www.konnivartha.com
ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ഭക്തജനങ്ങളോട്
ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവം: കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കും
സന്നിധാനത്തേക്കുള്ള വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയമിക്കാൻ നിർദേശം
സന്നിധാനത്തേക്കുള്ള യാത്ര വഴികളിൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു. ഇതു സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചർച്ച നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾകടക്കം പാമ്പ് കടിയേറ്റിരുന്നു. നിലവിൽ നാലു പാമ്പു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയിൽ വനാശ്രീ തരിൽ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും തീർത്ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.
സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവം : കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം.
തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജന (6) നാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച പുലർച്ചെ നാലിനു പാമ്പുകടി ഏറ്റത്. കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇൻജെക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണലിയുടെ കടിയാണ് ഏറ്റത് എന്നാണ് നിഗമനം.
കാനന പാതയിലും സ്വാമി അയ്യപ്പൻ റോഡിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാതെ ഇരിക്കുവാനുള്ള നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രണ്ടു പാമ്പു പിടുത്തക്കാർ വനം വകുപ്പിന്റേതായി സേവനം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ നടന്ന അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടു പേരെ കൂടി അധികം വിന്യസിക്കാൻ ഉത്തരവിട്ടിട്ടുണ്ട് എന്ന് ഫോറെസ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. മഴയും കാലാവസ്ഥ വ്യതിയാനവും മനസിലാക്കി അയ്യപ്പന്മാർ കൂടുതകൾ ജാഗ്രത പുലർത്തണം എന്ന വനം വകുപ്പ് നിർദേശിച്ചു. അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട് എന്ന് ഡി എം ഓ അറിയിച്ചു.
ശബരിമല തീർത്ഥാടനം : ഫയർ ഫോഴ്സ് നിർദേശങ്ങൾ
അയ്യപ്പ ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ സുരക്ഷയ്ക്കായി അഗ്നി രക്ഷ സേനയും സിവിൽ ഡിഫെൻസ് വോളന്റീയർമാറും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം-പമ്പ കണ്ട്രോൾ റൂമുകൾക്ക് കീഴിലായി 14 ഫയർ പോയിന്റുകളും കൂടാതെ നിലയ്ക്കൽ മുതൽ കാളകെട്ടി വരെ 25 ഫയർ പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഫയർ പോയിന്റുകളിലായി 295 അഗ്നി ശമം സേന അംഗങ്ങളെ ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു
സുരക്ഷിതമായ മണ്ഡലകാലത്തിനായി അയ്യപ്പന്മാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ :
1) ജലാശയ അപകടം
*ദർശനത്തിനായി വരുമ്പോഴും പോകുമ്പോഴും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി കുളിക്കാതിരിക്കുക
*പമ്പ സ്നാന കടവിൽ ഇറങ്ങുന്ന അയ്യപ്പന്മാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികളായ അയ്യപ്പന്മാരെ പ്രത്യേകം ശ്രദ്ധിക്കണം
*അപകട സാധ്യമേഖല എന്ന അടയാളപെടുത്തിയ സ്ഥലങ്ങളിൽ ഇറങ്ങാതെ ഇരിക്കുക
*അപകടം ശ്രദ്ധയിൽ പെട്ടാൽ 101 നമ്പറിലോ അടുത്തുള്ള ഫയർ പോയിന്റിന്റെ വിവരം അറിയിക്കുക
2)തീ പിടുത്ത അപകടം
*എൽ പി ജി സിലിണ്ടർ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ആവശ്യത്തിനുള്ള സിലിണ്ടർ മാത്രം സ്ഥാപനത്തിൽ സൂക്ഷിക്കുക ; സ്റ്റോക്കിലുള്ളവ ഗോഡൗണിൽ സൂക്ഷിക്കുക
*എൽ പി ജി സിലിണ്ടറുകൾ ചൂട് തട്ടാതെയും പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവയിൽ നിന്നും അകലത്തിലും സൂക്ഷിക്കുക
*കച്ചവട സ്ഥാപനങ്ങൾ പ്രാഥമിക അഗ്നി ശമന ഉപകരണങ്ങൾ നിർബന്ധമായും സൂക്ഷിക്കുക
*വനത്തിനു സമീപം ഉള്ള കച്ചവടക്കാർ കടയ്ക്ക് ചുറ്റും ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
*അയ്യപ്പ ഭക്തർ ഒരു കാരണവശാലും സംരക്ഷണ വന മേഖലയിലേക്ക് കയറുവാനോ കാടിനുള്ളിൽ വച്ച് ഭക്ഷണം പാകം ചെയ്യാൻ പാടില്ല.
*അയ്യപ്പന്മാർ പടക്കങ്ങൾ കയ്യിൽകരുത്തുവാനോ പൊട്ടിക്കുവാനോ പാടില്ല
3) തിരക്കുമൂലമുള്ള അപകടം
*അനാവശ്യ തിരക്ക് ഉണ്ടാക്കാതെ ഇരിക്കുക. ദർശനത്തിനുള്ള ക്യുവിൽ സാവധാനത്തിൽ നീങ്ങുക
*ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ മെഡിക്കൽ സംഘത്തിന്റെ സഹായം തേടുക.
*ആഴിയുടെ സമീപം സുരക്ഷിതമായ അകലം പാലിക്കുക
*മകരവിളക്ക് ദർശനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക,
ഉയർന്ന മരച്ചില്ലകളും അപകടകരമായ പ്രദേശങ്ങളും ഒഴിവാക്കുക
എമർജൻസി നമ്പറുകൾ
സന്നിധാനം കണ്‍ട്രോള്‍ റൂം :04735 202033
പമ്പ കണ്‍ട്രോള്‍ റൂം :04735 203333
അഗ്നി രക്ഷാനിലയം സീതത്തോട് :04735 258101
അഗ്നി രക്ഷാനിലയം പത്തനംതിട്ട :04682 222001
അഗ്നി രക്ഷാനിലയം റാന്നി :04735 224101
അധിക വില ഈടാക്കൽ അളവ് കുറവ് :അമ്പത്തി ആറായിരം രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്
അളവ് കുറവും അമിത വില ഈടാക്കൽ തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുവാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ സന്നിധാനത്തെ കടകളിൽ പരിശോധന നടത്തി. ഡ്യൂട്ടി മജിസ്‌ട്രേറ്റ് പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നവംബർ 22 വരെ ഒമ്പത് കേസ് കണ്ടെത്തുകയും അമ്പത്തി ആറായിരം രൂപ പിഴ ഇടുകയും ചെയ്തു.സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ആരോഗ്യ, റവന്യു വകുപ്പുകളുടെ ഏകോപനത്തിൽ 24 മണിക്കൂറും സന്നിധാനത്ത് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
അടിയന്തരസാഹചര്യത്തിന് സുസജ്ജമായി സന്നിധാനവും പമ്പയും
കേന്ദ്ര കാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പമ്പയിലും സന്നിധാനത്തുമുള്ള മുഴുവൻ അടിയന്തരസേന അംഗങ്ങളും തയ്യാറെടുപ്പുകൾ നടത്തി സുസജ്ജം.
അഗ്നിശമന സേന അംഗങ്ങളെ സന്നിധാനത്തുള്ള പത്ത് പോയിന്റുകളിൽ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി വിന്യസിച്ചിട്ടുണ്ട്. സദാ ജാഗ്രത പുലർത്തുവാനും അടിയന്തര സാഹചര്യം മുന്നിൽ കണ്ട് പ്രവർത്തിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പയിൽ നിലവിൽ ജല നിരപ്പ് സാധാരണ ഗതിയിൽ ആണെങ്കിൽ പോലും റെഡ് അലർട്ട് കണക്കിലെടുത്തു ഭക്തന്മാർ പമ്പയിൽ ഇറങ്ങി കുളിക്കുന്നത് സേന അംഗങ്ങൾ നിയന്ത്രിക്കുന്നുണ്ട്. പോലീസ് സേനയുടെ ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്.
ശരംകുത്തി, മരക്കൂട്ടം സന്നിധാനം എന്നിവിടങ്ങളിൽ ജാഗ്രതനിർദ്ദേശങ്ങളും അറിയിപ്പുകളും അയ്യപ്പന്മാർക്കായി സേന നൽകുന്നുണ്ട്.ദുരന്ത നിവാരണ ഉപകരണങ്ങളോട് കൂടി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം സന്നിധാനത്തും ഒരു ടീം പമ്പയിലും ഇതിനോടകം തന്നെ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ആവശ്യം വന്നാൽ ബാക്കപ്പ് ആയി ഒരു ടീം തൃശ്ശൂരിൽ സജ്ജമാണ്.
മണ്ണിടിച്ചിലോ, മാസ്സ് കാഷ്യുവാലിറ്റിയോ മുന്നിൽ കണ്ട് എട്ട് ഡോക്ടർമാരും 50 സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘം സന്നിധാനം ആശുപത്രിയിൽ സജ്ജമാണ്. രണ്ട ഐ സി യു ബെഡുകളും ഒരു സെമി ഐ സി യു ബെഡും അടങ്ങുന്ന സൗകര്യങ്ങൾ സന്നിധാനം സഹസ് കാർഡിയോളജി ക്ലിനിക്കിൽ ലഭ്യമാണ്.
യാതൊരു വിധത്തിലുള്ള വൈദ്യുതി വിച്ഛേദനവും ഉണ്ടാകാതെ ഇരിക്കുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും കെ എസ് ഇ ബി യുടെ ഭാഗത്ത് നിന്ന് നടത്തിയിട്ടുണ്ട്. പമ്പയും സന്നിധാനവും മുഴുവനായും കേബിൾ സംവിധാനത്തിൽ വൈദ്യുതി വിതരണം നടത്തുന്നതിനാൽ അപകട സാധ്യതയും വിച്ഛേദന സാധ്യതയും 99 ശതമാനം കുറവാണു.
എല്ലാ വകുപ്പുകളും ഏകോപനത്തോടെ അയ്യപ്പഭക്തന്മാരുടെ സുരക്ഷയ്ക്കായി എല്ലാവിധ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ഒരിക്കിയിട്ടുണ്ട്. സേന അംഗങ്ങളുടെ നിർദേശങ്ങൾ അയ്യപ്പന്മാർ പാലിക്കണം എന്ന് സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.