konnivartha.com: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്നു ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആധുനികനിലവാരത്തില്‍ നിര്‍മിക്കുന്ന കൂടല്‍ മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം കൂടല്‍ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൂടല്‍ മത്സ്യമാര്‍ക്കറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കും.ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
സംസ്ഥാനമൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ ആരംഭിക്കും. 51 മത്സ്യമാര്‍ക്കറ്റുകള്‍ക്കായി 142 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.കേരളത്തിലെ മത്സ്യമാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയില്‍ നിന്നും അനുവദിച്ച 1.78 കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് ആധുനികനിലവാരത്തിലേക്കുയര്‍ത്തുന്നത്.
കേരളസംസ്ഥാന തീരദേശവികസനകോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. എട്ടു മാസമാണ് നിര്‍മാണ കാലാവധി. 384.5 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ ഏഴ് മത്സ്യവിപണന സ്റ്റാളുകള്‍, രണ്ട് ഇറച്ചി കടമുറികള്‍, ആറ് കടമുറികള്‍, പ്രിപ്പറേഷന്‍ മുറി, ഫ്രീസര്‍ സൗകര്യം, ലേലഹാളുകള്‍ എന്നിവ സജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, അംഗങ്ങളായ സുജ അനില്‍, പി.വി.ജയകുമാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഷാന്‍ ഹുസൈന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ സജി, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.