Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (02/12/2023)

ഭക്തരുടെ മനം നിറച്ച് അയ്യന് പറ നിറയ്ക്കല്‍

ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്‍പം.

പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്.മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നു.

200 രൂപയാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം അയ്യപ്പ ഭക്തരാണ് നെല്‍പ്പറ നിറയ്ക്കുന്നത്.

ശരണപാതയിൽ കരുതലോടെ ആരോഗ്യ വകുപ്പ്

ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കരുതലായി ആരോഗ്യവകുപ്പ്. വകുപ്പിൻ്റെ നേതൃത്വത്തിൽ സുസജ്ജമായ ആരോഗ്യ  സംവിധാനങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.
ശബരിമല തീർഥാടനവുമായി  ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും  24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ. പി അത്യാഹിത വിഭാഗം സേവനങ്ങൾ  ഒരുക്കിയിട്ടുണ്ട്. പമ്പ,  നീലിമല അപ്പാച്ചിമേട് സന്നിധാനം എന്നീ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാണ്.  സന്നിധാനം പമ്പ ആശുപത്രികളിൽ മൈനർ ഓപ്പറേഷൻ തിയേറ്ററുകൾ, നിലക്കൽ ,പമ്പ,സന്നിധാനം  ആശുപത്രികളിൽ ലാബ്‌  സൗകര്യങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

കാനനപാതയിലും   പ്രധാന തീർഥാടന പാതയിലുമായി   24 മണിക്കൂറും പ്രവർത്തിക്കുന്ന 19 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങൾ, നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകൾ, ചരൽമേട്, കരിമല എന്നിവിടങ്ങളിൽ ഡിസ്പെൻസറികൾ,  ആംബുലൻസ് മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങൾ,കോന്നി മെഡിക്കൽ കോളേജിൽ പ്രത്യേക ശബരിമല വാർഡ് എന്നീ സൗകര്യങ്ങൾ തീർഥാടകർക്കായി  വകുപ്പ് ഒരുക്കിയിട്ടുണ്ട്.

അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍  വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4×4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയും സജ്ജമാണ്.
കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

 

തീര്‍ഥാടകര്‍ക്കു വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനാണു വാഹനം നിയന്ത്രിക്കുന്നത്.  തീർഥാടകർക്ക് എന്തെങ്കിലും വിധത്തിലുള്ള  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ  അടിയന്തിര  വൈദ്യ സഹായത്തിനായി 04735203232 എന്ന നമ്പറിൽ ബന്ധപ്പെടാം .

തീർഥാടന കാലത്തിനു ദിവസങ്ങൾക്കു മുമ്പ് തന്നെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മണ്ഡല- മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി  ഒരുക്കങ്ങൾ പൂർത്തീകരിച്ചിരുന്നു. മണ്ഡല – മകരവിളക്കു കാലത്തു  ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക്  മികച്ച ആരോഗ്യസേവനങ്ങൾ  ഒരുക്കുന്നതിനായി 24 മണിക്കൂറും  ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നത്.

മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം അഞ്ചിന് പമ്പയിൽ

മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി അഞ്ചിന് രാവിലെ 11:30 പമ്പാ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. യോഗത്തിനു ശേഷം സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കുന്നതിനു സമിതി അംഗങ്ങൾ സന്നിധാനത്ത് സന്ദർശനം നടത്തും.

 

വനംവകുപ്പ് ശബരിമലയില്‍ നിന്ന് നാടുകടത്തിയത് 88 പന്നികളെ

സന്നിധാനത്ത് വകുപ്പ് നടത്തിയത് വിപുലമായ മുന്നൊരുക്കങ്ങള്‍  : ഇതുവരെ പിടികൂടിയത് 59 പാമ്പുകളെ

 

അയ്യപ്പന്മാർ നിറഞ്ഞ സന്നിധാനത്ത് വന്യമൃഗങ്ങളോ ഇഴജന്തുക്കളോ എത്താതെ എപ്പോഴും ജാഗരൂകരാണ് വനം വകുപ്പ്. അയ്യപ്പഭക്തരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുന്‍കരുതല്‍ നല്‍കിയാണ് വനം വകുപ്പ് ശബരിമലയിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സന്നിധാനത്തു നിന്നും 88 പന്നികളെയാണ് പിടികൂടി മാറ്റിയത്.മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പഭക്തര്‍ക്കു അപകടകരമാകുന്ന രീതിയില്‍ കണ്ടുവന്ന പന്നികളെ സന്നിധാനത്തു നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞത് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളില്‍ പിടികൂടിയാണ് പന്നികളെ ഉൾക്കാടുകളിൽ  തുറന്നുവിട്ടത്.

മണ്ഡലകാലം ആരംഭിച്ചതിനു ശേഷം (ഡിസംബര്‍ 2) വരെ 59 പാമ്പുകളെയാണ് സന്നിധാനത്തു നിന്നും പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉള്‍ക്കാടുകളില്‍ തുറന്നു വിടും.

ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.

എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാല്‍ സദാസമയവും നിരീക്ഷണം നടത്തുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ചെറുക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രി സമയങ്ങളില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷാ പട്രോളിങ്ങും നടത്തുന്നു.
കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

error: Content is protected !!