Trending Now

കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി

 

തീരദേശവാസികളുടെ ചിരകാല സ്വപ്നമായ കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്. പ്രതിദിനം നാല് സർവീസുകൾ വീതമാണ് ഓരോ റൂട്ടിലുമുള്ളത്. കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 4.30ന് ആദ്യ സർവീസ് ആരംഭിച്ച് രാത്രി 11.25ന് അവസാനിക്കുന്നതരത്തിലാണ് സർവീസുകൾ.

വെട്ടുകാട് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ശംഖുമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി അധ്യക്ഷത വഹിച്ചു. വെട്ടുകാട് വാർഡ് കൗൺസിലർ ക്ലൈനസ് റോസാരിയോ, വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി വികാരി ഫാ. എഡിസൺ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള പുതിയ ബസ് സർവീസ് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്പെടുമെന്ന് മന്ത്രി പറഞ്ഞു. തീരദേശവാസികളുടെ  യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ ബസ് സർവീസ് സഹായകരമാവും.