Trending Now

കേരളീയം : വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 01/11/2023)

 

‘കേരളീയം’ ടൈം സ്‌ക്വയറിലും

കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബര്‍ ഒന്നിന് അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്‌ക്വയറില്‍ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും നേട്ടങ്ങളും പുരോഗതിയും ആവിഷ്‌ക്കരിക്കുന്ന കേരളീയത്തിന്റെ സന്ദേശം വിദേശമണ്ണിലും എത്തിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ കേരളീയത്തിന്റെ വീഡിയോയും ലോഗോയും നവംബര്‍ ഏഴുവരെ പ്രദര്‍ശിപ്പിക്കും.

കേരളത്തിന്റെയും കേരളീയം മഹോല്‍സവത്തിന്റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അനിമേഷന്‍ വീഡിയോ യും ലോഗോയും ഇന്ത്യന്‍ സമയം പകല്‍ 10:27 മുതല്‍ ഒരുമണിക്കൂര്‍ ഇടവിട്ട് പ്രദര്‍ശിപ്പിക്കും.

കേരളീയത്തിന് ആശംസയുമായി താരങ്ങളും

കേരളീയത്തിന്റെ ആദ്യപതിപ്പിന്റെ ഉദ്ഘാടന വേദി താരത്തിളക്കത്താല്‍ ശ്രദ്ധേയമായി. കേരളീയം പരിപാടിക്ക് ആശംസയര്‍പ്പിച്ച് കമലഹാസനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും കേരളീയം വേദിയിലെത്തി.

മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി. കേരള ചരിത്രത്തിലെ മഹാസംഭവമായി കേരളീയം മാറട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. കേരളത്തിന്റെ മാത്രമല്ല ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറും. രാഷ്ട്രീയം, മതം, ജാതി എന്നിവയ്ക്കതീതമായി കേരളീയരെന്ന വികാരമാണ് എല്ലാവരും പങ്കിടുന്നത്. കേരളത്തിന്റെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നതാണ് കേരളീയത്തിന്റെ സന്ദേശം. എല്ലാ വ്യത്യാസങ്ങളെയും മറികടന്ന് കേരളീയര്‍ ലോകത്തെ ശ്രദ്ധാ കേന്ദ്രമായി എല്ലാവരും ആദരിക്കുന്ന ജനതയായി മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വച്ചിട്ടുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളീയത്തിന് വേദിയാകാന്‍ തിരുവനന്തപുരം നഗരം തെരഞ്ഞെടുത്തതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെച്ചു. ഇത് തന്റെ സ്വന്തം നഗരമാണ്. ഈ നഗരത്തോളം തനിക്കു പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ സംസ്‌കാരവും ഏറെ പരിചിതം. പാന്‍ ഇന്ത്യന്‍ മലയാള സിനിമകള്‍ ഇനിയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരളഘടകത്തിന് മുന്‍കൈ എടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മണിച്ചിത്രത്താഴിന് ശേഷം എല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന തന്റെ നാട് തിരുവനന്തപുരം തന്നെയാണെന്ന് ശോഭന. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമൊപ്പം വളരെ മനോഹരമായി നമ്മുടെ കലാരംഗവും മുന്നേറുകയാണെന്നും ശോഭന പറഞ്ഞു. എല്ലാവരിലേക്കും എത്തപ്പെടുന്ന രീതിയില്‍ പരാമ്പരാഗത കലകളെ അവതരിപ്പിക്കുന്നതിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നതെന്നും ശോഭന പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങള്‍ പുതിയ തലമുറയുടെ കഴിവുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ഏറ്റവും മികച്ച പൈതൃക കലാസൃഷ്ടിയായി യുനെസ്‌കോ അംഗീകരിച്ച 2000 വര്‍ഷം പഴക്കമുള്ള കലാരൂപമായ കൂടിയാട്ടം ഇന്നും കേരളത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും ശോഭന പറഞ്ഞു.

കേരളീയം ഉദ്ഘാടന വേദിയെ ഭാവസാന്ദ്രമാക്കി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം

കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം കേരളീയം ഉദ്ഘാടന വേദിയെ ഹൃദ്യമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങളെ കോര്‍ത്തിണക്കി കലാമണ്ഡലത്തിലെ 33 വിദ്യാര്‍ത്ഥികളാണ് കേരള ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്. കെ. ജയകുമാര്‍ ഐ എ എസിന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം നല്‍കിയത്. കലാമണ്ഡലം സംഗീതയാണ് ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. കഥകളി, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, നങ്ങ്യാര്‍കൂത്ത്, തെയ്യം, കളരി, മാര്‍ഗംകളി, ഒപ്പന എന്നീ കലാരൂപങ്ങളാണ് കേരള ഗാനത്തിന് ചാരുത പകര്‍ന്ന് വേദിയില്‍ എത്തിയത്. നവംബര്‍ അഞ്ചിന് വൈകിട്ട് 6.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന, തനത് വാദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ട്രഡീഷണല്‍ ബാന്‍ഡും ഡാന്‍സ് ഫ്യൂഷനും അരങ്ങേറും. പ്രകാശ് ഉള്ളിയേരി മുഖ്യാതിഥിയായി പങ്കെടുക്കും.

കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസന്‍

സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിര്‍വഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു നടന്‍ കമലഹാസന്‍. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെക്കുറിച്ചു താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്നു രാജ്യം അറിയണമെന്നതിനാല്‍ ഇംഗ്ലിഷില്‍ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശംസാ പ്രസംഗം ആരംഭിച്ചത്. വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണു കേരളമെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും കേരളത്തില്‍നിന്നു നിരവധി പാഠങ്ങള്‍ താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.

നിര്‍ണായകവും ഗൗരവവുമായ സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണു മലയാള സിനിമകള്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള സംസ്‌കാരം രൂപപ്പെടുന്നതില്‍ ഇവിടുത്തെ സിനിമകള്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹ്യബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണിത്. തന്റെ രാഷ്ട്രീയ പ്രവേശന സമയത്ത് കേരളത്തിലെ രീതികള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രശസ്തമായ കേരള മോഡല്‍ വികസനത്തില്‍നിന്നു താന്‍ പ്രചോദനമുള്‍ക്കൊണ്ടു. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കാന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ല്‍ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അതു നടപ്പാക്കിക്കാണിച്ചു. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡല്‍ വികസനവും രാജ്യത്തിനു മാതൃകയാണ്. പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തിയതാണു കോവിഡ് മഹാമാരിയെ മികച്ച രീതിയില്‍ നേരിടാന്‍ കേരളത്തെ പ്രാപ്തമാക്കിയത്.

ഏതു സാധാരണക്കാരനും പ്രാപ്യമായ രാഷ്ട്രീയ, ഭരണ സംവിധാനമുള്ള സംസ്ഥാനമാണു കേരളം. തന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തണമെന്നു ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ പൗരനെ പ്രേരിപ്പിക്കുന്നത് ഇതാണ്. വളര്‍ച്ചാധിഷ്ഠിത വികസന പദ്ധതികളിലാണു കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസ, ആരോഗ്യ മാതൃകളിലൂടെ ശക്തമായ സാമൂഹ്യ അടിത്തറ സൃഷ്ടിച്ച , സൃഷ്ടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തെ മികച്ച സാമൂഹ്യ വികസിത സംസ്ഥാനമാക്കി മാറ്റുന്നതിന് വിജ്ഞാനാധിഷ്ഠിത സമൂഹ സൃഷ്ടിക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശ്രമങ്ങളെ പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ചൈനയെ വെല്ലാന്‍ കെല്‍പ്പുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമെന്ന് പ്രൊഫ. അമര്‍ത്യ സെന്‍

വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോല്‍പ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍.

കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി ആശംസ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയത്തിന് സംഗീതാര്‍ച്ചന നേരാന്‍ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതായി സരോജ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലി ഖാന്‍. ‘കേരളത്തില്‍ ആയിരിക്കുമ്പോള്‍ സ്വന്തം വീട് പോലെ തോന്നുന്ന അനുഭവമാണ്. ശാന്തി, സമാധാനം, സാഹോദര്യം എന്നിവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന കേരളത്തിന്റെ കരുത്ത് മികച്ച വിദ്യാഭ്യാസമാണ്,’ ഉസ്താദ് പറഞ്ഞു. തിരുവനന്തപുരത്ത് സംഗീത പരിശീലന സ്ഥാപനം തുടങ്ങാന്‍ ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

സാംസ്‌കാരിക വൈവിധ്യങ്ങളിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഒരു ജനതയുടെ ഏഴ് ദിനങ്ങള്‍ നീളുന്ന ആഘോഷമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ ആശംസ അര്‍പ്പിച്ചു. മലയാളികളുടെ ജനാധിപത്യ ബോധം, ഇടകലര്‍ന്ന ജീവിതരീതി എന്നിവയെ കൃഷ്ണ പ്രശംസിച്ചു.

കേരളീയം; ഇനി ഉത്സവത്തിന്റെ ഏഴു പകലിരവുകള്‍

കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകല്‍പ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങള്‍.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളീയം ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നാം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവവും നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിക്കും.

കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തില്‍ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നു കൂട. നാം ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളുടെ കരുത്തില്‍ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമുക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അവരുടെ മുന്നോട്ടുള്ള കുതിപ്പില്‍ കേരളം അവര്‍ക്കൊരു വഴികാട്ടിയായി മാറാന്‍ ആ കുതിപ്പിന്റെ പാഠങ്ങള്‍ ലോകമെമ്പാടുമുള്ള ജനതകള്‍ അറിയണം.

കേരളീയം എല്ലാ വിഭാഗങ്ങള്‍ക്കും പുത്തന്‍ അറിവിന്റെയും അവസരങ്ങളുടെയും ലോകം തുറന്നുകൊടുക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നമ്മുടെ വികസന മാതൃകകള്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനാവും. ലോക വൈജ്ഞാനിക രംഗത്തു നിന്ന് നമുക്കു പലതും ഉള്‍ക്കൊള്ളാനുമാകും. കേരളത്തിലെ പുതിയ തലമുറക്ക് പുതിയ ലോകം എന്താണെന്ന് അറിയാനുള്ള ഒരു വാതില്‍ അത് തുറക്കും. നമ്മുടെ പുതിയ തലമുറയുടെ മികവ് എന്താണെന്ന് ലോകത്തിന് അറിയാനുള്ള അവസരവും അത് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഭാവിയിലേക്കുള്ള കുതിപ്പിന് സഹായകരമാകുന്ന പ്രവര്‍ത്തന പദ്ധതിയാണ് കേരളീയമെന്ന് ആമുഖ പ്രഭാഷണം നടത്തിയ കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നേട്ടമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ലോകത്തെ ഏറ്റവും വലിയ നഗരത്തിലുണ്ടാകുന്ന ജോലി സാധ്യതയും വ്യാപാര സാധ്യതയും പദ്ധതിയുടെ ഭാഗമായുണ്ടാകും. ലോകത്തിലെ വലിയ നഗരങ്ങളില്‍ നടക്കുന്ന വലിയ എക്സിബിഷന്‍ പോലെ കേരളീയത്തെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അത് കേരളത്തിലെ ഭാവി തലമുറയ്ക്കുള്ള ഏറ്റവും വലിയ നേട്ടമായിരിക്കും. പരിമിതമായ ചെലവിലൂടെ കേരളത്തിന്റെ ഭാവിയിലേക്ക് നോക്കുന്ന നിക്ഷേപമാണ് കേരളീയമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ജനകീയ പങ്കാളിത്ത മഹോത്സവമാണ് കേരളീയമെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ലോകത്തിന്റെയാകെ ശ്രദ്ധ കേരളത്തിലേക്കാകര്‍ഷിക്കാന്‍ കേരളീയത്തിന് തുടര്‍ പതിപ്പുകളുണ്ടാകും.

കേരളീയം വലിയൊരു അനുഭവമാണെ് ചടങ്ങില്‍ ആശംസയറിയിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് ലോകത്തിനും രാജ്യത്തിനും വെളിപ്പെടുത്തുന്ന അത്യപൂര്‍വ കാഴ്ചയാണിത്. സര്‍വ മേഖലയിലും മാതൃകയായി കേരളം മാറുകയാണ്. ഒരു മതേതര തുരുത്തായി നിലകൊള്ളുകയാണ് കേരളം. രാജ്യം നേരിടുന്ന ഏത് പ്രതിസന്ധിയെയും കൂട്ടായി നേരിടാന്‍ സംസ്ഥാനത്തിന് കഴിയുമെും അദ്ദേഹം പറഞ്ഞു.

കേരളീയം ചരിത്രസംഭവമാണെ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ജാതീയതയില്‍ നിും ജന്മിത്വത്തില്‍ നിന്നും മോചനം നേടിയ നാം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ മുന്നേറുകയാണ്. രാജ്യത്തിനാകെ മാതൃകയായി ലോകത്തിന് മുന്നില്‍ അത്ഭുതക്കാഴ്ചയൊരുക്കുകയാണ് കേരളം.

കേരളം അന്യമാം ദേശങ്ങളിലൂടെ വളരുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ സമൂഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്. അത്തരം സാമൂഹിക ഇടപെടലിലൂടെ നവകേരളം സൃഷ്ടിക്കായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനാണ് കേരളീയത്തിന്റെ സംഘാടനം. ഈ ഭാവനാസമ്പമായ പരിപാടി കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തും.

ലോകം പ്രകീര്‍ത്തിച്ചതാണ് മലയാളിയുടെ ആതിഥ്യ മര്യാദയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആ ആതിഥ്യ മര്യാദയോടെ ലോകത്തെ ക്ഷണിക്കുകയാണ് കേരളം.

ഭാവി കേരളത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ആശയമാണ് കേരളീയമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയും ലോകത്തിനു മുന്നില്‍ തുറന്നു വെക്കുകയാണ് കേരളീയമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കോസ്മോപൊളിറ്റന്‍ സംസ്‌കാരം പുരാതന കാലം മുതല്‍ ഉള്ളതെന്ന് പ്രൊഫ. റോമില ഥാപ്പര്‍

കേരളത്തിന്റെ കോസ്മോപൊളിറ്റന്‍ സംസ്‌കാരം ഇപ്പോള്‍ ഉണ്ടായതല്ലെന്നും കടല്‍ വഴി വിദേശികളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളിലൂടെ പണ്ടുമുതല്‍ക്കേ കേരളം അത്തരം ആധുനിക സംസ്‌കാരം വച്ചുപുലര്‍ത്തിയതായും പ്രശസ്ത ചരിത്രകാരി പ്രൊഫ റോമില ഥാപ്പര്‍ ചൂണ്ടിക്കാട്ടി.

കേരളീയം പരിപാടിക്ക് ആശംസ നേര്‍ന്ന് ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി സംസാരിക്കുകയായിരുന്നു അവര്‍.

അന്യസംസ്ഥാനക്കാര്‍ വന്ന് കേരളത്തെ തങ്ങളുടെ ഇടമാക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരികതയെ പരിപോഷിപ്പിക്കുന്നു. സാക്ഷരതയിലെ ഉയര്‍ന്ന നിലവാരം കൂടുതല്‍ യുക്തിപൂര്‍വം ചിന്തിക്കാനും തുറന്ന മനസ്സോടെ ഇടപഴകാനും സഹായിക്കുന്നു, പ്രൊഫ ഥാപ്പര്‍ പറഞ്ഞു.

കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് കേരളത്തിനുള്ളിലെ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് താനെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ് സോമനാഥ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കാനായതാണ് ഏറ്റവും വലിയ ഭാഗ്യം. ഭാരതീയന്‍ എന്നതിനൊപ്പം മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനം ഉള്‍കൊള്ളുന്നു. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സാമൂഹ്യ പുരോഗതി നേടാനായി പുതിയ പാത തുറക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും കേരളീയം 2023 -ന് കഴിയും. നവകേരളത്തിനായുള്ള വഴിത്താരകള്‍ വെട്ടിത്തുറക്കാന്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക വൈവിധ്യങ്ങളെയും നേട്ടങ്ങളെയും അവതരിപ്പിക്കുന്ന കേരളീയത്തിലെ ചര്‍ച്ചകള്‍ വഴിതുറക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മലയാളി എന്നത് അഭിമാനമായാണ് കാണുന്നതെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. മികച്ച ഭരണം കാഴ്ചവെച്ചതിനുള്ള അംഗീകാരം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്, രാജ്യത്തിലെ തന്നെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സംസ്ഥാനം എന്നിവയ്ക്ക് നീതി ആയോഗിന്റേത് ഉള്‍പ്പെടെ നിരവധി കീര്‍ത്തികള്‍ നേടിയ കേരളത്തിന്റെ മഹിമ വേണുഗോപാല്‍ എടുത്തുപറഞ്ഞു. കേരളീയം പരിപാടിയിലേക്ക് വിശിഷ്ടാതിഥിയായി തന്നെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

അതി ദാരിദ്ര്യ നിര്‍മ്മാജ്ജനത്തിലേക്ക് ഒരു ചുവട് കൂടി; ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പ്രധാന ചുവടുവെപ്പുമായി കേരളം. അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം കേരളീയം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ തത്സ്ഥിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് ചടങ്ങില്‍ കൈമാറി.

കേരള വികസന മാതൃകയുടെ മറ്റൊരു ദൃഷ്ടാന്തമാണ് അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനത്തിലൂടെ ലോകത്തിന് മുമ്പാകെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ 2021 ലെ മള്‍ട്ടി ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരം 0.7 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് വളരെ ചുരുങ്ങിയ അളവായിട്ടും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരാനാണ് 2021 മേയ് മാസത്തില്‍ അതി ദാരിദ്ര്യം സംസ്ഥാനത്ത് നിന്നു തുടച്ചുനീക്കാനുള്ള ബൃഹദ് പദ്ധതിക്ക് കേരളം തുടക്കമിട്ടത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പദ്ധതിയാണ് കേരളം വിഭാവനം ചെയ്തത്.

64,006 കുടുംബങ്ങളില്‍പ്പെട്ട 1,030,99 പേരെയാണ് അതി ദാരിദ്ര്യം അനുഭവിക്കുന്നവരായി നാം സര്‍വേ വഴി കണ്ടെത്തിയത്. ഇവരെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ മൈക്രോ പ്ലാനുകളും ഉപ പദ്ധതികളും തയാറാക്കി. ഭക്ഷണവും ചികിത്സയും അടിയന്തരമായി ലഭ്യമാകാനാണ് പ്രഥമപരിഗണന നല്‍കിയത്. അതിനു പുറമേ അവകാശ രേഖകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവയും ലഭ്യമാക്കി. അതിദരിദ്രരെന്ന് കണ്ടെത്തിയവരില്‍ 40 ശതമാനം പേരെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ 2023 നവംബര്‍ ഒന്നോടെ ഈയവസ്ഥയില്‍ നിന്ന് മോചിപ്പിക്കണമെന്ന ലക്ഷ്യം മറികടക്കാന്‍ നമുക്കായി.

പട്ടികയിലെ 64 ,006 കുടുംബങ്ങളില്‍ 30,658 കുടുംബങ്ങളെ (47.89 ശതമാനം) ഇതിനകം അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2024 നവംബര്‍ ഒന്നോടെ 90 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. 2025 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യം സമ്പൂര്‍ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 സ്റ്റാളുകള്‍, വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍; സഹകരണ വകുപ്പ് ട്രേഡ് ഫെയറിനും ഭക്ഷ്യമേളയ്ക്കും തുടക്കം

സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാള്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കൂപ്കേരള ബ്രാന്‍ഡിലുള്ളതുമായ നാനൂറിലേറെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശന വിപണനത്തിനായി 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ജി.ഐ. ടാഗുള്ള പൊക്കാളി ഉല്‍പ്പന്നങ്ങള്‍, മറയൂര്‍ ശര്‍ക്കര, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, ശുദ്ധമായ വെളിച്ചെണ്ണ, ആറന്മുള കണ്ണാടി, വാസ്തുവിളക്ക്, വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, ഗാര്‍മെന്റ്സ്, വിവിധ ബാഗ് ഉല്‍പന്നങ്ങള്‍, കശുവണ്ടി, തേന്‍, കുന്തിരിക്കം, ചിക്കന്‍ ചമ്മന്തിപ്പൊടി, വെജ് ചമ്മന്തി പൊടി, ചൂരല്‍ ഉല്‍പന്നങ്ങള്‍, ബനാന വാക്വം ഫ്രൈ, കറി പൗഡറുകള്‍, ടീ പൗഡറുകള്‍, ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ജാക്ക് ഫ്രൂട്ട് ൗെഡര്‍, പുല്‍ത്തൈലം, പൊക്കാളി അരി, കത്തി, കൊടുവാള്‍ പോലുള്ള ഉപകരണങ്ങള്‍, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബ്ലീച്ചിംഗ് പൗഡര്‍, സാനിറ്റൈസര്‍, മലയാളം ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാണ്.

ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ടിലെ സഹകരണ സംഘങ്ങളുടെ 13 ഫുഡ് കോര്‍ട്ടിലൂടെ കാസര്‍കോഡന്‍ വിഭവങ്ങളായ നീര്‍ദോശ, നെയ്പത്തല്‍, പത്തിരി, കോഴികടമ്പ്, ചിക്കന്‍ സുക്ക, കോഴിറൊട്ടി, വയനാടന്‍ വിഭവങ്ങളായ ഗന്ധകശാല അരി പായസം, മുളയരി പായസം, ഉണ്ടപ്പുട്ട്കറി,കോഴിക്കോടന്‍ വിഭവങ്ങളായ ഉന്നക്കായ, കായ് പോള, വറുത്തരച്ച കോഴിക്കറി, പാലക്കാടന്‍ വിഭവങ്ങളായ വനസുന്ദരി ചിക്കന്‍, റാഗി പഴം പൊരി, ചാമ അരി, ഉപ്പുമാവ്, ആലപ്പുഴയുടെ വിഭവങ്ങളായ കപ്പ, കരിമീന്‍ പൊള്ളിച്ചത്, പത്തനംതിട്ടയുടെ തനതു വിഭവങ്ങളായ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, പുഴുക്കുകള്‍, വിവിധയിനം ചമ്മന്തികള്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ലഭിക്കും.

ആകര്‍ഷകമായ ലൈവ് സ്റ്റാളുകള്‍, ലൈവ് മണ്‍കല നിര്‍മ്മാണം, പൊക്കാളി പൈതൃക ഗ്രാമം, മനോഹര സെല്‍ഫി പോയിന്റുകള്‍, വര്‍ണ്ണാഭമായ ചെടികള്‍ തുടങ്ങിയവയും മറ്റൊരു ആകര്‍ഷണമാണ്. മേളയോട് അനുബന്ധിച്ച് സഹകരണ മേഖലയിലെ കൊല്ലം എന്‍.എസ്. ഹോസ്പിറ്റലും, പെരിന്തല്‍മണ്ണ ഇ.എം.എസ്. ഹോസ്പിറ്റലും സംയുക്തമായി മിതമായ നിരക്കില്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജും നടത്തുന്നുണ്ട്.

സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ സാംസ്‌കാരിക പരിപാടികളുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകം കേരളീയം, സഹകരണവീഥി പ്രത്യേക പതിപ്പും മന്ത്രി പ്രകാശനം ചെയ്തു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറും സഹകരണ വകുപ്പ് രജിസ്ട്രാറുമായ ടി.വി സുഭാഷ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഐ.പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍മാരായ അബ്ദുള്‍ റഷീദ്, വി. സലിന്‍, കെ.ജി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

ഗോത്രജീവിതത്തിന്റെ വീര്യം വിളിച്ചോതി ട്രൈബല്‍ മ്യൂസിയം

ഗോത്രവര്‍ക്കാരുടെ ജീവിതപോരാട്ടത്തിന്റെ നേര്‍സാക്ഷ്യങ്ങളുമായി ട്രൈബല്‍ മ്യൂസിയം. കേരളീയം 2023ന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജില്‍ ഒരുക്കിയ ട്രൈബല്‍ മ്യൂസിയം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗോത്രവര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത വസ്തുക്കള്‍ കൊണ്ട് കൗതുകവും കാഴ്ചകളും തീര്‍ക്കുകയാണ്.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപെടാനുപയോഗിക്കുന്ന മൊട്ടമ്പ്, വേട്ടയ്ക്കുള്ള കൂരമ്പ്, മരത്തില്‍ ഇരുമ്പ് ചേര്‍ത്തുണ്ടാക്കിയ വയനാട് മുള്ളുകുറുമന്‍ പാര എന്നിങ്ങനെ വൈവിധ്യവും വ്യത്യസ്തവുമായ ഉപകരണങ്ങള്‍ മ്യൂസിയത്തില്‍ കാണാം.

അമ്പുംവില്ലും, മീന്‍ കൂട, മീന്‍ കൂട്, ചോലനായ്ക വിഭാഗക്കാരുടെ ‘പെട്ടിക്കുട്ട’, ഉറി, വന വിഭവങ്ങളുടെ ശേഖരണത്തിനായി ചോലനായ്ക്ക വിഭാഗക്കാര്‍ നിര്‍മ്മിച്ച മുള കൊണ്ടുള്ള വിവിധതരം കുട്ടകള്‍, വിളഞ്ഞിക്കോല്‍ എന്നിവയ്ക്കെല്ലാം ചരിത്രത്തിന്റെ നിരവധി കഥകള്‍ പറയാനുണ്ട്. കുറിച്യരുടെ കൊരമ്പ് മുതല്‍ പുനം കൃഷിക്കായി ഉപയോഗിച്ചിരുന്ന പരമ്പരാഗത ഉപകരണങ്ങള്‍ വരെ മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവമേകും.

ഇടുക്കിയിലെ മുതുവാന്മാരും അട്ടപ്പാടിയിലെ കുറുമ്പരും പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിവിധതരം ആയുധങ്ങള്‍, വായ്പ്പൂട്ട്, കാരണവന്മാര്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രം ‘വട്ടെ’, മുള്ളുകുറുമന്‍, കുറിച്യ വിഭാഗക്കാര്‍ ചോറ് വിളമ്പാന്‍ ഉപയോഗിച്ചിരുന്ന ‘കോരിക’, പാലക്കാട് അട്ടപ്പാടിയിലെ കുറുമ്പര്‍ ഉപയോഗിക്കുന്ന മുള കൊണ്ടുള്ള ‘ഗുലുമ’ എന്നിവയും തനത് രീതിയില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിജീവനത്തിന്റെ കഥകള്‍ പറയുന്ന ഈ മ്യൂസിയം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള കിര്‍താഡ്സാണ് ഒരുക്കിയിരിക്കുന്നത്.

 

ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ട്’; മീഡിയ എക്‌സിബിഷനു തുടക്കമായി

കേരളീയത്തിലെ മീഡിയ എക്‌സിബിഷന്‍ ‘ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ടി’ നു തുടക്കം. കേരളത്തിലെ മാധ്യമപുരോഗതിയുടെ നാള്‍വഴികള്‍, വാര്‍ത്താ നിമിഷങ്ങള്‍, വികസനത്തിന്റെ അതുല്യ വഴികള്‍ എന്നിവയുടെ പ്രദര്‍ശനങ്ങളും രാജ്യാന്തര ഫോട്ടോ, മാധ്യമ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉള്‍ക്കൊള്ളുന്ന മീഡിയ എക്‌സിബിഷന്‍ ഉദ്ഘാടനം ടാഗോര്‍ തിയറ്റര്‍ പരിസരത്ത് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.

‘ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ പരമ്പരാഗത- നവമാധ്യമ രീതികളെ പുനര്‍നിര്‍വചിക്കുകയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പ്രദര്‍ശനം ലക്ഷ്യമിടുന്നത്. പഴയകാലത്തെ ടൈപ്പ്‌റൈറ്റര്‍, ക്യാമറ മുതല്‍ എ.ഐ, വി ആര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വരെ പ്രദര്‍ശത്തിനുണ്ട്. മലയാളത്തിലെ ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, ജ്ഞാനനിക്ഷേപം തുടങ്ങിയ പത്രങ്ങളുടെ ആദ്യകാല ലക്കങ്ങള്‍, ഒ.വി. വിജയന്‍, ആര്‍. ശങ്കര്‍, അരവിന്ദന്‍ തുടങ്ങിയ പ്രമുഖരുടെ കാര്‍ട്ടൂണുകള്‍, രാജ്യാന്തര മാധ്യമങ്ങളിലെ കേരളത്തെ സംബന്ധിച്ച വാര്‍ത്തകള്‍, പ്രമുഖ ഫോട്ടോഗ്രാഫറായ നിക്കുട്ടിന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം, കേരളപ്പിറവി സമയത്തെ അത്യപൂര്‍വ്വ പത്ര കട്ടിങ്ങുകള്‍, 23 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രശസ്ത മുദ്രാവാക്യ ചരിത്രങ്ങള്‍, കോമിക് ബുക്ക് ഡിജിറ്റല്‍ ആര്‍ട്ട്, എന്‍ എഫ്ടി ആര്‍ട്ട് തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് മീഡിയ പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്. സബിന്‍ ഇക്ബാലാണ് ക്യുറേറ്റര്‍.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി സുഭാഷ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്, ഐ.പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍മാരായ അബ്ദുള്‍ റഷീദ്, വി. സലിന്‍, കെ.ജി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

സമഭാവനയുടെ നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

സാമൂഹ്യനീതി വകുപ്പ് പ്രദര്‍ശനം തുടങ്ങി

സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനാണ് കേരളീയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസം, സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളേജ് വേദിയില്‍ ഒരുക്കിയ സാമൂഹ്യനീതിവകുപ്പിന്റെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സമഭാവനയുടെ നവകേരളം സമ്പൂര്‍ണ്ണമായി സാക്ഷാത്കരിക്കാനാവശ്യമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തലാണ് കേരളീയത്തിലെ വിദഗ്ധ ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നത്.

വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, ജയില്‍ മുക്തര്‍ തുടങ്ങി സമൂഹത്തില്‍ അവഗണന നേരിടുന്ന വിഭാഗങ്ങള്‍ക്ക് അവകാശധിഷ്ഠിത നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും അവരെ ശാക്തീകരിക്കാനുമാണ് സംസ്ഥാനസര്‍ക്കാര്‍ ട്രാന്‍സ് ജന്‍ഡര്‍ നയം നടപ്പാക്കിയത്. തുടര്‍ന്ന് മഴവില്ല് അടക്കമുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ സമൂഹത്തില്‍ അവരുടെ ദൃശ്യത വര്‍ധിപ്പിക്കാനായി. അതില്‍ അഭിമാനമുണ്ട്. കുടുംബത്തിലും സമൂഹത്തിലും ട്രാന്‍സ് വ്യക്തികള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015 ല്‍ നടപ്പാക്കിയ ട്രാന്‍സ് ജന്‍ഡര്‍ നയം കാലാനുസൃതമായി പുതുക്കും. കാലഹരണപ്പെട്ട ജന്‍ഡര്‍ അവബോധം ഉല്ലംഘിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരു സമൂഹം വികസിത സമൂഹമായി മാറുമ്പോള്‍ ഏറ്റവും അധികം പ്രയാസം നേരിടുന്നത് വയോജനങ്ങളാണ്. അവര്‍ക്ക് സാമൂഹിക സുരക്ഷയും അംഗീകാരവും ഉറപ്പുവരുത്തും. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ മേഖലകളും പ്രാപ്യമാക്കലും സര്‍ക്കാര്‍ ലക്ഷ്യമാണ്- മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ മൈക്രോ ഇവന്റുകളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി മാഗസിന്റെ കേരളീയം സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

തുടര്‍ന്ന് ‘കേരള ട്രാന്‍സ് ജന്‍ഡര്‍ പോളിസി-ഒരു ജനതയുടെ അതിജീവനവും സാമൂഹിക പരിവര്‍ത്തനവും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറവും വേദിയില്‍ നടന്നു. പരിപാടിയുടെയും സെമിനാറിന്റെയും ആംഗ്യഭാഷ അവതരണം നിഷിലെ ഇംഗ്ലീഷ് അധ്യാപിക ചിത്ര പ്രസാദ് നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ഭിന്നശേഷി കോര്‍പറേഷന്‍ എം.ഡി: കെ. മൊയ്തീന്‍കുട്ടി, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി അഡ്വ. സിനു കുമാര്‍, സംസ്ഥാന ട്രാന്‍സ് ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശാമ എസ്. പ്രഭ എന്നിവര്‍ പങ്കെടുത്തു.

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ പ്രദര്‍ശനം നടത്തുന്ന നിപ്‌മെര്‍ എടി തട്ടുകട, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് രജിസ്‌ട്രേഷനുള്ള യുഡിഐഡി കൗണ്ടര്‍, നിഷ് സ്റ്റാള്‍, ഭിന്നശേഷി കുട്ടികളുടെ പരിചരണ ബോധവത്കരണത്തിനുള്ള റീഹാബ് ബസ്, വയോജന പരിചരണ ബോധവത്കരണത്തിനുള്ള ലൈഫ് സ്‌റ്റൈല്‍ ബസ് എന്നിവ പ്രദര്‍ശനത്തിലുണ്ട്. നവംബര്‍ 6 വരെ ഈ വേദിയില്‍ വിവിധ വിഷയങ്ങളിലായി എട്ട് ഓപ്പണ്‍ ഫോറങ്ങളും അരങ്ങേറും.

 

ചുണ്ടന്‍ വള്ളം, കടുവ, വേഴാമ്പല്‍… കൗതുകകാഴ്ചകള്‍ ഒരുക്കി പുഷ്പമേള

പൂക്കള്‍ കൊണ്ട് അണിയിച്ചൊരുക്കിയ ഗാന്ധിജിയും വേഴാമ്പലും ചുണ്ടന്‍ വള്ളവും തെയ്യവുമായി ‘കേരളീയ’ത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ പുഷ്പമേള ജനക്കൂട്ടത്തിന്റെ ആകര്‍ഷണകേന്ദ്രമായി.

പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ ആറു വേദികളിലായിട്ടാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്.

ഇതിനു പുറമെ ആറിടങ്ങളില്‍ പുഷ്പ ഇന്‍സ്റ്റലേഷനും ഏഴു പ്രധാന ജങ്ഷനുകളിലായി പൂക്കള്‍ കൊണ്ടുള്ള വിളംബരസ്തംഭംങ്ങളും ഒരുക്കിയിട്ടുണ്ട്.

കനകക്കുന്നില്‍ കടുവയും ഗാന്ധിജിയും പുത്തരിക്കണ്ടത്ത് ചുണ്ടന്‍ വള്ളവും ടാഗോര്‍ തിയറ്ററില്‍ തെയ്യവും എല്‍.എം.എസ് പള്ളിയുടെ മുന്‍പില്‍ വേഴാമ്പലും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളീയം ലോഗോയുമാണ് പുഷ്പ ഇന്‍സ്റ്റലേഷനുകളായി ഒരുക്കിയിട്ടുള്ളത്.

കനകക്കുന്നില്‍ പുഷ്പങ്ങളുടെ അലങ്കാരവും ഫ്‌ളോറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മത്സരങ്ങളും ഉണ്ടാകും. വെള്ളയമ്പലം, കനകക്കുന്ന് കൊട്ടാരം, എല്‍.എം.എസ്, രാമറാവു ലാംപ്, പി.എം.ജി, പാളയം രക്തസാക്ഷി മണ്ഡപം, സ്റ്റാച്യു മാധവറാവു പ്രതിമ, തമ്പാനൂര്‍ പൊന്നറ ശ്രീധര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വിളംബരസ്തംഭങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഒരു ലക്ഷത്തോളം ചെടികളാണ് കനകക്കുന്നിലും മറ്റ് അഞ്ചുവേദികളിലുമായി എത്തിച്ചിട്ടുള്ളത്. ഇതോടൊപ്പം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയം, മൃഗശാല, സെക്രട്ടേറിയറ്റ്, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും കേരളീയം പുഷ്പമേളയുടെ ഭാഗമാകുന്നുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. പ്രവേശം സൗജന്യമാണ്.

ഹൃദയം കവര്‍ന്ന് ശോഭനയുടെ സ്വാതി ഹൃദയം; കേരളീയം ആദ്യദിനം കലാസമ്പന്നം

ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കേരളീയത്തിന്റെ കലാവേദികളെ സമ്പന്നമാക്കി ആദ്യ ദിനം ഭരതനാട്യത്തിലൂടെ കാണികളുടെ ഹൃദയം കവര്‍ന്ന് പത്മശ്രീ ശോഭന. സ്വാതി ഹൃദയം എന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യം വീക്ഷിക്കാന്‍ ആയിരങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിശാലമായ വേദിയിലേക്ക് ഒഴുകിയെത്തിയത്. ഭദ്രദീപം കൊളുത്തി ശോഭന തന്നെയാണ് കേരളീയം കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ശോഭനയ്ക്ക് നല്‍കി കേരളീയം സംഘാടക സമിതി ചെയര്‍മാനായ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു. നര്‍ത്തകി നീനാ പ്രസാദ് പ്രഭാഷണം നടത്തി.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പരമ്പരാഗത കലകളെ സമ്മേളിപ്പിച്ചു നാട്ടറിവുകള്‍ എന്ന പേരില്‍ നിശാഗന്ധിയില്‍ അരങ്ങേറിയ പരിപാടിയും ഹൃദ്യാനുഭവവുമായി. ടാഗോര്‍ തിയേറ്ററില്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച എംപവര്‍ വിത്ത് ഇന്ദ്രജാല പ്രകടനവും വേറിട്ട അനുഭവമായി. പുത്തരിക്കണ്ടം മൈതാനിയില്‍ ജയരാജ് വാര്യരുടെ നര്‍മ്മമലയാളവും കൊച്ചിന്‍ കലാഭവന്റെ കോമഡി ഷോയും അരങ്ങേറി. സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ നടന്ന വനിതാ പൂരക്കളിയും വനിത അലാമിക്കളിയും ഭാരത് ഭവന്‍ മണ്ണരങ്ങിലെ അരികുഞ്ഞന്‍ നാടകവും ഭാരത് ഭവന്‍ എസി ഹാളിലെ തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവേകാനന്ദ പാര്‍ക്കില്‍ ഓട്ടന്‍തുള്ളല്‍, കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ ചണ്ഡാലഭിക്ഷുകി നൃത്താവിഷ്‌കാരം, ബാലഭവനില്‍ ജുഗല്‍ബന്ദി, പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ അവനി സംഗീത പരിപാടി, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ പഞ്ചവാദ്യം, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ആദിവാസി കൂത്ത്, യൂണിവേഴ്‌സിറ്റി കോളേജില്‍ കൈരളിയുടെ കഥ എന്ന ദൃശ്യാവിഷ്‌കാരം, എസ് എം വി സ്‌കൂളില്‍ പഞ്ചമി അയ്യങ്കാളി ചരിതം നൃത്താവിഷ്‌കാരം, ഗാന്ധി പാര്‍ക്കില്‍ പളിയ നൃത്തം, പടയണി, വിമന്‍സ് കോളേജില്‍ വനിതാ കളരി എന്നിവയുംഅരങ്ങേറി.

തനത് രുചി വൈവിധ്യവുമായി ബ്രാന്‍ഡഡ് ഭക്ഷ്യമേളയ്ക്ക് തുടക്കം

കേരളീയം ഭക്ഷ്യ മേളയില്‍ തനത് കേരള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബ്രാന്‍ഡഡ് ഭക്ഷ്യവിഭവ സ്റ്റാളുകളുടെ ഉദ്ഘാടനം കനകക്കുന്നിലെ സൂര്യകാന്തിയില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബ്രാന്‍ഡഡ് വിഭവങ്ങളുടെ പത്ത് സ്റ്റാളുകളാണുള്ളത്. കഫേ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകളും ഇതോടൊപ്പമുണ്ട്.

രാമശേരി ഇഡ്ഡലി, ബോളിയും പായസവും, കര്‍ക്കിടക കഞ്ഞി,പുട്ടും കടലയും,മുളയരി പായസം,വനസുന്ദരി ചിക്കന്‍,പൊറോട്ടയും ബീഫും,കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്,കപ്പയും മീന്‍കറിയും,തലശേരി ബിരിയാണി എന്നീ 10 കേരളീയ വിഭവങ്ങളാണ് ബ്രാന്‍ഡഡ് ആക്കുന്നത്.

ഷെഫ്പിള്ള,ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ,പഴയിടം മോഹനന്‍ നമ്പൂതിരി, കിഷോര്‍ എന്നിങ്ങനെ പാചകരംഗത്തെ പ്രശസ്തര്‍ അവരവരുടെ വ്യത്യസ്ത പാചകരീതികള്‍ അവതരിപ്പിക്കുന്ന ഫുഡ്‌ഷോ സൂര്യകാന്തിയില്‍  (നവംബര്‍ 2 ) മുതല്‍ ആറുവരെ അരങ്ങേറും.

ആയിരത്തിലേറെ കേരളീയ വിഭവങ്ങളുമായി മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് കേരളീയം ഭക്ഷ്യമേള നടക്കുന്നത്. ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഹിം എം.പിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!