Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2023)

 

 

മികച്ച സേവനങ്ങളുമായി സന്നിധാനം ആയുർവേദാശുപത്രി

മലകയറിയെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക്  സൗജന്യ ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനത്തെ ആയുർവേദാശുപത്രി.
പനി, ജലദോഷം, ശരീര വേദന, മുട്ടുവേദന, മസിൽ വേദന എന്നിവയ്ക്കാണ് പ്രധാനമായും ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. മസിൽ വേദനയ്ക്കു പരിഹാരമായി തെറാപ്പി സൗകര്യവും ആവി പിടിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

10232 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. സന്നിധാനത്തെ ഉദ്യോഗസ്ഥരാണ് പ്രധാനമായും ചികിത്സക്കെത്തുന്നത്. രോഗികൾക്കാവശ്യമായ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാക്കണന്ന് ചാർജ് ഓഫീസര്‍ ഡോ. കെ.സുജിത്ത് പറഞ്ഞു.  ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാരടക്കം 23 ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്.

മൂന്നു ഫാര്‍മസിസ്റ്റ്, ആറു തെറാപ്പിസ്റ്റ്, മൂന്നു ക്ലീനിംഗ് സ്റ്റാഫ്, മൂന്ന് അറ്റന്‍ഡര്‍,   എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. എട്ടു ദിവസമാണ് ഒരു ടീമിൻ്റെ ഡ്യൂട്ടി കാലാവധി.
മലകയറിയെത്തുന്ന തീര്‍ഥാടകര്‍ക്കു 24 മണിക്കൂറും ആയുർവേദ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം.

ഭക്തിയിൽ നിറഞ്ഞു പറകൊട്ടിപ്പാട്ട്

 

ത്രികാല ദോഷങ്ങളകറ്റാൻ സന്നിധാനത്തു പറകൊട്ടിപ്പാട്ടു സംഗീതം കേൾക്കുവാൻ   തുടങ്ങിയിട്ടു വർഷങ്ങളായി. പരമശിവൻ മലവേടനായി  അവതരിച്ച് പറകൊട്ടി പാടി അയ്യന്റെ ദോഷം തീര്‍ത്തു വെന്നാണ് പറകൊട്ടിപ്പാട്ടിൻ്റെ ഐതീഹ്യം. ഈ വിശ്വാസപ്രമാണങ്ങളെ ശിരസിലേറ്റുവാങ്ങി മാളികപ്പുറത്തു പറകൊട്ടിപ്പാട്ട് ഇന്നും നടക്കുന്നു.

പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിലുളളവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയര്‍.  പാരമ്പര്യമായി ലഭിക്കുന്ന പാട്ടിന്റെ ഈരടികളില്‍ സര്‍വദോഷ പരിഹാരത്തിനായി ഇവര്‍ ഹൃദയം തൊട്ടുപാടുന്നു. മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടി പാട്ട് നടക്കുന്നത്.  പറകൊട്ടി പാടുമ്പോള്‍ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുന്നത്. പറ കൊട്ടുമ്പോള്‍ ഓം എന്ന ശബ്ദമാണ് ഉയരുക.

പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായിട്ടുമാണ് സങ്കല്‍പ്പിക്കുന്നത്. പാട്ടിന് ഒടുവില്‍ ഭക്തന്റെ ശിരസില്‍ കൈവെച്ചു നെറ്റിയില്‍ ഭസ്മം വരച്ചനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും പാദം മുതല്‍ ശിരസു വരെയുളള സര്‍വദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.

പരമശിവന്‍ മലവേടന്റെ രൂപത്തില്‍ പന്തളം കൊട്ടാരത്തില്‍ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങള്‍ അകറ്റിയതിന്റെ വിശ്വാസ മഹിമയാണ് പറകൊട്ടിപ്പാട്ടിനുളളത്.  പാലാഴി മഥനത്തെ തുടര്‍ന്നു വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവന്‍ വേലനായും പാര്‍വതി വേലത്തിയായും അവതരിച്ചു പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്.

ശബരിമല ക്ഷേത്രനിര്‍മാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോള്‍ പന്തളം രാജാവ് ദേവപ്രശ്‌നം വച്ചപ്പോള്‍ അശുദ്ധിയുളളതായി കണ്ടെത്തി.  ഇതിന് പരിഹാരമായി വേലന്‍മാരെ കൊണ്ട് പറകൊട്ടി പാടണമെന്നും ദേവഹിതത്തില്‍ തെളിഞ്ഞു. അങ്ങനെയാണ് ശബരിമലയില്‍ പറകൊട്ടിപ്പാട്ട്  തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പതിനെട്ടാം പടിക്കുതാഴെയാണ് പറകൊട്ടി പാട്ട് അരങ്ങേറിയിരുന്നത്. ഇവിടെ തിരക്കു കൂടിയതോടെ സ്ഥലപരിമിതിയെ തുടര്‍ന്നു  മണിമണ്ഡപത്തിനു സമീപത്തേക്കു മാറ്റുകയായിരുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്നവർ അനവധിയാണ്.’

ശബരിമലയിലെ ചടങ്ങുകൾ ( 4.12.2023 )

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.