Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 05/12/2023)

 

നവകേരളസദസ് :ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം. ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

എംഎല്‍എമാരുടെ നേതൃത്വത്തിലാണു മണ്ഡലതല സംഘാടകസമിതികള്‍ രൂപീകരിച്ചത്. ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു. ജനങ്ങളുമായി സംവദിച്ചു വീട്ടുമുറ്റസദസ്സ് നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ്. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നവകേരളസദസ്സിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്.

നവകേരളസദസുമായി ബന്ധപ്പെട്ടു മണ്ഡലതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. കോന്നി മണ്ഡലത്തില്‍ എം. ജി. സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും തമ്മിലുള്ള വനിതാ ഫുട്ബോള്‍ സൗഹൃദമത്സരം സംഘടിപ്പിച്ചു. ഒന്‍പതിന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നയിക്കുന്ന ജനപ്രതിനിധികളുടെ ടീമും ജില്ലാ കളക്ടര്‍ നയിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമും തമ്മിലുള്ള സൗഹൃദക്രിക്കറ്റ് മത്സരം സംഘടിപ്പിക്കും.

ഡിസംബര്‍ 16-ന് വൈകിട്ട് ആറിന് തിരുവല്ലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യ നവകേരളസദസ്സ്. 17-ന് രാവിലെ 11-ന് ആറന്മുളയിലും വൈകിട്ട് മൂന്നിന് റാന്നിയിലും നാലിന് കോന്നിയിലും ആറിന് അടൂരിലും സദസ് നടക്കും. വന്‍ജനപങ്കാളിത്തത്തോടെ സംസ്ഥാനമൊട്ടാകെ ഓരോ നിയമസഭാ മണ്ഡലത്തിലും സംഘടിപ്പിച്ചു വരുന്ന നവകേരള സദസ്സിനായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും നടക്കുന്നത്. ആറന്‍മുളയില്‍ രാവിലെ ഒന്‍പതിനു നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.

എല്ലാ മണ്ഡലങ്ങളിലേയും പ്രധാനവേദിക്ക് അഭിമുഖമായി ഇരുപതോളം കൗണ്ടറുകളാണ് പൊതുജനങ്ങളുടെ നിവേദനം സ്വീകരിക്കുന്നതിനായി ഏര്‍പ്പെടുത്തുക. സദസ് ആരംഭിക്കുന്നതിന് മുന്‍പ് വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും.

ജില്ലാ പഞ്ചായത്ത് വിജ്ഞാനീയം : മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന ജില്ലാ വിജ്ഞാനീയം വിവരശേഖരണത്തിന്റെ ഭാഗമായുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഉള്‍പ്പെട്ട ഭൂപ്രദേശത്തെ പ്രാചീനസംസ്‌കാരം, സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനം, നവോത്ഥാനം, ആത്മീയത, കലാ-കായിക രംഗം, സാഹിത്യ-ചരിത്രം, തീര്‍ഥാടനം, വിനോദസഞ്ചാരം, മാധ്യമ ചരിത്രം തുടങ്ങിയ വിഷയങ്ങളാണ് വിജ്ഞാനീയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ മാധ്യമപ്രവര്‍ത്തകരുടെ വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, കെ.ജെ ഏബ്രഹാം, രാജു കടകരപ്പള്ളി, സണ്ണി മാര്‍ക്കോസ്, ബാബു തോമസ്, ശരണ്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (എം ഐ യു) അനുയാത്ര പരിപാടിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും സംഗമം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തി. പത്തനംതിട്ട ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് നിര്‍വഹിച്ചു.

അടൂര്‍ ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. സാനി എം സോമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ഡി ഇ ഐ സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെറിന്‍ തോമസ് ബോധവല്‍ക്കരണക്ലാസ് നയിച്ചു. നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥിനികളും അനുയാത്ര ഗുണഭോക്താക്കളായ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. അനുയാത്ര പരിപാടിയിലൂടെ കുട്ടികള്‍ക്കു ലഭ്യമാകുന്ന സേവനങ്ങളും അനുഭവങ്ങളും മാതാപിതാക്കള്‍ പങ്കുവെച്ചു. അടൂര്‍ ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്‍സ് പീഡിയാട്രീഷന്‍ ഡോ. പ്രശാന്ത്, നഴ്‌സിങ് സൂപ്രണ്ട് ഇന്‍ചാര്‍ജ് മിനി, ഡി ഇ ഐ സി മാനേജര്‍ അര്‍ച്ചന സഹജന്‍, രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍ബിഎസ്‌കെ) കോഓര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, അടൂര്‍ ജനറല്‍ ആശുപത്രി പിആര്‍ഒ ഷൈനി സിജു, അനുയാത്ര ഡവലപ്‌മെന്റ് തെറാപ്പിസ്റ്റ് അഖില സൂസന്‍, അനുയാത്ര പരിപാടിയിലെ മറ്റു തെറാപ്പിസ്റ്റുകള്‍, ജില്ലയിലെ ആര്‍ബിഎസ്‌കെ നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ലോകമണ്ണ് ദിനാചരണം സംഘടിപ്പിച്ചു

ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ലോകമണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള മണ്ണ് ദിനപ്രതിജ്ഞ സോയില്‍ സര്‍വേ ഓഫീസര്‍ അമ്പിള്‍ വര്‍ഗീസ് ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കായി നടന്ന ജില്ലാതല മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. ജില്ലാകൃഷി അസി. ഡയറക്ടര്‍ ആര്‍ സുനില്‍കുമാര്‍ ഓമല്ലൂര്‍ പഞ്ചായത്തിന്റെ മണ്ണ് ഫലഭൂയിഷ്ഠിത മാപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. നൂതന സാങ്കേതികവിദ്യ പച്ചക്കറിയില്‍ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ക്കായി സൗജന്യമണ്ണ് പരിശോധനയും പച്ചക്കറിവിത്തുകളുടെ വിതരണവും നടന്നു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി ജസ്റ്റിന്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ കോശികുഞ്ഞ്, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് അംഗം വി ജി ശ്രീവിദ്യ എന്നിവര്‍ പങ്കെടുത്തു.

 

 

ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : താലൂക്ക് വികസനസമിതി

പത്തനംതിട്ട നഗരത്തിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നു കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ നിര്‍ത്തലാക്കണം. നഗരപരിധിയില്‍ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നത് ഒഴിവാക്കണം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കണം.

നഗരത്തിലെ കടകളിലും മറ്റും തീപിടുത്തമുണ്ടായാല്‍ തീ അണയ്ക്കുന്നതിനുള്ള അടിസ്ഥാനസംവിധാനങ്ങള്‍ സ്ഥാപനങ്ങളില്‍ തന്നെ സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് എ റ്റി എം സ്ഥാപിക്കണം. പത്തനംതിട്ടയില്‍ നിന്നു അമൃത ഹോസ്പിറ്റല്‍ പോകുന്ന കെഎസ്ആര്‍ടി ബസ് നിര്‍ത്തലാക്കിയതു പുനരാരംഭിക്കുന്നതിനു വേണ്ട നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു പ്രശ്നപരിഹാരങ്ങള്‍ക്കാവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി.

കോഴഞ്ചേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റോയി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ പി സുധീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷൈനി ബേബി, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, വിവിധ രാഷ്ട്രീയപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഒടുക്കണം

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഡിസംബര്‍ 27 വരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. വാര്‍ഡ്, തീയതി , സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് മൂന്ന് – ഇന്ന് (ഡിസംബര്‍ 06) പുളിമുക്ക് ജനസേവനകേന്ദ്രം.
വാര്‍ഡ് നാല് – ഏഴിന് സാസ്‌കാരികനിലയം ഇളകൊളളൂര്‍.
വാര്‍ഡ് അഞ്ച് – എട്ടിന് ഇളകൊളളൂര്‍ സ്‌കൂള്‍ ജംഗ്ഷന്‍.
വാര്‍ഡ് ആറ് – 11 ന് തെങ്ങുംകാവ് സ്‌കൂള്‍ ജംഗ്ഷന്‍.
വാര്‍ഡ് ഏഴ് – 12 ന് പന്നിക്കണ്ടം യൂത്ത് സെന്റര്‍.
വാര്‍ഡ് എട്ട് – 13 ന് വെളളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍.
വാര്‍ഡ് ഒന്‍പത് – 14 ന് 77 നമ്പര്‍ അങ്കണവാടി പൂവന്‍പാറ.
വാര്‍ഡ് 10 – 15 ന് ഇളപ്പുപാറ 66-ാം നമ്പര്‍ അങ്കണവാടി.
വാര്‍ഡ് 11- 16 ന് കൈതക്കര 69-ാം നമ്പര്‍ അങ്കണവാടി.
വാര്‍ഡ് 12 – 18 ന് വകയാര്‍ ആയുര്‍വേദ ആശുപത്രി.
വാര്‍ഡ് 13- 19 ന് വികോട്ടയം വി ഇ ഒ ഓഫീസ്.
വാര്‍ഡ് 14 – 20 ന് അന്തിച്ചന്ത ലൈബ്രറി.
വാര്‍ഡ് 15- 21 ന് വികോട്ടയം ജംഗ്ഷന്‍,
വാര്‍ഡ് 16- 22 ന് ആശുപത്രി ജംഗ്ഷന്‍ വികോട്ടയം .
വാര്‍ഡ് 17- 23 ന് പഞ്ചായത്ത് ഓഫീസ്.
വാര്‍ഡ് 18- 26 ന് പൂങ്കാവ് ജംഗ്ഷന്‍.
വാര്‍ഡ് 19- 27 ന് പ്രമാടം ക്ഷേത്രം ജംഗ്ഷന്‍.
ഫോണ്‍: 0468 2242215.

ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഡിസംബര്‍ 12 മുതല്‍ 16 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, പ്രൊജക്ട് തയാറാക്കല്‍ തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെട്ട പരിശീലനത്തിന് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്.(എസ് സി ,എസ് റ്റി കാറ്റഗറിക്ക് യഥാക്രമം 2000, 1000 രൂപ) ഫോണ്‍: 0484 2532890,2550322,9605542061.വെബ്സൈറ്റ്: www.kied.info

ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്കു പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. ഫോണ്‍: 0484 2532890, 2550322, 7012376994. വെബ്സൈറ്റ്: www.kied.info

ഗതാഗതനിയന്ത്രണം

ചെറുകോല്‍പുഴ- റാന്നി റോഡില്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു റോഡിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള ഗതാഗതം നിയന്ത്രിച്ചു. കോഴഞ്ചേരിയില്‍ നിന്നും റാന്നിയിലേക്ക് പോകേണ്ട യാത്രക്കാര്‍ ചെറുകോല്‍പുഴ ജംഗ്ഷനില്‍ നിന്നും തീയാടിക്കല്‍ -പ്ലാങ്കമണ്‍ പൂവന്‍മല വഴി റാന്നിയിലേക്കും റാന്നിയില്‍ നിന്നും കോഴഞ്ചേരി ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ പേരിച്ചാല്‍- പ്ലാങ്കമണ്‍ റോഡ് – തീയാടിക്കല്‍ വഴി ചെറുകോല്‍പുഴ ജംഗ്ഷനിലേക്കും എത്തിചേരണമെന്ന് കെആര്‍എഫ്ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സായുധസേനാ പതാകദിനം

ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാതല പതാകദിനനിധി സമാഹരണത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിക്കും.

പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം (6/12)

പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവം (6/12) . മൗണ്ട് ബഥനി എച്ച്എസ്എസില്‍ രാവിലെ പത്തിന് കലോല്‍സവത്തിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാകളക്ടര്‍ എ ഷിബു സുവനീര്‍ പ്രകാശനം ചെയ്യും.

ലോഗോ തയ്യാറാക്കിയ കുട്ടികള്‍ക്കുള്ള സമ്മാനദാനം നഗരസഭാധ്യക്ഷന്‍ അഡ്വ ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കൂട്ട്, കരുതല്‍, പുഞ്ചിരി, കുട്ടിത്തം, നന്മ, സൗഹൃദം, ലാളിത്യം, ഒരുമ, സ്നേഹം , കനിവ് എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്ന വേദികളിലായി വിവിധ മത്സരയിനങ്ങള്‍ അരങ്ങേറും. എസ്എച്ച് എച്ച്എസ്എസ് , എസ്എന്‍വി യുപി സ്‌കൂള്‍, എന്‍എം എല്‍പിഎസ്, എംഎസ്സി എല്‍പിഎസ് , എസ്എച്ച് ടിടിഐ എന്നീ സ്‌കൂളുകളിലാണ് വേദി സജ്ജീകരിച്ചിട്ടുള്ളത്.

error: Content is protected !!