സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ജില്ലാ കളക്ടര്‍ എ ഷിബു അടൂര്‍ സ്മിത തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ലേണിംഗ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നുമുതല്‍ പന്ത്രണ്ടു വരയുള്ള ക്ലാസ്സുകളിലെ കുട്ടികളില്‍ ഭാഷാ പരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയില്‍ സിനിമ പഠന വിഷയമാക്കിയിട്ടുണ്ട്. സിനിമയുടെ രീതിശാസ്ത്രവും സങ്കേതികത്വവും കുട്ടികളെ പരിചയപ്പെടുത്തുക, ഭാഷാ പഠനത്തില്‍ പിന്തുണ നല്‍കുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്. അബ്ബാസ് കിയ റോസ്തമി സംവിധാനം ചെയ്ത വെയര്‍ ഈസ് ഫ്രണ്ട്‌സ് ഹോം, ഫ്രഞ്ച് സിനിമ നൈറ്റ് ആന്‍ഡ് ഫോഗ്, സിദ്ധാര്‍ഥന്‍ സംവിധാനം ചെയ്ത ഇന്നലകളില്‍ മഞ്ഞു പെയ്യുമ്പോള്‍, ഹ്രസ്വചിത്രമായ ടു എന്നിവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു.
അടൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അലാവുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി അംഗം സിദ്ധാര്‍ഥന്‍ ഓപ്പണ്‍ ഫോറത്തിന് നേതൃത്വം നല്‍കി. സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ എ കെ പ്രകാശ്, എസ് സുജമോള്‍ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാ ദാസ്, ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ എ ഷെഹിന, പതിനൊന്നു ഉപജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപെട്ട ഇരുനൂറോളം വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.