Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/11/2023)

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ്  ഞായറാഴ്ച (26)പ്രവര്‍ത്തിക്കും

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കാനുളള അവസാന ദിവസം ഞായറാഴ്ച(26) ആയതിനാല്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസ് അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

ഫാര്‍മസിസ്റ്റ് നിയമനം

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ 27 മുതല്‍ ഡിസംബര്‍ നാലിനു വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍

പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ഡിസംബറില്‍ കണ്ണൂരില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected] എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 10. ഫോണ്‍, 8086987262, 0471-2308630.

 

ഗ്രോത്ത് പള്‍സംരംഭക പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. ഫോണ്‍: 0484 2532890,2550322,7012376994. വെബ്സൈറ്റ്: www.kied.info

മില്‍മ ഡയറി സന്ദര്‍ശിക്കാം

ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി 26, 27 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ പൊതുജനങ്ങള്‍ക്ക് പത്തനംതിട്ട മില്‍മ ഡയറി സന്ദര്‍ശിക്കാന്‍ സൗകര്യം. ക്ഷീരവികസന മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഡയറിയില്‍ സജ്ജീകരിക്കും. മില്‍മ ഉത്പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് റേറ്റില്‍ വാങ്ങാനുള്ള അവസരവും ഉണ്ടാകും.

അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

പറക്കോട് ശിശുവികസനപദ്ധതി ഓഫീസ്പരിധിയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടിവര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഏനാദിമംഗലംപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന അപേക്ഷഫോം സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 20 ന് വൈകുന്നേരം അഞ്ചു വരെ.

അപേക്ഷകര്‍ 01/01/2023 തീയതിയില്‍ 18-46 നും ഇടയില്‍ പ്രായമുള്ളവരും സേവനതല്‍പരതയും മറ്റുമതിയായ ശാരീരികശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടിവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടിഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും,വായിക്കുവാനുംഅറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം. ഫോണ്‍ :04734-217010 .

യോഗം 28 ന്

കുടുംബശ്രീ-സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 28 ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേരും.

ക്വട്ടേഷന്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആവശ്യത്തിനായി മാസവാടകയക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള ഒരു വാഹനത്തിന് മോട്ടോര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 30 ന് വൈകിട്ട് നാലുവരെ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 04734 224827.

ജില്ലാ വികസന സമിതി യോഗം ഇന്ന് (25)

ജില്ലാ വികസന സമിതി യോഗം ഇന്ന് ( നവംബര്‍ 25) ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

error: Content is protected !!