Trending Now

കേരളീയം വാര്‍ത്തകള്‍ /വിശേഷം ( 02/11/2023)

‘നമ്മളെങ്ങനെ നമ്മളായി’ പ്രദര്‍ശനം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

‘നമ്മളെങ്ങനെ നമ്മളായി’ കോണ്‍ടെക്സ്ച്ച്വല്‍ കോസ്മോളജീസ്’ എന്ന പേരില്‍ കേരളീയത്തിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് കോളജില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ, കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഐ.പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷ്, ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി എന്നിവര്‍ക്കൊപ്പമാണ് പ്രദര്‍ശനം സന്ദര്‍ശിച്ചത്.

ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ അനുഷ്‌ക രാജേന്ദ്രന്‍, പ്രേംജിഷ് ആചാരി, എസ്.എന്‍. സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ 43 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. പെയിന്റിംഗ്, ഫോട്ടോ, വീഡിയോ, ശില്‍പങ്ങള്‍, ഇന്‍സ്റ്റേലേഷനുകള്‍ എന്നിവയടങ്ങുന്നതാണ് പ്രദര്‍ശനം.

വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ച് കേരളീയം

കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണപ്രപഞ്ചമൊരുക്കിയ കേരളീയത്തിന്റെ അലങ്കാരദീപങ്ങള്‍ കാണാന്‍ വന്‍ ജനത്തിരക്ക്.

കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റ്, അനക്സ്, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്. പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നില്‍ പ്രത്യേകമായി ആവിഷ്‌കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിയത്തില്‍ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്.

സെക്രട്ടറിയേറ്റിന്റെ നിര്‍മാണ ചാരുത വിളിച്ചറിയിക്കുന്ന തരത്തില്‍ വിവിധ നിറങ്ങളും വെളിച്ചവും സമന്വയിപ്പിച്ചാണ് ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ബലൂണുകള്‍ രാത്രിക്കാഴ്ചയ്ക്ക് കൂടുതല്‍ ഭംഗി പകരും. പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ വിവിധതരം പൂക്കളുടെ ആകൃതിയിലാണ് ദീപാലങ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഹരിത ചട്ടം ഉറപ്പിച്ച് നീറ്റായി കേരളീയം

ഏഴു ദിവസങ്ങളിലായി 42 വേദികളില്‍ നിറഞ്ഞാടുന്ന കേരളീയത്തെ ഹരിത സൗഹൃദമാക്കാന്‍ സദാ ജാഗ്രതയോടെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു നടത്തുന്ന പരിപാടിയില്‍ ഇത് ഉറപ്പാക്കാന്‍ വന്‍ വളന്റിയര്‍ സംഘവും ഹരിതകര്‍മസേനയും രംഗത്തുണ്ട്. കേരളീയത്തിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സമിതി നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
വേദികള്‍, സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ബാനറുകളും നിര്‍ദേശ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും തുണി, ചണം മുതലായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പ്രദര്‍ശന-വിപണന മേളകളിലും ഫുഡ് ഫെസ്റ്റിവലിലും പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സ്റ്റോര്‍ ഉടമകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍, ക്യാരിബാഗുകള്‍ എന്നിവയ്ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുകയും തുണിസഞ്ചി ഉപയോഗിക്കുന്നതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ഫുഡ് സ്റ്റാളുകളില്‍നിന്ന് ആഹാരം പാഴ്സല്‍ നല്‍കുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങള്‍, സഞ്ചികള്‍ എന്നിവ ഉപയോഗിക്കണം, ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതത് സ്റ്റാളുകളില്‍ ഉടമകള്‍ തന്നെ പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം തുടങ്ങി ഗ്രീന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട നിരവധി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സമിതി നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.
ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ വളണ്ടിയര്‍മാരെയും ഹരിത കര്‍മ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്. അതത് ദിവസങ്ങളിലെ ജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് മാലിന്യ സംസ്‌കരണ സംവിധാനത്തിലേക്ക് മാറ്റാന്‍ തിരുവനന്തപുരം നഗരസഭയും സജീവമായി രംഗത്തുണ്ട്. എല്ലാ വേദികളിലും നിരവധി ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളീയം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കും ഗ്രീന്‍ ആര്‍മി വോളണ്ടിയര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

കേരളീയം: നഗരത്തില്‍ വന്‍ സുരക്ഷയൊരുക്കി പോലീസ്

കേരളീയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കാന്‍ വന്‍ സന്നാഹങ്ങളുമായി പോലീസ്. 1,300 പോലീസ് ഉദ്യോഗസ്ഥരെയും 300 എന്‍.സി.സി വോളണ്ടിയര്‍മാരേയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാപദ്ധതി ആണ് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുള്ളത്.

സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നാല് എസ്.പി, 11 എ.സി.പി, 25 ഇന്‍സ്പെക്ടര്‍, 135 എസ്.ഐ, 905 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, 242 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കൂടാതെ 300 എന്‍.സി.സി. വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്ന വന്‍സംഘത്തെയാണു നിയോഗിച്ചിട്ടുള്ളത്.

ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എല്ലാ വേദികളിലും ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. മഫ്തി പോലിസ് ഉദ്യോഗസ്ഥരോടൊപ്പം ഷാഡോ പോലിസിന്റെ സേവനവും എല്ലാ വേദികളിലും ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസിന്റെ നാല് ഡ്രോണുകള്‍ സദാ നിരീക്ഷണം നടത്തുന്നുണ്ട്.

കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വേദികളിലും മറ്റു വേദികളിലും പോലീസിന്റെയും സ്മാര്‍ട്ട് സിറ്റിയുടെയും സ്ഥിരം ക്യാമറകളും 270 താത്കാലിക സി.സി. ടിവി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. താത്ക്കാലിക ക്യാമറാ ദൃശ്യങ്ങള്‍ കനകക്കുന്നിലും പുത്തരിക്കണ്ടത്തുമുള്ള പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് തത്സമയം കാണാനുമാകും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വീഥിയുമായി ചേരുന്ന എല്ലാ റോഡുകളിലും പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. എല്ലാ പ്രധാന വേദികളിലും പോലിസ് എയിഡ് പോസ്റ്റും കനകക്കുന്ന്, പുത്തരിക്കണ്ടം എന്നിവിടങ്ങളില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.

കേരളീയത്തിലെ സന്ദര്‍ശകര്‍ക്കു സൗജന്യയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന 20 കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഈസ്റ്റ് ഫോര്‍ട്ട് മുതല്‍ കവടിയാര്‍ വരെയും കനകക്കുന്നിലും പബ്ലിക് അഡ്രസ് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.

കേരളീയം വേദിയില്‍ ഉണര്‍വ് ക്യാമ്പയിന് തുടക്കമായി

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായുള്ള ഊര്‍ജ സംരക്ഷണ പദ്ധതിയായ ഉണര്‍വ് ക്യാമ്പയിന് കേരളീയം വേദിയില്‍ തുടക്കമായി.നിശാഗന്ധിയില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം ജില്ലയിലെ അന്‍പത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി.സംസ്ഥാന ഊര്‍ജ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയാണ് ഉദ്ഘടനം ചെയ്തത്. മന്ത്രി വി. ശിവന്‍ കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. എം എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രന്‍ , ഡി.കെ.മുരളി എന്നിവരും പരിപാടിയില്‍ പങ്കാളികളായി.

കേരളീയം വേദികളില്‍ ദിവസം തോറും എത്തുന്നത് 20 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

വിവിധ വേദികളില്‍ അരങ്ങേറുന്ന കേരളീയം പരിപാടി ആസ്വദിക്കാന്‍ ഒരു ദിവസം എത്തുന്നത് 20 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും. ‘ഉണര്‍വ്’ ഊര്‍ജ സംരക്ഷണ പരിപാടിയുടെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇ.എം.സി) ആണ് തിരുവനന്തപുരം ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കൊല്ലം ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നേതൃത്വം വഹിക്കുന്നത്.

‘125 സ്‌കൂളുകളില്‍ നിന്നായി 7,500 വിദ്യാര്‍ത്ഥികളെ കേരളീയം വേദികളില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സ്പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ആദ്യ ദിനം 15 സ്‌കൂളുകളില്‍ നിന്നും 950 വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. നഗരത്തിനു പുറത്തുള്ള കുട്ടികള്‍ക്ക് കേരളീയം അനുഭവവേദ്യമാക്കലാണ് ലക്ഷ്യം,’ ഇ.എം.സി രജിസ്ട്രാര്‍ ബി.വി സുഭാഷ്ബാബു പറഞ്ഞു. യാത്രചെലവായി ഓരോ സ്‌കൂളിനും 2,500 രൂപയാണ് ഇ.എം.സി. നല്‍കുന്നത്.

ഒരുദിവസം കൊണ്ട് കഴിയുന്നത്ര വേദികള്‍ സന്ദര്‍ശിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കുട്ടികളും. ഓരോ വേദിക്ക് മുന്നിലും വരിനിന്ന് അധ്യാപകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു വിസ്മയക്കണ്ണുകള്‍ തുറന്ന് അവര്‍ മനം നിറയെ അറിവിന്റെയും ആഹ്ലാദത്തിന്റെയും കാഴ്ചകള്‍ കാണുന്നു. ‘കേരളീയത്തിന്റെ ഓരോ വേദിയും ഗംഭീരം. മ്യൂസിയവും മൃഗശാലയും കൂടി കണ്ടു മടങ്ങാനാണ് ഞങ്ങളുടെ തീരുമാനം,’ കിളിമാനൂര്‍, വെട്ടിയറ ഗവണ്മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ശ്രുതി എസ്. പറഞ്ഞു.

ഫുഡ് ഫെസ്റ്റിന് എല്‍ എം എസില്‍ തുടക്കമായി

കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിന് തിരുവനന്തപുരം എല്‍.എം.എസ്. കോമ്പൗണ്ടില്‍ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ഒമ്പത് കൊമേഴ്ഷ്യല്‍ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. എല്‍.എം.എസ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കി സംസ്ഥാന മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പെറ്റ് ഫുഡ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഭക്ഷണ വൈവിധ്യം ആസ്വദിക്കേണ്ടതുണ്ടെന്നും അതിനായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം കൂടുതല്‍ വളര്‍ത്തുമൃഗ സൗഹൃദമായി മാറി വരുന്നത് മനസ്സിലാക്കിയാണ് കേരളീയത്തിന്റെ ഭാഗമായി പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹീം എം.പി പറഞ്ഞു.

ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റി കണ്‍വീനര്‍ ശിഖാ സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീ. ഡയറക്ടര്‍മാരായ ഡോ. വിനു, ഡോ. കെ. സിന്ധു, എല്‍.എം.ടി.സി പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ ഡോ. റെനി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അരുണോദയ, ഫുഡ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സജിത് നാസര്‍, കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. ബിനു എന്നിവര്‍ പ്രസംഗിച്ചു. പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ കണ്‍വീനര്‍ ടി.ടി. ആശ സ്വാഗതവും കുടപ്പനക്കുന്ന് എല്‍.എം.ടി.സി. വെറ്ററിനറി സര്‍ജന്‍ നായര്‍ എം. ശ്രീജ നന്ദിയും പറഞ്ഞു.

കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതല്‍ക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ളത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉള്‍പ്പെടുത്തുന്നത്. കേരളത്തിന്റെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങളാണെന്നും ലോകസഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താന്‍ കേരളീയം ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍ വിലക്കിഴിവിലാണ് വമ്പന്‍ ബ്രാന്‍ഡുകളുടെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ അടക്കം ലഭിക്കുക. ഹൈസിന്ത്, ഗോകുലം ഗ്രാന്റ്, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍റ്റണ്‍ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വൈകിട്ട് നാലുമുതല്‍ 10 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. കേരളീയം ഫുഡ്കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹിം എംപി, കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇടുക്കി ഡാം കാണാം; വാട്ടര്‍ മെട്രോയില്‍ കറങ്ങാം കൗതുകമായി ജലവിഭവ വകുപ്പിന്റെ പ്രദര്‍ശനം

ഇടുക്കി ഡാം കാണാനും ചെല്ലാനത്ത് ചെല്ലാനും വാട്ടര്‍ മെട്രോയില്‍ കറങ്ങാനും അവസരമൊരുക്കി സംസ്ഥാന ജലസേചന വകുപ്പിന്റെ പ്രദര്‍ശനം. പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ പ്രദര്‍ശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നവകേരളം കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമ, വാട്ടര്‍ അതോറിറ്റി സെക്രട്ടറി അശോക് കുമാര്‍, ജോയിന്റ് എം.ഡി. ദിനേശന്‍ ചെറുവാട്ട്, വിവിധ വകുപ്പുമേധാവികള്‍, പങ്കെടുത്തു.

വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന നിരവധി പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍, ഇടുക്കി അണക്കെട്ടിന്റെ മാതൃക, കായലിന്റെ സൗന്ദര്യം ആസ്വദിച്ച് കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിക്കുന്നത് നേരിട്ടറിയുന്നതിനും ആസ്വദിക്കുന്നതിനുമുള്ള വിര്‍ച്വല്‍ റിയാലിറ്റി പവലിയന്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ‘വിആര്‍’ ഷോ കാണുന്നതിന് ഉദ്ഘാടന ദിവസം മുതല്‍ തന്നെ വലിയ തിരക്കാണിവിടെ. ഒപ്പം, വിദ്യാര്‍ഥികള്‍ക്ക് ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്ന തരത്തിലുള്ള വിവിധ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഭൂജല വകുപ്പിനു കീഴിലുള്ള ജലപരിശോധന ലാബുകളുടെ പ്രവര്‍ത്തനം, ഫലപ്രദമായ ഭൂജല വിനിയോഗ മാര്‍ഗങ്ങള്‍, ചെല്ലാനത്ത് വിജയകരമായി നടപ്പാക്കിയ തീരശോഷണ സംരക്ഷണ നടപടികള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും പ്രദര്‍ശനത്തിലുണ്ട്.  വിവിധ തരത്തിലുള്ള ജലസേചന മാതൃകകള്‍, ജലസംരക്ഷണത്തിനുള്ള നൂതന മാര്‍ഗങ്ങള്‍, കിണര്‍ റീചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍ എല്ലാം വിശദമായി മനസിലാക്കാനും സാധിക്കും. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മണ്ണ് സംരക്ഷണ നടപടികള്‍, പെരിയാര്‍ നദീതടത്തിന്റെ മാതൃക, പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം എന്നിവയും കണ്ടു മനസിലാക്കാം.

കേരളപ്പെരുമയുമായി ജി.എസ് പ്രദീപും മുകേഷും; വേദികള്‍ നിറഞ്ഞ് കലാ കേരളം

പ്രൗഢമായ സദസ്സിനു മുന്നില്‍ 16 വേദികളിലായി കലയുടെ വൈവിധ്യം പ്രദര്‍ശിപ്പിച്ച് കലാകേരളം. കേരളീയം രണ്ടാം ദിനത്തില്‍ വിവിധ വേദികളിലായി അരങ്ങേറിയ വ്യത്യസ്തമാര്‍ന്ന കലാപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജി.എസ്. പ്രദീപും മുകേഷ് എം.എല്‍.എയും ചേര്‍ന്ന് അവതരിപ്പിച്ച കേരളപ്പെരുമ വ്യത്യസ്തമായ അനുഭവമായി.

കേരളം വളരുന്നു എന്ന ആശയത്തില്‍ ഡോക്ടര്‍ നീനാപ്രസാദ് അവതരിപ്പിച്ച നൃത്ത പരിപാടി നിശാഗന്ധിയില്‍ അരങ്ങേറി. ടാഗോര്‍ തിയേറ്ററില്‍ പാരീസ് ലക്ഷ്മിയും രൂപ രവീന്ദ്രനും ചേര്‍ന്ന് അവതരിപ്പിച്ച ‘നമ്മുടെ കേരളം’, അംബിക നായരും സംഘവും അവതരിപ്പിച്ച കേരളനടനം എന്നിവ കാണികള്‍ക്ക് ദൃശ്യവിരുന്നായി.

പുത്തരിക്കണ്ടം മൈതാനിയില്‍ അലോഷിയുടെ മെഹ്ഫില്‍, സെനറ്റ് ഹാളില്‍ തുഞ്ചന്‍ പറമ്പിലെ തത്ത എന്ന പേരിലുള്ള ഗാനസന്ധ്യ, സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ പുരുഷ പൂരക്കളിയും കഥാപ്രസംഗവും, ഭാരത് ഭവന്‍ മണ്ണരങ്ങില്‍ ‘ഞാനും പോട്ടെ വാപ്പ ഓല്‍മരം കാണാന്‍’ എന്ന നാടകം, വിവേകാനന്ദ പാര്‍ക്കില്‍ ഓര്‍ക്കസ്ട്ര, ബാലഭവനില്‍ ഗാനമേള, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ ശീതങ്കന്‍ തുള്ളല്‍, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ഗദ്ദിക, യൂണിവേഴ്സിറ്റി കോളേജില്‍ സ്ത്രീശാക്തീകരണം നാടകം, എസ് എം വി സ്‌കൂളില്‍ നങ്ങ്യാര്‍കൂത്തും കൂടിയാട്ടവും എന്നിവയും അരങ്ങേറി.

 

കേരളീയത്തില്‍ ഹിറ്റായി ഫിറോസ് ചുട്ടിപ്പാറയുടെ തത്സമയ കപ്പയും ബീഫും

ഫിറോസ് ചുട്ടിപ്പാറയുടെ ‘ലൈവ്’ പാചകത്തിന്റെ ഹരത്തില്‍ കേരളീയത്തിലെ ഫുഡ്ഫെസ്റ്റ് വേദി. കപ്പയും ബീഫും തത്സമയം ഉണ്ടാക്കിയാണ് ‘വില്ലേജ് ഫുഡ് ചാനല്‍’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറ  കേരളീയത്തിലെ സൂര്യകാന്തി വേദിയില്‍ താരമായത്.

റേഡിയോ ജോക്കി ഫിറോസിന്റെയും, ലുലുവിന്റെയും കമന്ററി  പരിപാടിക്ക് കൂടുതല്‍ മിഴിവേകി. മൂന്ന് മണിക്കൂര്‍ നീണ്ട തല്‍സമയ ഫുഡ് ഷോയുടെ ഇടയില്‍  കാണികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു.

ലൈവ് ഷോയില്‍ ഉണ്ടാക്കിയ കപ്പയും ബീഫും ഏവര്‍ക്കും വിളമ്പിയാണ് ഫിറോസ് ഷോ അവസാനിപ്പിച്ചത്. ഭക്ഷണ ശാലയിലെ പാചകത്തിനിടയില്‍ മറ്റു ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങളായ പാലക്കാട്ട് നിന്നുള്ള രാമശ്ശേരി ഇഡലി,  കോഴിക്കോടന്‍ ബിരിയാണി, തിരുവനന്തപുരത്തിന്റെ സ്വന്തം ബോളിയും പായസവും, കുട്ടനാടിന്റെ നാടന്‍ കരിമീന്‍ പൊള്ളിച്ചത്,  അട്ടപ്പാടിയില്‍ നിന്ന് വനസുന്ദരി ഹെര്‍ബല്‍ ചിക്കനും രുചിക്കാന്‍ മറന്നില്ല.

തല്‍സമയ കുക്കിംഗ് ഷോയില്‍ കേരളീയം ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഹീം എം. പി, കണ്‍വീനര്‍ ശിഖാ സുരേന്ദ്രന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ എന്നിവര്‍ പങ്കെടുത്തു.

ഭക്ഷ്യഭദ്രതയില്‍ കേരളം രാജ്യത്തിന് മാതൃക: ഭക്ഷ്യഭദ്രത സെമിനാര്‍

ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് എം എസ് സ്വാമിനാഥന്റെ മകളും  ബെംഗളൂരു ഇന്ത്യന്‍ സ്റ്റാറ്റിസ്സ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥന്‍.  കേരളീയത്തിന്റെ ഭാഗമായി ‘ഭക്ഷ്യഭദ്രത’ എന്ന വിഷയത്തില്‍ ടഗോര്‍ തിയേറ്ററില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. കൊവിഡ് കാലഘട്ടത്തിലും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഫലപ്രദമായ ഇടപെലുകള്‍ നടത്തിയ കേരളത്തെ അവര്‍ പ്രശംസിച്ചു. ഭക്ഷ്യ ഭദ്രതയില്‍ നിന്നും പോഷകഭദ്രതയിലേക്ക് ചുവടുമാറേണ്ടതുണ്ട്. അതിലേക്കായി പോഷക സമൃദ്ധ ഭക്ഷണം ശീലമാക്കാനുള്ള അവബോധം കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

സുസ്ഥിര സംവിധാനങ്ങളിലൂടെ സാര്‍വ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കാമെന്ന  ആശയം എം എസ് സ്വാമിനാഥന്റെ ശിഷ്യനായ എംപിഎ-ഡിപി കൊളംബിയ സര്‍വ്വകലാശാല  ഡയറക്ടര്‍ ഡോ.ഗ്ലെന്‍ ഡെനിംഗ് മുന്നോട്ടുവച്ചു. ആവശ്യമായ അളവിലും തൂക്കത്തിലും പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പുവരുത്തി ഭക്ഷ്യഭത്രത ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാര്‍വ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കല്‍, പോഷകമൂല്യമുള്ള ഭക്ഷണവും സുസ്ഥിര ഭക്ഷ്യോത്പ്പാദനവും ഉറപ്പുവരുത്തല്‍ തുടങ്ങിയ നൂതനാശയങ്ങളും സെമിനാര്‍ മുന്നോട്ടുവച്ചു. പൊതുവിതരണ സംവിധാനത്തില്‍ മില്ലറ്റ് പോലുള്ള ചെറുധാന്യങ്ങളും പയര്‍വര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തല്‍, കാലാവസ്ഥാ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കൃഷിരീതികള്‍ അവലംബിക്കല്‍, വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ശാസ്ത്രീയ ഗോഡൗണുകള്‍ സ്ഥാപിക്കല്‍, തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കല്‍, വിശപ്പ് രഹിത കേരളം എന്നതില്‍ നിന്ന് പോഷകവൈകല്യ രഹിത കേരളം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കല്‍, പോഷക സമൃദ്ധമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ  മുന്നേറ്റ മാര്‍ഗങ്ങളും സെമിനാര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ പോഷകാഹാര സൂചകങ്ങളുടെ സ്ഥിതി വിവരം ഉള്‍പ്പെടുത്തിയുള്ള ന്യൂട്രിഷന്‍ പ്രൊഫൈല്‍ അവതരിപ്പിച്ചതില്‍ അനീമിയ, വളര്‍ച്ചാ മുരടിപ്പ് തുടങ്ങിയ ഘടകങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന ആവശ്യവുമുയര്‍ന്നു.

കേരളത്തിന്റെ ഇ- റേഷനിംഗ് മാതൃകയും ഈറ്റ് റൈറ്റ് പദ്ധതിയും ബീഹാറില്‍ നടപ്പിലാക്കുമെന്ന് ആര്‍ജെഡി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുകുന്ദ് സിംഗ് അറിയിച്ചു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ചര്‍ച്ചയില്‍ അദ്ധ്യക്ഷനായി. മുന്‍കേന്ദ്രമന്ത്രിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ കെ വി തോമസ്, തമിഴ്നാട് സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജെ ജയരഞ്ചന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, സെന്റര്‍ ഫോര്‍ ചൈല്‍ഡ് ആന്‍ഡ് ദി ലോ, നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു കോര്‍ഡിനേറ്റര്‍ നീതു ശര്‍മ്മ,  ബംഗ്ലാദേശ്  എഫ്എഒ ഫുഡ്സിസ്റ്റം സ്പെഷ്യലിസ്റ്റ് ആര്‍. വി. ഭവാനി, തമിഴ്നാട് എംഎല്‍എ സി.വി.എം.പി. ഏഴിലരസന്‍, ഫുഡ് കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ എന്നിവരും  പാനലിസ്റ്റുകളായിരുന്നു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ കെ രവിരാമന്‍ മോഡറേറ്ററായിരുന്നു. സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനാണ്  വിഷയം അവതരിപ്പിച്ചത്.

 

നവകാര്‍ഷിക കേരളത്തിന് വേണ്ടത് നിത്യഹരിത വിപ്ലവം: മന്ത്രി പി. പ്രസാദ്
*കാര്‍ഷിക മുന്നേറ്റത്തിന് വഴികാട്ടിയായി കേരളീയം സെമിനാര്‍

നവകാര്‍ഷിക കേരളത്തിന് വേണ്ടത് നിത്യഹരിത വിപ്ലവമാണെന്ന് കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉപസംഹരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെയും മനുഷ്യനെയും ജീവജാലങ്ങളെയും എല്ലാ പരിഗണിച്ചുകൊണ്ടുള്ള കാര്‍ഷിക വികസനമാണ് നമുക്ക് വേണ്ടത്. നമ്മുടെ നാട്ടിലും വിദേശത്തും അനുകരണീയ മാതൃകകളും ബദലുകളും കര്‍ഷക വിജയഗാഥകളും ഒട്ടേറെയുണ്ട്. ഇവയില്‍ നിന്നെല്ലാം ആശയങ്ങള്‍ സ്വീകരിച്ച് കൃഷി വകുപ്പ് നടപ്പാക്കും, കേരളീയം കാര്‍ഷിക സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ സമാഹരിച്ച് നവംബറില്‍ തന്നെ കര്‍മപദ്ധതി തയാറാക്കും. നവകാര്‍ഷിക കേരളം സാധ്യമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ തയാറാക്കി നടപ്പാക്കും. എല്ലാ ജില്ലകളിലെയും കര്‍ഷകരുമായി ആശയവിനിമയം നടത്തിയാവും പദ്ധതികള്‍ ആവിഷ്‌കരിക്കുക.

ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തും. എന്നാല്‍ കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരെ എറിഞ്ഞുകൊടുക്കില്ല. ചെറുകിട കര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളില്‍ ശാസ്ത്രീയ പരിഹാരം കണ്ടെത്തും. കേരള കാര്‍ഷിക സര്‍വകലാശാല കര്‍ഷകര്‍ക്കായി നടത്തുന്ന സേവനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും പാനലിസ്റ്റുകളായ ഡോ. നീരജയും ഡോ. കടമ്പോട്ട് സിദ്ധീഖും മുക്തകണ്ഠം പ്രശംസിച്ചത് സന്തോഷം നല്‍കിയതായും കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് കാര്‍ഷിക സര്‍വകലാശാലയെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ കര്‍ഷകരുമായി സര്‍വകലാശാലയെ ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേരഗ്രാമം പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി ഉത്പാദനക്കുറവല്ലെന്നും ഉത്പാദനത്തിന് അനുസരിച്ചുള്ള വിപണി ഉണ്ടാകുന്നില്ലെന്നതാണെന്നും മന്ത്രി പറഞ്ഞു.

കര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണറുമായ ബി അശോക് കൃഷി വകുപ്പ് പദ്ധതി അവതരിപ്പിച്ചു. ദേശീയ കാര്‍ഷിക ശാസ്ത്ര അക്കാദമി സെക്രട്ടറി കെ.സി ബെന്‍സല്‍ സുസ്ഥിര കാര്‍ഷിക വികസനത്തിനും ഉത്പാദനക്ഷമതക്കും നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

സുസ്ഥിരമായ ഉത്പാദനത്തിന് കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കല്‍, കാലാവസ്ഥാ വ്യതിയാനത്തെ നേരിടല്‍, കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കല്‍ എന്നിവ പ്രധാനമായി പരിഗണിക്കണമെന്ന് ലോക ബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് ക്രിസ് ജാക്സണ്‍ പറഞ്ഞു. നിലവില്‍ കാര്‍ഷിക വകുപ്പ് നടപ്പിലാക്കി വരുന്ന 9 സാങ്കേതിക ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കി നടപ്പിലാക്കിയാല്‍ കേരളത്തിലെ കാര്‍ഷിക രംഗം വികസിക്കുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പി രാജശേഖരന്‍ ചൂണ്ടിക്കാട്ടി. വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ കടമ്പോട്ട് സിദ്ദീഖ് നിലവിലെ കാര്‍ഷിക സാഹചര്യം, മാറിക്കൊണ്ടിരിക്കുന്ന ആഗോള കാര്‍ഷിക മേഖല, കേരളത്തിലെ പ്രശ്നങ്ങളും അവ തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു.

കേരളത്തെപ്പോലെ വിയറ്റ്നാമും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ ഏറെ അഭിമുഖീകരിക്കുന്നതായി ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് ചെയര്‍മാനും വിയറ്റ്നാമിലെ മുന്‍ കാര്‍ഷിക വികസന, ഗ്രാമ വികസന മന്ത്രിയുമായ കാവു ഡ്യൂ ഫാട്ട് പറഞ്ഞു. വിയ്റ്റ്നാമിലെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര കാര്‍ഷിക അഭിവൃദ്ധിക്കുമായി വിയറ്റ്നാം സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വിപണി അധിഷ്ഠിത നയരൂപീകരണവും അദ്ദേഹം വിശദീകരിച്ചു. നെല്‍കൃഷിയില്‍ കീടപ്രതിരോധ ശേഷിയും ഉപ്പുവെള്ളത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഇനങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈസ് റിസര്‍ച്ച് മുന്‍സിപ്പല്‍ സയന്റിസ്റ്റുമായ സിഎന്‍ നീരജ പറഞ്ഞു. കേരളത്തിലെ പൊക്കാളി നെല്ലില്‍ ഉപ്പുവെള്ളത്തെ പ്രതിരോധിക്കന്ന ജീന്‍ കണ്ടെത്തിയതായും ഇത് ലോകത്തിന് തന്നെ നേട്ടമാണെന്നും അവര്‍ പറഞ്ഞു. ഔഷധ, പോഷക മൂല്യമുള്ള നെല്ലിനങ്ങളും സങ്കര വര്‍ഗങ്ങളും  വികസിപ്പിക്കണമെന്നും ഡോ. നീരജ പറഞ്ഞു.

ഇസ്രായേല്‍ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തിലെ അംഗമായ ശ്രീവിദ്യ എം, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് സുജിത്ത് എസ് പി, കാര്‍ഷിക സംരംഭകനായ ജ്ഞാന ശരവണന്‍ എന്നിവര്‍ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. സെമിനാറിന്റെ ആംഗ്യഭാഷാ അവതരണവും അരങ്ങേറി

 

കേരളത്തില്‍ വ്യവസായ പ്രദര്‍ശനത്തിന് സ്ഥിരം വേദി : മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് കിന്‍ഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് പുത്തരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായരംഗത്തെ എക്കോ സിസ്റ്റം സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. കൂടുതല്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ വരുമ്പോഴും അവയുടെ വിപണി ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ കോമ്പൗണ്ടില്‍ യൂണിറ്റി മാള്‍ വരും. ഒരുജില്ലയില്‍ നിന്നും ഒരു ഉല്‍പ്പന്നം എന്ന പദ്ധതിപ്രകാരമുള്ള യൂണിറ്റുകളെയും ഇതില്‍ ഉള്‍പ്പെടുത്തും. എം.എസ്.എം.ഇ യൂണിറ്റുകള്‍ക്ക് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 50% സര്‍ക്കാര്‍ വഹിക്കും. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആകര്‍ഷകമായ നിരക്കില്‍ പോളിസിയെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും  കണ്‍സ്യൂമര്‍ഫെഡുമായി ചേര്‍ന്ന് കെ സ്റ്റോറില്‍ ഒരു ഭാഗം പ്രാദേശിക ഉത്പന്നങ്ങള്‍ക്കായി മാറ്റിവെക്കും. സൂപ്പര്‍മാര്‍ക്കറ്റുകളിലും മെയ്ഡ് ഇന്‍ കേരള ഉത്പ്പന്നങ്ങള്‍ക്കായി ഒരുഭാഗം മാറ്റിവെക്കും. ഇത് തദ്ദേശീയമായ യൂണിറ്റുകളുടെ കമ്പോളം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

വെളിച്ചെണ്ണയ്ക്കായിരിക്കും ആദ്യം കേരള ബ്രാന്‍ഡ് നല്‍കുക. ഏകദേശം 2,400 വെളിച്ചെണ്ണ കമ്പനികള്‍ കേരളത്തില്‍ ഉണ്ട്. ഇതില്‍ 1,400 എണ്ണം സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വന്നതാണ്. ഇത്തരത്തില്‍ കേരള ബ്രാന്‍ഡ് പ്രധാനപ്പെട്ട ഒന്നായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വ്യവസായ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ ബി ടു ബി മീറ്റിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ ബില്ല, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കെ. അജിത് കുമാര്‍, കിന്‍ഫ്രാ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, സി.ഐ.ഐ കേരള മുന്‍ ചെയര്‍മാന്‍ എം.ആര്‍ നാരായണന്‍, കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഫസലുദ്ദീന്‍, തുടങ്ങിയവരും പങ്കെടുത്തു.

 

പെണ്‍കാലങ്ങള്‍ നല്‍കുന്ന പ്രചോദനവും പ്രേരണയും വലുത്: മന്ത്രി വീണാ ജോര്‍ജ്

*കേരളത്തിലെ സ്ത്രീ ചരിത്രത്തിന്റെ അടയാളപ്പെടുത്തലായി പെണ്‍കാലങ്ങള്‍

പെണ്‍കാലങ്ങള്‍ നല്‍കുന്ന പ്രചോദനവും പ്രേരണയും വലുതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കേരളീയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകളുടെ ചരിത്രം, പ്രതിരോധം, പ്രതിനിധാനം നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ നടത്തുന്ന ‘പെണ്‍കാലങ്ങള്‍’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും രേഖപ്പെടുത്തലുകള്‍ ഭാവിയില്‍ എങ്ങനെയായിരിക്കണം എന്നതിന്റെ മാര്‍ഗരേഖ കൂടിയാണ് പെണ്‍കാലങ്ങള്‍ പ്രദര്‍ശനമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ നടന്നു നീങ്ങിയ വഴികളെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനത്തില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ നടത്തിയ ഇടപെടലുകള്‍, മുന്നേറ്റങ്ങള്‍, സ്ത്രീ ശാക്തീകരണം, പ്രതിരോധം എന്നിവയുടെ വിവരണങ്ങളുമുണ്ട്. സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും സ്ത്രീ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും പ്രതിഫലനങ്ങളും ചേര്‍ത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ആദ്യകാല പുരോഗമന പ്രസ്ഥാനങ്ങളില്‍ തുടങ്ങി സമകാലിക സംഭവങ്ങളില്‍ വരെ സ്ത്രീകളുടെ സംഭാവനകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. നവോത്ഥാനം, രാഷ്ട്രീയം, കല, കായികം, സാഹിത്യം, സിനിമ, ശാസ്ത്രം, പരിസ്ഥിതി, നീതിന്യായം, ചിത്രകല, നൃത്തം, തൊഴിലാളി സമൂഹം എന്നിങ്ങനെ വിവിധ മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിച്ച സ്ത്രീകളുടെ ചിത്രങ്ങളും സമരചരിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ മാസികകള്‍, തൊഴിലിടങ്ങളിലെ നീതി, ലിംഗനീതിയ്ക്കായുള്ള പോരാട്ടങ്ങള്‍, സ്ത്രീ സംഘടനകള്‍, മുന്നേറ്റ പ്രസ്ഥാനങ്ങള്‍, ട്രാന്‍സ്വിമെന്‍ എന്നിവയുടെ ചരിത്രവഴികളും പ്രദര്‍ശനത്തിലുണ്ട്.

കേരള സമൂഹത്തില്‍ സ്ത്രീകളുടെ സംഭാവനകളെ ആദരിക്കുന്നതിനൊപ്പം പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതില്‍ സ്ത്രീകള്‍ വഹിച്ച നിര്‍ണായക പങ്ക് വീണ്ടും സ്ഥിരീകരിക്കാനുള്ള ശ്രമമാണ് പെണ്‍കാലങ്ങളെന്ന് പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍ സജിത മഠത്തില്‍ പറഞ്ഞു.

 

കേരളീയം: ഭാവി കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്ത് അഞ്ചു സെമിനാറുകള്‍

കേരളീയത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ(നവംബര്‍ 2) കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച ദിശയില്‍ സുപ്രധാനമായ അഞ്ച് സെമിനാറുകള്‍ നടന്നു. കേരളത്തിലെ ഭൂപരിഷ്‌കരണം, കേരളത്തിലെ കാര്‍ഷിക രംഗം, കേരളത്തിലെ ഭക്ഷ്യസുരക്ഷ, കേരളത്തിലെ ക്ഷീരവികസന മേഖല, കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനം എന്നീ വിഷയങ്ങളിലായിരുന്നു സെമിനാറുകള്‍. ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകളും അഭിപ്രായനിര്‍ദ്ദേശങ്ങളുമാണ് എല്ലാ സെമിനാറുകളിലും രൂപം കൊണ്ടത്.

കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുന്ന രീതിയില്‍ ആദ്യസര്‍ക്കാര്‍ രൂപപ്പെടുത്തിയ ഭൂപരിഷ്‌കരണത്തെ കൂടുതല്‍ കരുത്തോടെ നടപ്പാക്കണമെന്ന നിര്‍ദേശമാണ് ഭൂപരിഷ്‌കരണം സംബന്ധിച്ച സെമിനാറില്‍ പ്രധാനമായും ഉയര്‍ന്നത്. കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള സമഗ്രനിര്‍ദേശങ്ങളും ആശയങ്ങളും കൊണ്ട് സെമിനാര്‍ ശ്രദ്ധേയമായി.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായാണ് പട്ടയ മിഷന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ അവകാശം സംബന്ധിച്ച് ജനകീയ സമീപനം സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം എം.പി. പറഞ്ഞു.  ഭൂപരിധി 20 ഏക്കറായി നിജപ്പെടുത്തിയതിനെ തുടര്‍ന്നാണ് നിരവധി പേരെ മണ്ണിന്റെ ഉടമകളാക്കി മാറ്റാന്‍ കഴിഞ്ഞതെന്ന് മുന്‍ എം.എല്‍.എ. പ്രകാശ് ബാബു പറഞ്ഞു. കേരളത്തില്‍ ആവശ്യത്തിന് ഭൂമിയുണ്ടെന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. ഈ ഭൂമി കണ്ടെത്തി വരികയാണ്. ഇത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം. ഭൂമി ഫലപ്രദമായി വിനിയോഗിക്കണമെന്ന് മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ കാര്‍ഷിക രംഗം ശക്തിപ്പെടുത്തുന്ന നിയമങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. റവന്യൂ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ വിഷയാവതരണം നടത്തി. സര്‍വേ സെറ്റില്‍മെന്റ് ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് കമ്മീഷണര്‍ വിനോദ് കെ. അഗര്‍വാള്‍, ഭൂരേഖ ഡയറക്ടര്‍ സീറാം സാംബശിവറാവു എന്നിവര്‍ സെമിനാര്‍ നയിച്ചു. അഡ്വ. കാളീശ്വരം രാജ് വീഡിയോ സന്ദേശം വഴി പങ്കെടുത്തു.

ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യഭദ്രത എന്ന വിഷയത്തില്‍ ടാഗോര്‍ തിയറ്ററില്‍ നടന്ന സെമിനാര്‍ വിലയിരുത്തി.  കേരളം ജനങ്ങള്‍ക്ക് ഭക്ഷ്യഭദ്രത ഉറപ്പുവരുത്തിയ സംസ്ഥാനമാണ്. പ്രത്യേകിച്ച് കൊവിഡ് കാലഘട്ടത്തില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണെന്നും കാര്യക്ഷമമായ പൊതുവിതരണ സംവിധാനമാണ് സംസ്ഥാനത്തിന്റേതെന്നും പ്രമുഖ പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

സുസ്ഥിര സംവിധാനങ്ങളിലൂടെ സാര്‍വ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കാമെന്ന  ആശയം ഡോ. എം എസ് സ്വാമിനാഥന്റെ ശിഷ്യനായ എംപിഎ-ഡിപി കൊളംബിയ സര്‍വ്വകലാശാല  ഡയറക്ടര്‍ ഡോ.ഗ്ലെന്‍ ഡെനിംഗ് മുന്നോട്ടുവച്ചു. പോഷക  അനിവാര്യതയെക്കുറിച്ചുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും അത്യാവശ്യമാണെന്ന്  ഹരിതവിപ്ലവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥന്റെ മകളും  ബെംഗളൂരു ഇന്ത്യന്‍ സ്റ്റാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥന്‍  അഭിപ്രായപ്പെട്ടു. പൊതുവിതരണ സംവിധാനത്തില്‍ മില്ലറ്റ് പോലുള്ള ചെറുധാന്യങ്ങളും പയര്‍വര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തണം. പോഷക സമൃദ്ധമായ നാടന്‍ ഭക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണം തുടങ്ങി  കൂടുതല്‍ മുന്നേറുന്നതിനുള്ള മാര്‍ഗങ്ങളും സെമിനാര്‍ വരച്ചുകാട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി .ആര്‍. അനില്‍ ചര്‍ച്ചയില്‍ അധ്യക്ഷനായി. മുന്‍കേന്ദ്രമന്ത്രിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ കെ വി തോമസ, തമിഴ്‌നാട് സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജെ. ജയരഞ്ജന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, സെന്റര്‍ ഫോര്‍ ചൈല്‍ഡ് ആന്‍ഡ് ദി ലോ, നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ബെംഗളൂരു കോര്‍ഡിനേറ്റര്‍ നീതു ശര്‍മ്മ,  ബംഗ്ലാദേശ്  എഫ്എഒ ഫുഡ് സിസ്റ്റം സ്‌പെഷ്യലിസ്റ്റ് ആര്‍ വി ഭവാനി, തമിഴ്‌നാട് എംഎല്‍എ സിവിഎംപി ഏഴിലരസന്‍, ഫുഡ് കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ എന്നിവരും  പാനലിസ്റ്റുകളായിരുന്നു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍ മോഡറേറ്ററായിരുന്നു.സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമനാണ്  വിഷയം അവതരിപ്പിച്ചത്.

കാര്‍ഷിക കേരളത്തിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മൂല്യവത്തായ നിരവധി നിര്‍ദേശങ്ങളാണ് കാര്‍ഷിക സെമിനാറില്‍ ഉയര്‍ന്നത്. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന സെമിനാറില്‍ കാര്‍ഷികവികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്  അധ്യക്ഷനായിരുന്നു.  ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തുമ്പോള്‍തന്നെ കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരെ വിട്ടുകൊടുക്കേണ്ടതില്ലെന്നും ചെറുകിട കര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. കേരള കാര്‍ഷിക സര്‍വകലാശാല കര്‍ഷകര്‍ക്കായി നടത്തുന്ന സേവനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും പാനലിസ്റ്റുകളായ ഡോ. നീരജയും ഡോ. കടമ്പോട്ട് സിദ്ധീഖും മുക്തകണ്ഠം പ്രശംസിച്ചു. കേരളത്തിന്റെ കാര്‍ഷികവളര്‍ച്ചയില്‍  ഉയര്‍ച്ച രേഖപ്പെടുത്തിയതും പച്ചക്കറി,നെല്ല്, അരി എന്നിവയുടെ ഉല്‍പാദനം വര്‍ധിച്ചതും  കാര്‍ഷിക മേഖലയിലെ ശുഭസൂചനകളായി സെമിനാര്‍ വിലയിരുത്തി.

കര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ബി അശോക് കൃഷി വകുപ്പ് പദ്ധതി അവതരിപ്പിച്ചു. ദേശീയ കാര്‍ഷിക ശാസ്ത്ര അക്കാദമി സെക്രട്ടറി കെ.സി. ബെന്‍സല്‍, ലോക ബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് ക്രിസ് ജാക്‌സണ്‍, സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പി. രാജശേഖരന്‍, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ കടമ്പോട്ട് സിദ്ദീഖ്, ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് ചെയര്‍മാനും വിയറ്റ്‌നാമിലെ മുന്‍ കാര്‍ഷിക, വികസന ഗ്രാമ വികസന മന്ത്രിയുമായ കാവു ഡ്യൂ ഫാട്ട്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈസ് റിസര്‍ച്ച് മുന്‍സിപ്പല്‍ സയന്റിസ്റ്റുമായ സിഎന്‍ നീരജ എന്നിവര്‍ വിവിധ വിഷയങ്ങളിലൂന്നിയ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേരളത്തിന്റെ ക്ഷീരവികസന രംഗത്തെ നേട്ടങ്ങള്‍, പുതിയ വെല്ലുവിളികള്‍ എന്നിവ കേരളത്തിലെ ക്ഷീരവികസനമേഖല മുന്‍ നിര്‍ത്തി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെമിനാറില്‍ അധ്യക്ഷയായി. കൂടുതല്‍ ക്ഷമതയുളള പശുക്കള്‍, ബീജ സങ്കലന രീതികള്‍, ശാസ്ത്രീയമായ പരിപാലന രീതി എന്നീ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പാനലിസ്റ്റുകള്‍ വിഷയം അവതരിപ്പിച്ചു. തീറ്റപ്പുല്‍ കൃഷിയുടെ വ്യാപനത്തിന് തരിശിടങ്ങള്‍ പരമാവധി ഉപയോഗിക്കുക, പശുക്കളെ  പ്രസവിക്കുന്ന രീതിയിലുള്ള ബീജങ്ങള്‍ വ്യാപകമാക്കണ്ടതുണ്ടതിന്റെ ആവശ്യകത എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തീറ്റപ്പുല്‍ കൃഷി വ്യാപകമാക്കിയാല്‍ കാലിത്തീറ്റയുടെ വിലവര്‍ധനവ് പിടിച്ചു നിര്‍ത്താനാകും. ചോള കൃഷി വ്യാപകമാക്കി കൊണ്ട് കാലിത്തീറ്റ ഉത്പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടണമെന്നും അഭിപ്രായം ഉയര്‍ന്നു. യുവതലമുറയെ കൂടുതല്‍ മേഖലയിലേക്കടുപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളുമായി സഹകരിക്കുക, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡിംഗും വ്യാപകമാക്കി വിപണി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം പൂര്‍ണമായും ഉറപ്പാക്കുക, കോള്‍ സെന്റര്‍ സേവനം പരമാവധി വ്യാപകമാക്കുക, ഏകജാലക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും  സെമിനാറില്‍ ഉയര്‍ന്നു. ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മനേഷ് ഷാ, ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ എസ് സോധി, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, ഡോ. പ്രകാശ് കളരിക്കല്‍ , പ്രൊഫ.എസ് രാം കുമാര്‍, പി സുധീര്‍ ബാബു, ബീന തങ്കച്ചന്‍ , ഫാദര്‍ ജിതിന്‍ ജോസഫ് തളിയന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ കൗശിഗന്‍ എന്നിവര്‍ പങ്കെടുത്തു.

പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം മികച്ച സാഹചര്യമാണ് ഒരുക്കുന്നതെന്നു പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തികവികസനം സംബന്ധിച്ച് മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന സെമിനാര്‍ വിലയിരുത്തി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് രാജ്യത്തിന് പ്രത്യേകം ഉത്തരവാദിത്തമുണ്ടെന്നും കേരളം ആ ഉത്തരവാദിത്വം ബഹുമുഖ പരിപാടികളിലൂടെ നടപ്പാക്കി വരുന്നുണ്ടെന്നത് സന്തോഷകരമാണെന്നും അക്കാദമിക് വിദഗ്ധനും  ഇ.പി.ഡബ്ല്യ മുന്‍ എഡിറ്ററുമായ ഗോപാല്‍ ഗുരു അഭിപ്രായപ്പെട്ടു. മികച്ച മാതൃകകള്‍ നവീകരിക്കുന്നതിനും ക്ഷേമം ഉറപ്പാക്കാനുള്ള പ്രക്രിയ തുടരുന്നതിനും ശ്രമങ്ങള്‍ തുടരണമെന്നും നിര്‍ദേശമുയര്‍ന്നു. ആദിവാസികളെ കാലാനുസൃതമായി പുരോഗതിയിലേക്ക് നയിക്കാനായി സര്‍ക്കാര്‍ കഠിന പ്രയത്‌നമാണ് നടത്തുന്നതെന്നും സെമിനാര്‍ വിലയിരുത്തി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ സെമിനാറില്‍ അധ്യക്ഷനായി.

സഫായി കര്‍മ്മചാരി ആന്ദോളന്‍ നാഷണല്‍ കണ്‍വീനര്‍ ഡോ. ബെസ്വാദ വില്‍സണ്‍, ഡോ. ബസവി കിറോ (മുന്‍ വനിതാ കമ്മീഷന്‍ അംഗം, ഝാര്‍ഖണ്ഡ്), എ. വിജയരാഘവന്‍ (മുന്‍ എം.പി), ഡോ. മീരാ വേലായുധന്‍ (ഓണ്‍ലൈന്‍)- മുന്‍ പ്രസിഡന്റ് ഐ.എ.എസ്.ഡബ്ല്യു, പി.കെ ശിവാനന്ദന്‍ ഐ.എ.എസ് (റിട്ട.), പി. കെ ജമീല (പ്ലാനിങ് ബോര്‍ഡ് അംഗം) എന്നിവരും പങ്കെടുത്തു. പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് മോഡറേറ്ററായിരുന്നു.

പഴയകാല റെക്കോഡുകള്‍ മുതല്‍ ഡിജിറ്റല്‍ സര്‍വേ വരെ: പ്രദര്‍ശനവുമായി സര്‍വേ വകുപ്പ്

പഴയകാല റെക്കോഡുകള്‍ മുതല്‍ ഡിജിറ്റല്‍ സര്‍വേ രെയുളള രേഖകളുടെയും വിവരങ്ങളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനവുമായി സര്‍വേ വകുപ്പ്. റവന്യൂ വകുപ്പിന്റെ ‘കേരളത്തിലെ ഭൂപരിഷ്‌കരണം’ സെമിനാറിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പ്രദര്‍ശനം നടന്നത്. ബ്രിട്ടീഷ് ഭരണകാലം തൊട്ടുള്ള പൈതൃക രേഖകള്‍, ഏറ്റവും പുതിയ ഡിജിറ്റല്‍ സര്‍വേ രേഖകള്‍, എന്റെ ഭൂമി പോര്‍ട്ടല്‍, സര്‍വേ ഉപകരണങ്ങള്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയത്. സര്‍വേ വകുപ്പ് നല്‍കുന്ന പൊതുജന സേവനങ്ങളും ഉപയോഗിക്കുന്ന സോഫ്റ്റ് വേറുകളും പ്രദര്‍ശനത്തില്‍ വിശദീകരിച്ച് നല്‍കി. പ്രദര്‍ശനം നവംബര്‍ ആറു വരെ തുടരും.

 

കേരളീയത്തില്‍ മുത്തപ്പന്‍ തെയ്യവും കാവും

കേരളീയം കാണാനെത്തുന്ന തലസ്ഥാനവാസികള്‍ക്ക് കൗതുകം പകര്‍ന്നു മുത്തപ്പന്‍ തെയ്യവും കാവും. വടക്കന്‍ മലബാറിലെ ഭക്ത ജനങ്ങളുടെ ആരാധന മൂര്‍ത്തിയായ മുത്തപ്പന്‍ വെള്ളാട്ടമാണ് കേരളീയത്തില്‍ ശ്രദ്ധ നേടുന്ന ഒരു പ്രധാന തീം. കനകക്കുന്ന് കൊട്ടാരത്തിന്റെ മുന്‍വശത്തായിട്ടാണ് കാവും ആരാധന മൂര്‍ത്തിയെയും അണിയിച്ചൊരുക്കിയിട്ടുള്ളത്. കേരളീയത്തിലെ ഇല്ലുമിനേഷന്‍ കമ്മിറ്റിയാണ് മുത്തപ്പനെ അണിയിച്ചൊരുക്കിയത്. നിരവധി പേരാണ് മുത്തപ്പന്‍ കാവിന് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കുന്നത്. ഇതിനു പുറമെ, ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ലേസര്‍മാന്‍ ഷോ,  യു.വി സ്റ്റേജ് ഷോ, ട്രോണ്‍സ് ഡാന്‍സ് എന്നിവയും കനകക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്

 

ബഷീറിന്റെ നീലവെളിച്ചം കേരളീയത്തിലുമുണ്ട്

മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മിപ്പിച്ച് കേരളീയം സെല്‍ഫി പോയിന്റ്. നിശാഗന്ധി ഓഡിറ്റോറിയത്തിനു സമീപമുള്ള വലിയ ആല്‍മര ചുവട്ടിലാണ് ബഷീറിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്.

ബഷീറിന്റെ ചാരു കസേരയും പേനയും കണ്ണടയും പുസ്തകങ്ങളും ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. കൂടാതെ, ആല്‍മരത്തിന്റെ ചില്ലകളില്‍ ബഷീര്‍ കൃതികളുടെ പുറം ചട്ടയും തൂക്കിയിട്ടിട്ടുണ്ട്. രാത്രിയുടെ പശ്ചാത്തലത്തില്‍ നീലവെളിച്ചം കൂടി നല്‍കിയതോടെ സെല്‍ഫി പോയിന്റ്റുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇടമായി ഇവിടം മാറി. നിരവധി പേരാണ് സെല്‍ഫി എടുക്കാനായി ഇവിടേക്ക് എത്തുന്നത്

 

ജനങ്ങളില്‍ നിന്നും ലഭിക്കുന്ന അളവറ്റ പിന്തുണയാണ് കേരളീയത്തിന്റെ വിജയം : മന്ത്രി വി.ശിവന്‍കുട്ടി

**കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്ന് മന്ത്രി കെ.രാജന്‍
**ഭക്ഷ്യഭദ്രത ഉറപ്പാക്കിയ കേരളം രാജ്യത്തിനു മാതൃക: മന്ത്രി ജി.ആര്‍ അനില്‍

ഭാവികേരളത്തെ നിര്‍ണയിക്കുന്നതില്‍ കേരളീയത്തിന്റെ പങ്ക് മനസിലാക്കിയ ജനങ്ങള്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് കേരളീയം മഹോത്സവത്തിന്റെ വിജയമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. നിറഞ്ഞ വേദികളിലാണ് എല്ലാ കലാപരിപാടികളും നടക്കുന്നത്. ജനത്തിരക്ക് മൂലം ഫുഡ്കോര്‍ട്ടിലെ മിക്ക സ്റ്റാളുകളിലും രാത്രി ഒമ്പത് മണിയോടെ ഭക്ഷണം തീരുന്ന സ്ഥിതിയുണ്ടായി. നഗരത്തില്‍ നടപ്പിലാക്കിയ ട്രാഫിക്ക് നിയന്ത്രണങ്ങളോടും ജനങ്ങള്‍ സഹകരിച്ചു. കേരളത്തിലെ എല്ലാ മാധ്യമങ്ങളും നല്ല പിന്തുണയാണ് നല്‍കുന്നത്. തിരുത്തപ്പെടേണ്ടുന്ന വിമര്‍ശനങ്ങളെ തിരുത്തി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയവുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും പങ്കെടുത്തു.

കേരളത്തിലെ ഭൂപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് കരുത്തുനല്‍കുന്ന സെമിനാറാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജന്മിമാരില്‍ നിന്നും കുടിയാന്മാരിലേക്ക് ഭൂമിയെത്തിയത് കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ പ്രവര്‍ത്തനമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രജിസ്ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുടിയേറ്റവും കയ്യേറ്റവും സംസ്ഥാന സര്‍ക്കാര്‍ രണ്ടായി തന്നെ പരിഗണിക്കും. ജീവിക്കാന്‍ വേണ്ടി ഭൂമിയില്‍ കുടിയേറി പാര്‍ത്തവരോട് ശത്രുതാപരമായ മനോഭാവത്തോടെ പെരുമാറില്ല. എന്നാല്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആയിരം പേരെ പങ്കെടുപ്പിക്കണമെന്നാണ് സംഘാടക സമിതി തീരുമാനിച്ചിരുന്നതെങ്കിലും 2,680 പേര്‍ റവന്യൂ വകുപ്പിന്റെ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്തത് കേരളീയത്തെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യഭദ്രതയും പോഷകാഹാരവും ഉറപ്പാക്കിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഭക്ഷ്യഭദ്രത എന്ന വിഷയത്തില്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന സെമിനാര്‍  വിലയിരുത്തിയെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. 1367 പേര്‍ സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യുകയും ആയിരത്തി അഞ്ഞൂറിലേറെ പേര്‍ പങ്കെടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊ. വി.കെ രാമചന്ദ്രന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ ഡോ. കെ. രവി രാമന്‍, ഡോ. ജമീല പി.കെ, ആര്‍. രാംകുമാര്‍, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു എന്നിവരും പങ്കെടുത്തു.

കേരളീയത്തില്‍ (നവംബര്‍ 3) കലാപരിപാടികള്‍

സെന്‍ട്രല്‍ സ്റ്റേഡിയം
6 :30 പി എം
കാവ്യ 23
‘മ ഷോ’

നിശാഗന്ധി
6 :30 പി എം
മ്യൂസിക് വൈബ്
സംഗീത സന്ധ്യ:പുഷ്പവതി

ടാഗോര്‍ തിയേറ്റര്‍
6 :30 പി എം
കാവ്യകേരളം
അഖണ്ഡ നൃത്തധാര:30 ല്‍ അധികം നര്‍ത്തകര്‍ പങ്കെടുക്കുന്നു

പുത്തരിക്കണ്ടം
6:30 പി എം
ഓര്‍മ്മകള്‍-കയ്യൊപ്പ്
മ്യൂസിക് ലൈവ്:ഷിയോണ്‍ സജി

സെനറ്റ് ഹാള്‍
6:30 പി എം
പെണ്‍നടന്‍
ഏകാങ്ക നാടകം:സന്തോഷ് കീഴാറ്റൂര്‍

സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
5:00 പി എം
അശ്വാരൂഢ അഭ്യാസപ്രകടനവും എയ്‌റോ മോഡല്‍ ഷോയും
എന്‍ സി സി

6:00 പി എം
വനിതാ കോല്‍ക്കളി,പുരുഷ കോല്‍ക്കളി&പുരുഷ അലാമികളി
വജ്രജൂബിലി കലാകാരന്മാര്‍

ഭാരത് ഭവന്‍,മണ്ണരങ്ങ്
7:00 പി എം
ഡ്രോപ്സ്
കുട്ടികളുടെ നാടകം: രംഗപ്രഭാത്, തിരുവനന്തപുരം

ഭാരത് ഭവന്‍ എ സി ഹാള്‍
6:00 പി എം
പെണ്‍ പാവക്കൂത്ത്
തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും
പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും

വിവേകാനന്ദപാര്‍ക്ക്
6:30 പി എം
പടപ്പാട്ടുകള്‍
7:30 പി എം
കുമാരനാശാന്‍ കഥാപ്രസംഗം

കെല്‍ട്രോണ്‍ കോംപ്ലക്‌സ്
6:30 പി എം
പറയന്‍ തുള്ളല്‍

ബാലഭവന്‍
6:00 പി എം
വയലാറിന്റെ ആയിഷ ഇന്ന്
ഏകാങ്ക നാടകം:ചിത്രാദേവി

7:15 പി എം
വില്‍ കലാമേള

പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍
6:00 പി എം
മിഴാവ് മേളം

മ്യൂസിയം റേഡിയോ പാര്‍ക്ക്
6 30 പി എം
മിഴാവ് മേളം

സൂര്യകാന്തി ഓഡിറ്റോറിയം
7:00 പി എം
മാപ്പിള കലാസംഗമം (പരമ്പരാഗത മാപ്പിള കലകള്‍ കോര്‍ത്തിണക്കിയ അവതരണം)

യൂണിവേഴ്‌സിറ്റി കോളേജ്
3:30 പി എം
കഥയരങ്ങ്
6:30 പി എം
കഥകളി

എസ്.എം വി സ്‌കൂള്‍
6:00 പി എം
സീതക്കളി
8:00 പി എം
കളരിയോഗനൃത്തം

ഗാന്ധിപാര്‍ക്ക്
6:00 പി എം
വഞ്ചിപ്പാട്ട്
7:30 പി എം
പാവങ്ങളുടെ പടത്തലവന്‍(കഥാപ്രസംഗം:പ്രൊഫ.ചിറക്കര സലിം)

വിമന്‍സ് കോളേജ്
6.30 പി എം
ജൂലിയസ് സീസര്‍
കഥകളി

ജനകീയ വേദികള്‍

1.മാനവീയം വീഥി –
6.00 പി.എം – പി.കെ ഗോപി (സാംസ്‌കാരിക പ്രഭാഷണം)
06.30 പി.എം – 7.30 പി.എം സ്ട്രീറ്റ് മാജിക്
07.30 പി.എം – 8.30 പി.എം വീരഭദ്രന്‍ തെയ്യവും 3 തെയ്യാട്ടങ്ങളും

2.ക്യാപ്ടന്‍ ലക്ഷ്മി പാര്‍ക്ക് – തേജസ്വിനി
06.00 പി.എം – 07.00 പി.എം തുകല്‍ വാദ്യ സമന്വയം (മിഴാവ്, ഇടയ്ക്ക, മദ്ദളം, ചെണ്ട, തകില്‍)
07.00 പി.എം – 08.00 പി.എം ഒതേനന്‍ തെയ്യവും മൂന്ന് തെയ്യാട്ടങ്ങളും

3. എല്‍.എം.എസ് കോമ്പൗണ്ട് – നെയ്യാര്‍
സ്മൃതി ഗാനസന്ധ്യകള്‍
07.00 പി.എം – 09.00 പി.എം – ഈറ്റില്ലവും ഈവഴിയും ചേര്‍ന്നൊരുക്കുന്ന തദ്ദേശ സംഗീതിക

4. രക്തസാക്ഷി മണ്ഡപം – കബനി
06.00 പി.എം – 08.00 പി.എം കടല്‍പ്പാട്ടുകള്‍

5. കണ്ണിമാറാ മാര്‍ക്കറ്റ് – ചാലിയാര്‍
06.00 പി.എം – 07.00 പി.എം തിരിയുഴിച്ചില്‍
07.00 പി.എം – 8.00 പി.എം വനിതാ ശിങ്കാരി മേളം

6.സെനറ്റ് ഹാള്‍ മുന്‍വശം – കണ്ണാടിപ്പുഴ
06.00 പി.എം – 07.00 പി.എം വനിതാ ശിങ്കാരി മേളം
07.00 പി.എം – 08.00 പി.എം തുകള്‍വാദ്യ സമന്വയം

7. യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസ് – നിള
06.30 പി.എം – 07.30 പി.എം – അഗ്‌നിതെയ്യങ്ങളും തെയ്യാട്ടങ്ങളും

8. സെക്രട്ടറിയേറ്റ് മുന്‍വശം ( ആല്‍മരച്ചുവട് ) മണിമലയാര്‍
06.00 പി.എം – 06.30 പി.എം ചെണ്ടമേളം
6:30 പി.എം – 07:30 പി.എം തെരുവുനാടകം

9.ആയുര്‍വേദ കോളേജ് മുന്‍വശം – ഭവാനി
06.00 പി.എം – 07.00 പി.എം – ചെണ്ടമേളം
07.00 – 8:00 പി.എം – തെരുവ് നാടകം

10. എസ്.എം.വി സ്‌കൂള്‍ മുന്‍വശം – കല്ലായി
06.00 പി.എം – 07.00 പി.എം വാണ്ടറിംഗ് മാജിക്ക്
07.00 പി.എം – 8.00 പി.എം തിരിയുഴിച്ചില്‍

11. ഗാന്ധിപാര്‍ക്ക് – പമ്പ
08.30 പിഎം – 09.30 പി.എം വിവിധ തെയ്യക്കോലങ്ങള്‍

ചലച്ചിത്രമേള

കൈരളി
9:45 എ എം
കടല്‍പ്പാലം
12:45 പി എം
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്
3:45 പി എം
നഖക്ഷതങ്ങള്‍
7:30 പി എം
മണിച്ചിത്രത്താഴ്

ശ്രീ
9:30 എ എം
ഉപ്പ്
12:30 പി എം
സ്വരൂപം
3:30 പി എം
നിര്‍മാല്യം
7:15പി എം
തമ്പ്

നിള
9:15 എ എം
നാനി
11:45 എ എം
മഴവില്‍ നിറവിലൂടെ

ഡോക്യൂമെന്ററികള്‍:
എം.കൃഷ്ണന്‍നായര്‍:
എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്
കെ.ജി ജോര്‍ജ്: ദ മാസ്റ്റര്‍,
സന്ദേഹിയുടെ സംവാദ ദൂരങ്ങള്‍
3:00 പി എം
ടി ഡി ദാസന്‍ എസ് റ്റി ഡി 6 ബി
7:00 പി എം
പ്യാലി

കലാഭവന്‍
9:45 എ എം
ഓപ്പോള്‍
12:15 പി എം
ഒരേ കടല്‍
3:00 പി എം
രേഖ
7:30 പിഎം
നിഷിദ്ധോ

സെമിനാര്‍

എല്ലാ ദിവസവും 9:30 മുതല്‍ 1:30 വരെ

വേദി: നിയമസഭ ഹാള്‍
വിഷയം: കേരളത്തിലെ സാമ്പത്തികരംഗം
അധ്യക്ഷന്‍: കെ.എന്‍. ബാലഗോപാല്‍ (ധനകാര്യ വകുപ്പ് മന്ത്രി)
വിഷയാവതരണം: രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ഐ.എ.എസ്.
സംഘാടനം: ധനകാര്യവകുപ്പ്
പാനലിസ്റ്റുകള്‍: പ്രൊഫ. എം.എ. ഉമ്മന്‍, ഡോ. ടി. എം. തോമസ് ഐസക്,
കെ.എം. ചന്ദ്രശേഖര്‍,
റോബിന്‍ ജെഫ്രി ( റെക്കോര്‍ഡഡ് ),
ഡോ. ലേഖ എസ്. ചക്രബര്‍ത്തി,
പി. സി. മോഹനന്‍,
പാട്രിക് ഹെല്ലര്‍ ( റെക്കോര്‍ഡഡ്),
പ്രൊഫ ആര്‍.രാമകുമാര്‍ ,
പ്രൊഫ വിനോജ് എബ്രഹാം

വേദി: ടാഗോര്‍ ഹാള്‍
വിഷയം: കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം
അധ്യക്ഷന്‍: വി ശിവന്‍കുട്ടി (പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി)
വിഷയാവതരണം: റാണി ജോര്‍ജ് ഐ.എ.എസ്.
സംഘാടനം: പൊതുവിദ്യാഭ്യാസവകുപ്പ്
പാനലിസ്റ്റുകള്‍: ഡോ. മിക്ക ടിറോനെന്‍,
ടെറി ഡെറൂണിയ,
പ്രൊഫ. അനിത രാംപാല്‍,
പ്രൊഫ. ഫാറ ഫറൂഖി,
പ്രൊഫ. സൊനാജ് ഹരിയ മിന്‍സ്,
ഗുരുമൂര്‍ത്തി കാശിനാഥന്‍,
കെ. അന്‍വര്‍ സാദത്ത്,
ഡോ. സി. രാമകൃഷ്ണന്‍

വേദി: ജിമ്മി ജോര്‍ജ് സ്റ്റേഡിയം
വിഷയം: കേരളത്തിന്റെ മത്സ്യബന്ധന മേഖല
അധ്യക്ഷന്‍: സജി ചെറിയാന്‍(ഫിഷറീസ് വകുപ്പ് മന്ത്രി)
വിഷയാവതരണം: എസ്.ശ്രീനിവാസ് ഐ എ എസ്
സംഘാടനം: മത്സ്യബന്ധന വകുപ്പ്
പാനലിസ്റ്റുകള്‍:
എസ് ശര്‍മ്മ
ഡോ അന്റോണിയോ ഗാര്‍സ
ജോസ് തോമസ്
ഡോ.ഡംഗ് വീറ്റ് ലി
ശകുന്തള ഹരാക് സിംഗ് തില്‍സ്റ്റെഡ്
ഡോ. പ്രദീപ്കുമാര്‍ ടി
ഡോ. ലീല എഡ്വിന്‍
ഡോ.എം റോസാലിന്റ് ജോര്‍ജ്
അലക്‌സ് കെ. നൈനാന്‍
ജോര്‍ജ് നൈനാന്‍
മനോജ് ശ്രീകണ്ഠകുരുക്കള്‍

വേദി: മാസ്‌ക്കറ്റ് പൂള്‍സൈഡ് ഹാള്‍
വിഷയം: കേരളത്തിലെ ഐ ടി മേഖല
അധ്യക്ഷന്‍:വി .അബ്ദുറഹിമാന്‍(കായിക വകുപ്പ് മന്ത്രി)
വിഷയാവതരണം:ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ. എസ്
സംഘാടനം:ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഐ ടി വകുപ്പ്
പാനലിസ്റ്റുകള്‍:
ഡോ.പളനിവേല്‍ ത്യാഗരാജന്‍( ഐ ടി വകുപ്പ് മന്ത്രി,തമിഴ്നാട്)
എസ്.ടി ഷിബുലാല്‍
സാം സന്തോഷ്(ഓണ്‍ലൈന്‍)
ക്രിസ് ഗോപാലകൃഷ്ണന്‍(റെക്കോഡഡ്)
വി.കെ മാത്യൂസ്
ശ്രീകാന്ത് ശ്രീനിവാസന്‍
വിനോദ് ധാം (റെക്കോഡഡ്)
പ്രൊഫ.സജി ഗോപിനാഥ്
സുജാ ചാണ്ടി

വേദി:സെന്‍ട്രല്‍ സ്റ്റേഡിയം
വിഷയം: പൊതുജനാരോഗ്യം
അധ്യക്ഷ: വീണാജോര്‍ജ് (ആരോഗ്യ വകുപ്പ് മന്ത്രി)
വിഷയാവതരണം: എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്
സംഘാടനം:ആരോഗ്യ വകുപ്പ്
പാനലിസ്റ്റുകള്‍:
പി.കെ ശ്രീമതി
ഡോ.കെ.ശ്രീനാഥ് റെഡ്ഢി
ഡോ.ടി സുന്ദരരാമന്‍
ഡോ.എം വി പിള്ള
ഡോ.എം ആര്‍ രാജഗോപാല്‍
ഡോ.ദേവകി നമ്പ്യാര്‍
ഡോ.വി.രാമന്‍കുട്ടി
ഡോ.പികെജമീല

 

 

error: Content is protected !!