Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 29/11/2023)

ശബരിമലയിലെ ചടങ്ങുകൾ ( 30.11.2023)

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

 

 

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഒരേ സമയം
ആയിരം ഭക്തർക്ക് പുതിയ ക്ലോക്ക് റൂമിൻ്റെ പ്രയോജനം ലഭിക്കും.

പമ്പയിലെത്തുന്ന അയ്യപ്പഭക്തന്മാർ പമ്പാ സ്നാനത്തിനായി  പോകുമ്പോഴും ശബരിമല  ദർശനത്തിനായി പോകുമ്പോഴുമാണു ക്ലോക്ക് റൂമിൻ്റെ  സഹായം തേടുന്നത്. നിലവിൽ പമ്പയിൽ പ്രവർത്തിക്കുന്ന ക്ലോക്ക് റൂമിൽ ഒരുസമയം അഞ്ഞൂറ്  സ്വാമിമാരുടെ ബാഗുകൾ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്.
ഭക്തരുടെ ആവശ്യകത പരിഗണിച്ചാണ് പമ്പയിൽ ഒരു ക്ലോക്ക് റൂം കൂടി അടിയന്തരത്തിൽ സജ്ജമാക്കുന്നത്.

നിലവിൽ പമ്പയിൽ ലേലത്തിനു നൽകിയിരിക്കുന്ന ഹോട്ടലിൻ്റെ മുകളിലത്തെ നിലയിലാണ് പുതിയ ക്ലോക്ക് റൂം ഒരുക്കുക. ചെറിയ അറ്റകുറ്റപ്പണികൾ ആവശ്യമായുള്ള ഹാൾ അതിനു ശേഷം ക്ലോക്ക് റൂമാക്കി മാറ്റും.  കെട്ടിടത്തിൻ്റെ പണികൾ അടിയന്തരമായി പൂർത്തിയാക്കി എത്രയും വേഗം ക്ലോക്ക് റൂം പ്രവർത്തിപ്പിക്കും. പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാനായി താൽക്കാലിക വിരി ഷെഡുകളും ഒരുങ്ങി വരുന്നു

 

 

ശബരിമലയിൽ ട്രെൻഡിംഗായി അയ്യൻ ആപ്പ്

konnivartha.com: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു  സഹായമാകുന്ന തരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച അയ്യന്‍  മൊബൈല്‍ ആപ്പ്  അയ്യപ്പഭക്തരിൽ ട്രെൻഡിംഗ് ആവുന്നു.നട തുറന്നു പത്തു ദിവസത്തിനുള്ളിൽ ആപ്പ് ഡൗൺലോഡ് ചെയ്തതു ഒരു ലക്ഷം പേരാണ്. സന്നിധാനത്തേക്കുള്ള തീർഥാടകരുടെ യാത്രയിൽ വലിയ സഹായമായി മാറുകയാണ് അയ്യൻ ആപ്പ്.

പമ്പ,സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം-എരുമേലി-അഴുതക്കടവ് പമ്പ, സത്രം -ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതുശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്‌സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലുണ്ട്. അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിൽ ലഭ്യമാണ്‌. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭിക്കും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ‘അയ്യന്‍’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളില്‍ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളില്‍ ഉള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈനിലും ഓഫ്‌ലൈനനിലും ആപ്പ് പ്രവര്‍ത്തിക്കും. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും.കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെപ്പേര്‍ഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത പാതകളില്‍ എത്തിപ്പെടുന്ന അയ്യപ്പഭക്തര്‍ക്ക് സഹായകരമായ വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ശബരിമലയെ ശുദ്ധിയാക്കി വിശുദ്ധിസേന

ശബരിമല ശാസ്താവിൻ്റെ പൂങ്കാവനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ.1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും.

സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്.

ജില്ലാ കളക്ടര്‍ എ ഷിബു ചെയർമാനും അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളില്‍ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടത്തുന്നത്.

കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള സൂപ്പര്‍വൈസര്‍മാരെയും ഓരോ സെക്ടറുകളിലായി നിയോഗിച്ചിട്ടുണ്ട്.  24 മണിക്കൂറും വിശുദ്ധി സേനയുടെ ശുചീകരണം നടക്കുന്നുണ്ട്.

അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേട്ടുമാരും എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരുമാണ് താഴെത്തട്ടില്‍ വിശുദ്ധിസേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പവിത്രം ശബരിമല ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ ദിവസവും പങ്കാളികളാകുന്നുണ്ട്.

ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 1995ല്‍ ആണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും വാഹനവും ഒരുക്കിയിട്ടുണ്ട്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. വിശുദ്ധിസേനാംഗങ്ങള്‍ക്ക് വേതനത്തിന്  പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം എന്നിവയും നല്‍കുന്നു.
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഗ്രാന്റും ലഭിക്കുന്നുണ്ട്. ശബരിമല തീര്‍ഥാടനത്തിനു പുറമേ മേടവിഷു മഹോത്സവം, തിരുവുത്സവം കാലയളവുകളിലും വിശുദ്ധി സേന ശുചീകരണം നടത്തുന്നുണ്ട്.

 

വലിയ നടപ്പന്തലില്‍ സ്റ്റീല്‍ ടംബ്ലറുകളില്‍ കുടിവെള്ള വിതരണം

വലിയ നടപ്പന്തലില്‍ അയ്യപ്പഭക്തര്‍ക്ക്  അശ്വാസമായി ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ സ്റ്റീല്‍ ടംബ്ലറുകളില്‍ ഔഷധവെള്ള വിതരണം. മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമാവുകയാണ് കുടിവെള്ള വിതരണം.

ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് സ്റ്റീല്‍ ടംബ്ലറുകളില്‍ ദേവസ്വം ബോർഡ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പൂങ്കാവനം മാലിന്യ മുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കുടിവെള്ള വിതരണം. വെള്ളം കുടിച്ച ശേഷം ഉടന്‍ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തര്‍ക്ക് നല്‍കുകയും കാലിയായ മുറയ്ക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്യും.

ഭക്തര്‍ക്കെല്ലാം  ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്.നടപ്പന്തലിൻ്റെ രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വരികള്‍ക്കിടയിലുള്ള ഭക്തര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സ്റ്റീല്‍ ടംബ്ലറുകളില്‍ വെള്ളം നല്‍കുന്നതിലൂടെ സാധിക്കും.

സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ തൃക്കിടങ്ങൂർ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന നാരായണീയ പാരായണം

 

 

error: Content is protected !!