ്റ്, ഫിസിഷന്‍, സര്‍ജന്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സ് മാര്‍ഗ്ഗം പമ്പ ആശുപത്രിയിലേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ അവിടെ നിന്നും പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലേക്കും കോന്നി മെഡിക്കല്‍ കോളേജിലേക്കും എത്തിക്കാനുള്ള സൗകര്യവുമുണ്ട്. ഭക്തജനങ്ങള്‍ക്ക് ആവശ്യ സാഹചര്യങ്ങളില്‍ 04735 203232 എന്ന നമ്പറില്‍ ബന്ധപ്പെടാം.