Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 01/12/2023)

 

അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി :ശബരിമല എഡിഎം

26 കേസുകളിലായി 1,71,000 രൂപ പിഴയീടാക്കി

 

തിരക്കുകൂടുന്ന സന്ദർഭങ്ങളിൽഅയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു  ശബരിമല എഡിഎം സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം  എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,71,000 രൂപ പിഴയീടാക്കുകയും ചെയ്തു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും, ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുക, നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക, നിർമാണ തീയതി, വിതരണ തീയതി എന്നിവ രേഖപ്പെടുത്താത്ത ഭക്ഷ്യ ഉത്പന്നങ്ങൾ ,പായ്ക്കറ്റുകൾ എന്നിവ വിൽപ്പന നടത്തുക എന്നീ ക്രമക്കേടുകളാണ് സ്ക്വാഡുകൾ കണ്ടെത്തുന്നത്. ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ 984710 2687,9745602733 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാമെന്നും എഡിഎം പറഞ്ഞു.

ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ കെ കൃപ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.കെ പ്രസിൽ, ലീഗൽ മെട്രോളജി ഇൻസ്പക്ടർ ബാബു കെ ജോർജ്, സ്ക്വാഡ് സൂപ്രണ്ട് കെ.സി. സുനിൽ കുമാർ, സ്ക്വാഡ് അംഗങ്ങളായ ഗിരീഷ് കുമാർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പുദ്യോഗസ്ഥർക്കായി നടത്തിയ അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച മുൻകരുതലോടെയുള്ള പ്രവർത്തനത്തിൻ്റെ ഫലമാണ് ഗംഭീരവും സമാധാനപരവുമായി തീർഥാടനം നടക്കുന്നതിനു കാരണം. വകുപ്പുകളുടെ സുസ്ത്വർഹ്യമായ സേവനങ്ങളാണ് തീർഥാടനത്തെ മുന്നേറ്റുന്നത്. സന്നിധാനത്തുണ്ടാകുന്ന ചെറിയ കുറവുകൾ വരെ സമയബന്ധിതമായി പൂർത്തിയാക്കും. പവിത്രം ശബരിമല പദ്ധതി മികച്ച രീതിയിൽ നടപ്പാക്കും.

എല്ലാ ദിവസവും രാവിലെ ഒമ്പതിന് തുടങ്ങി ഒരു മണിക്കൂർ നീളുന്ന ക്ഷേത്ര ഭാരവാഹികളുടെയും ജീവനക്കാരുടെയും പരിശ്രമമായാണ് സന്നിധാനം ശുദ്ധീകരിക്കുന്നത്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ മിച്ചഭൂമികൾ പൂജയ്ക്കുള്ള തുളസി, അരളി, ജമന്തി തുടങ്ങിയ പൂക്കൾ കൃഷിചെയ്യാൻ വിനിയോഗിക്കുമെന്നും ദേവസ്വം ബോർഡിന് ബോർഡിന് കീഴിലുള്ള 1,257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കും. വളരെ വിശുദ്ധമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു


ഭസ്മക്കുളത്തിൽ സ്നാനം നടത്തി അയ്യപ്പ ഭക്തന്മാർ

സന്നിധാനത്തെ ഭസ്മക്കുളത്തിൽ സ്നാനം നടത്തി ഭക്തന്മാർ. ധാരാളം ഭക്തജനങ്ങളാണ്  തൊഴുതു കഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും
ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷമാണ്
ഭക്തര്‍ ഇവിടേക്കെത്തുക. സോപ്പോ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തില്‍ കുളിച്ചശേഷം
തിരികെ പോയി  നെയ്യഭിഷേകം നടത്തുന്നവര്‍ ഒട്ടേറെയാണ്.

ശബരിമലയില്‍ ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും ഭസ്മക്കുളത്തിലെ സ്‌നാനത്തിനുശേഷം നേര്‍ച്ച നിര്‍വഹിക്കാനായി പോകുന്നു.
ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്.

മാളികപ്പുറത്തുനിന്നു 100 മീറ്റര്‍ അകലെയാണ് കുളം. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും നടുക്ക് കരിങ്കല്‍ പാകിയതുമാണ് ഭസ്മക്കുളം. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വസിച്ചുപോരുന്നത്.
ആറു ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഭസ്മക്കുളത്തിനു സമീപം ഡ്യൂട്ടിക്കുണ്ട്. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, സ്ട്രക്ചർ, ഫ്ലോട്ടിംഗ് പമ്പ് ,ഹോസ് ഫസ്റ്റ് എയ്ഡ് മരുന്നുകൾ എന്നിവയും ഭസ്മക്കുള്ളത്തിനു സമീപം സജീകരിച്ചിട്ടുണ്ട്

 

ശബരിമലയിലെ  ചടങ്ങുകൾ (1.12.2023 )
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

പ്രശസ്ത സംഗീതജ്ഞൻ ശിവമണിയുടെ ഡ്രംസ് സന്നിധാനത്ത് ഇന്ന് 10 മണിക്ക്

error: Content is protected !!