പത്തനംതിട്ട ജില്ലയില്‍ മനസോടിത്തിരി മണ്ണ് കാമ്പയിന്‍ ശക്തമാക്കും
നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ജില്ലാതല അവലോകന യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ഹരിതകേരളം, ആര്‍ദ്രം, വിദ്യാകിരണം, ലൈഫ് എന്നീ നാലു മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മികച്ച രീതിയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. നവകേരളം കര്‍മ്മപദ്ധതിയുടെ പുരോഗതിക്ക് ജനപങ്കാളിത്തത്തോടെ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനമേഖലയായ ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം, കൃഷി-പരിസ്ഥിതി പുനസ്ഥാപനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ജലസംരക്ഷണത്തിന്റെ ഭാഗമായുള്ള ജലബജറ്റിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ റാന്നി ബ്ലോക്കില്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോണ്‍ കാമ്പയിനായി തിരഞ്ഞെടുത്ത 16 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ഗവി, അടവി ഇക്കോ ടൂറിസം, കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നിവിടങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി തുടര്‍പ്രവര്‍ത്തനം നടത്തും. മാലിന്യ സംസ്‌കരണത്തില്‍ യൂസര്‍ഫീ ഇനത്തില്‍ വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നുമായി ഒക്ടോബര്‍ മാസം 71,68,700 രൂപ ലഭിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി അഞ്ചു തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെ ഡിസംബറില്‍ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കും.
ലൈഫ്മിഷന്‍ പദ്ധതിയിലെ ഒന്നാംഘട്ടത്തില്‍ 1184, രണ്ടാംഘട്ടത്തില്‍ 2042, മൂന്നാംഘട്ടത്തില്‍ 836 ഭവനങ്ങളും എസ് സി, എസ് ടി, മത്സ്യതൊഴിലാളി വിഭാഗത്തിന് 1066 ഭവനങ്ങളും പൂര്‍ത്തികരിച്ചതായി ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു. വിദ്യാകിരണം പദ്ധതിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ചു കോടിയില്‍ ഉള്‍പ്പെട്ട അഞ്ച് സ്‌കൂളുകളും മൂന്നു കോടിയില്‍ ഉള്‍പ്പെട്ട അഞ്ച് സ്‌കൂളുകളും ഒരു കോടിയില്‍ ഉള്‍പ്പെട്ട ഒരു സ്‌കൂളിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. ജില്ലയില്‍ 36 പ്രീപ്രൈമറി സ്‌കൂളുകളില്‍ വര്‍ണകൂടാരം ആരംഭിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന ഭിന്നശേഷികുട്ടികള്‍ക്ക് തെറാപ്പി സേവനം നല്‍കുന്ന സ്പേസ് പദ്ധതി ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ നടപ്പാക്കി.
ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന സര്‍വേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതുള്‍പ്പെടെയുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഭൂമി കൂടുതല്‍ ലഭ്യമാക്കാനായി മനസോടിത്തിരി മണ്ണ് കാമ്പയിന്‍ ജില്ലയില്‍ ശക്തമാക്കുമെന്ന് നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു.
കളക്ടര്‍ എ ഷിബു, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, സംസ്ഥാന- ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.