Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/11/2023)

അയ്യപ്പന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന :ജില്ലാ പോലീസ് മേധാവി വി.അജിത്

മണ്ഡല മകരവിളക്ക് കാലത്തോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തമാൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തി സുഖമമായ മണ്ഡല കാലം പ്രധാനം ചെയ്യുന്നതിന് ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി വി.അജിത്.

ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് മോഷ്ടാക്കളെയും മറ്റ് സാമൂഹ്യ വിരുദ്ധരെയം രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെയും കണ്ടെത്തുന്നതിലേക്ക് ജില്ലാ പോലീസ് ഡ്രോൺ വിഭാഗം ,ളാഹ ,ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ ഗണപതി കോവിൽ ,നീലീമല, മരക്കൂട്ടം ,സന്നിധാനം എന്നിവിടങ്ങളിലും ഉൾവന പ്രദേശങ്ങളിലും നിരീക്ഷണം നടത്തി.തുടർന്നുള്ള ദിവസങ്ങളിലും നിരീക്ഷണവും പരിശോധനകളും ശക്തി പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് ചന്ദ്രശേഖർ, പമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ആദർശ് തുടങ്ങിയവർ നിരീക്ഷണത്തിനു നേതൃത്വം നൽകി.

ശബരിമലയിലെ 26.11.2023 – ലെ ചടങ്ങുകൾ

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

സന്നിധാനത്ത് കളരിപ്പയറ്റ് പ്രദർശനം ഒരുക്കി അരുവായി വി കെ എം കളരി സംഘം

മണ്ഡലകാലം ആരംഭിച്ചതോടെ പതിവുപോലെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തുന്നത് തുടരുന്നു. ഇന്ന് (നവംബർ 25)അരുവായി വി കെ എം കളരി സംഘത്തിന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് പ്രദർശനമായിരുന്നു നടന്നത്. കളരി ആശാൻ എം ബി വിനോദ് കുമാർ ഗുരുക്കളുടെ നേതൃത്വത്തിൽ നടന്ന പയറ്റ് കഴിഞ്ഞ 12 വർഷമായി സന്നിധാനത്ത് മുടങ്ങാതെ നടത്തിവരികയാണ്. എം സി ബാലൻ ഗുരുക്കൾ സ്ഥാപിച്ച 45 വർഷം പാരമ്പര്യമുള്ള കളരിസംഘം വന്ദനം മുതൽ ഉറുമി പയറ്റു വരെയാണ് കാഴ്ചവച്ചത്. ദേശീയ ഗയിംസ് മെയ്പ്പയറ്റ് സ്വർണ മെഡൽ ജേതാവ് കെ എ അഭിരാം, ഖേലോ ഇന്ത്യ ഖേലോ മെയ്പ്പയറ്റ് ജേതാക്കൾ ആയ വി എസ് സിധുൻ, ഹരി നന്ദൻ,വേദനാഥ് , കളരി വിദ്യാർത്ഥികൾ തുടങ്ങിയവർ കളരി പ്രദർശനം കാഴ്ചവച്ചു


ജലക്ഷാമം ഉണ്ടാകാതെ ഇരിക്കുവാൻ രണ്ട ലക്ഷം ലിറ്ററിന്റെ സ്റ്റീൽ ടാങ്ക്

മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലും യാതൊരു വിധ ജല ക്ഷാമവും അനുഭവപെടാതെ ഇരിക്കുവാൻ വാട്ടർ അതോറിറ്റി രണ്ടു ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള സ്റ്റീൽ ടാങ്ക് സ്ഥാപിച്ചു. നിലവിൽ നാല് ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള പമ്പയിലെ പ്രധാന ടാങ്കിനോട് ചേർന്നാണ് പുതിയ സ്റ്റീൽ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ജലവിതരണത്തിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും നിലവിൽ ഇല്ല.

അയ്യപ്പ ഭക്തർക്ക് യാതൊരു വിധ ക്ലേശങ്ങളും നേരിടാത്ത മണ്ഡലകാലം ഒരുക്കുകയാണ് വാട്ടർ അതോറിറ്റിയുടെ ലക്ഷ്യം. ഏതെങ്കിലും കാരണവശാൽ പ്രധാന ടാങ്കിലേക്ക് പമ്പിങ് നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നത് മുൻകൂട്ടി കണ്ടാണ് രണ്ടു ലക്ഷം ലിറ്ററിന്റെ പുതിയ ടാങ്ക് സ്ഥാപിച്ചത്. ഇതിലൂടെ കുറ്റമറ്റ രീതിയിൽ ഉള്ള ജല വിതരണം വാട്ടർ അതോറിറ്റി ഉറപ്പ് നൽകുന്നു.

അയ്യപ്പന്മാർക്ക് സഹായമായി വനം വകുപ്പിന്റെ ‘അയ്യൻ’ ആപ്പ്

മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് സഹായവുമായി വനം വകുപ്പ് അവതരിപ്പിച്ച ‘അയ്യൻ’ആപ്പ്. ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ സാധിക്കും. ഓഫ്‌ലൈൻ ആയും പ്രവർത്തിക്കുന്ന രീതിയിൽ ആണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. സന്നിധാനത്തേക്ക് ഉള്ള ദൂരം,

മെഡിക്കൽ എമർജൻസി യൂണിറ്റ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, എലഫന്റ് സ്‌ക്വാഡ് യൂണിറ്റ് വിവരങ്ങൾ തുടങ്ങി അയ്യപ്പന്മാർക് യാത്ര മദ്ധ്യേ ആവശ്യമായ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി ഉള്ള അടിയന്തര സഹായ നമ്പറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. കാനനപാത കവാടങ്ങളിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തോ https://play.google.com/store/apps/details?id=com.sabarimala.sabariwalk എന്ന ലിങ്ക് വഴിയോ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഇത്തവണ മല കയറുന്നത് ആരോഗ്യ ബോധം ഉള്ള അയ്യപ്പന്മാർ : ചീഫ് മെഡിക്കൽ ഓഫീസർ

മല ചവിട്ടുന്ന അയ്യപ്പന്മാർ ആരോഗ്യബോധം ഉള്ളവരാകുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലുള്ള കുറവിൽ നിന്ന് വ്യക്തമാണ് എന്ന് ശബരിമല സഹാസ് കാർഡിയോളജി ചീഫ് മെഡിക്കൽ ഓഫീസർ ഡോ വാസുദേവൻ . ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ സ്വാമിമാർ അത് പോലെ പാലിക്കുകയും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളും ആകുന്നത് മുൻ വർഷങ്ങളിലേക്കാൾ ഈ വർഷം കൂടുതലാണ്.

 

കാലാവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിച്ചാൽ ഗണ്യമായ കുറവ് രോഗികളുടെ എണ്ണത്തിൽ വന്നിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിനാൽ തന്നെ അയ്യപ്പന്മാർക്ക് കാനനപാതയിലും മറ്റും ഉണ്ടാകുന്ന അപകടങ്ങൾ കുറയുന്നതും വ്യക്തമാണ്. ഇതൊരു നല്ല പ്രവണതയാണ്.

തുടർന്നും മണ്ഡലകാല പുരോഗതിയിൽ എത്തുന്ന എല്ലാ അയ്യപ്പന്മാരും ഇതേ പാത പിന്തുടർന്നാൽ യാതൊരു വിധ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്ത മണ്ഡലകാലം ആവും ഇത്തവണത്തേത്. മൂന്ന് സി എം ഓ മാരുടെ കീഴിൽ 250ഓളം സ്റ്റാഫുകളുടെ സേവനത്തോടെ ആണ് ശബരിമലയിൽ ആരോഗ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും സന്നിധാനത്തും പമ്പയിലും ആരോഗ്യവകുപ്പ് ക്രമീകരിച്ചിട്ടിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തക്ക പ്രാപ്തമാണ് ഇതെന്നും സി എം ഓ അറിയിച്ചു.