Trending Now

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി സന്നിധാനം സന്ദര്‍ശിച്ചു

Spread the love

 

സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍ എം എല്‍ എ ,അംഗങ്ങളായ ജോബ് മൈക്കിള്‍ എം എല്‍ എ, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ എന്നിവരാണ് സന്നിധാനം സന്ദര്‍ശിച്ച സമിതിയിലുണ്ടായിരുന്നത്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരം: നിയമസഭാ സമിതി

ശബരിമലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വിലയിരുത്തി.
കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ ഇരിപ്പടങ്ങള്‍ ഒരുക്കി പമ്പ മുതല്‍ സന്നിധാനം വരെ വിശ്രമസൗകര്യം മെച്ചപ്പെടുത്തണമെന്ന് സമിതി നിര്‍ദേശിച്ചു. ശബരിമല ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

ഇതിനു ശേഷം സ്ഥിതിഗതികള്‍ നേരിട്ടു മനസിലാക്കുന്നതിനു സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍, അംഗങ്ങളായ ജോബ് മൈക്കിള്‍, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ സന്നിധാനം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് രാവിലെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് സമിതി മാധ്യമങ്ങളോട് പ്രതികരിച്ചത്. പമ്പയില്‍ വയോജന സൗഹാര്‍ദമായ കൂടുതല്‍ ടോയ്ലറ്റുകള്‍ ഒരുക്കുവാനും സമിതി നിര്‍ദ്ദേശം നല്‍കി. നൂറാം വയസില്‍ കന്നിമല ചവിട്ടിയ വയനാട് മൂന്നാനക്കുഴി സ്വദേശി പാറുക്കുട്ടിയമ്മ വലിയ പ്രചോദനമാണ് മുതിര്‍ന്ന പൗരന്മാർക്ക് നല്‍കുന്നതെന്നും, മുന്‍ കാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുപാട് മെച്ചപ്പെട്ടെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആവശ്യമായ വികസനങ്ങള്‍ നടത്തുന്നുണ്ടെന്നും സമിതി അദ്ധ്യക്ഷന്‍ കെ പി മോഹനന്‍ പറഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ ബാധ്യസ്ഥരാണെന്നും വരും നാളുകളില്‍ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും വയോജനങ്ങള്‍ക്ക് സുഖദര്‍ശനം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി. പ്രശാന്ത് സമിതിക്ക് ഉറപ്പു നല്‍കി.

ദേവസ്വം ബോര്‍ഡ് സന്നിധാനം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സമിതി അംഗം കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!