ശശി തരൂരിന്‍റെ പ്രസ്താവന കോൺഗ്രസ് നിലപാട് വ്യക്തമാക്കണം: കേരള ജമാഅത്ത് ഫെഡറേഷൻ

 

konnivartha.com/ പത്തനംതിട്ട: ഹമാസ് ഭീകരവാദികളാണ് എന്ന ശശി തരൂരിന്റെ പ്രസ്താവന ഖേദകരമാണെന്നും ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങളായി ഉപരോധം അടക്കമുള്ള കൊടും ക്രൂരത സഹിക്കുകയും പിറന്ന മണ്ണിനുവേണ്ടി പോരാടുകയും ചെയ്യുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഒരു സമ്മേളന വേദി തന്നെ ഫലസ്തീൻ ജനതയ്ക്ക് എതിരായ പ്രസ്താവന നടത്താൻ ശശി തരൂർ തിരഞ്ഞെടുത്തത് തികഞ്ഞ അവിവേകമാണ്.

അവിടെ ഒത്തുകൂടിയ ജനങ്ങളെ അവഹേളിക്കുകയും ലോകത്തെ മുഴുവൻ ഫലസ്തീൻ അനുകൂല മനസ്സുള്ളവരെ വേദനിപ്പിക്കുന്നതുമാണ് തരൂരിന്റെ പ്രസ്താവന.
വിദേശ സഹമന്ത്രിയായിരുന്ന വേളയിൽ ശശി തരൂർ ഇസ്രയേൽ അനുകൂലമായ നിലപാടെടുത്തിരുന്നത് ജനാധിപത്യ വിശ്വാസികൾക്ക് മറക്കാൻ കഴിയില്ല. സാമ്രാജ്യത്വത്തിന്
അനുകൂലമായി നിൽക്കുന്ന വ്യക്തികൾക്ക് ഇത്തരം സമ്മേളനങ്ങളിൽ അവസരം നൽകുന്നതിൽ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു.സി എച്ച് സൈനുദ്ദീൻ മൗലവി, എച്ച് അബ്ദുറസാഖ്, എം എച്ച് അബ്ദുൽ റഹീം മൗലവി, സാലി നാരങ്ങാനം, രാജാ കരീം, അഫ്സൽ പത്തനംതിട്ട, അൻസാരി ഏനാത്ത്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.