പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 01/11/2023)

പ്രാദേശിക അവധി
പരുമലപ്പളളി പെരുനാള്‍  നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം  ( നവംബര്‍  2) തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച്  ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്  അവധി ബാധകമല്ല.

അപേക്ഷ ക്ഷണിച്ചു  
പട്ടികവര്‍ഗവികസനവകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ 20 നും 35 നും ഇടയില്‍ പ്രായമുളളതും പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷന്‍  നടത്തിയിട്ടുളളതുമായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക്  വിവിധ പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  കുറഞ്ഞത് എസ്എസ്എല്‍സി  യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നവംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ നാലിനു രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായതും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായതുമായ ഈറക്കുട്ട,  ഈര്‍ക്കില്‍ ചൂല്‍ തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.   അടൂര്‍ ആഡിഒ ഓഫീസില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറിന്  വൈകിട്ട് അഞ്ച് വരെ. ഫോണ്‍: 04734-224827.

പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍  പ്രൊബേഷന്‍ അസിസ്റ്റന്റിന്റുമാരായി കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിനു യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സോഷ്യല്‍ വര്‍ക്കിലുളള മാസ്റ്റര്‍ ബിരുദം (എം എസ് ഡബ്ല്യു).പ്രായപരിധി 40 വയസ്. പ്രൊബേഷന്‍ അനുബന്ധ മേഖലകളില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. വിലാസം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില , പത്തനംതിട്ട, ഫോണ്‍ : 9446177662, 8594057873, 8281999038.

തേനീച്ചപെട്ടി വിതരണം
തേനീച്ച വളര്‍ത്തല്‍ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ   ഭാഗമായി  പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് 50 ശതമാനം സബ്സിഡിയോടുകൂടി  30  പേര്‍ക്ക്  തേനീച്ച  പെട്ടികള്‍  വിതരണം  ചെയ്യുന്നു.  ഒരാള്‍ക്കു  പരമാവധി  അഞ്ച് പെട്ടികള്‍  ലഭിക്കും. താല്‍പര്യമുള്ളവര്‍   ഇലന്തൂര്‍  ജില്ലാ  ഓഫീസില്‍  പേര് രജിസ്റ്റര്‍ ചെയ്യണം. അവസാനതീയതി നവംബര്‍ എട്ട്.  ഫോണ്‍ : 0468 2362070.

 

നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം ഏഴിന്

റാന്നി മണ്ഡലത്തില്‍ ഡിസംബര്‍ 17 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നവംബര്‍ ഏഴിനു രാവിലെ 11നു റാന്നി വളയാനാട്ട്  ഓഡിറ്റോറിയത്തില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും.

സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്.