Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/10/2023)

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം; കോഴഞ്ചേരി താലൂക്ക് വികസന സമിതി

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.പത്തനംതിട്ട നഗരത്തില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച പലയിടങ്ങളിലും കച്ചവടക്കാര്‍ കയ്യേറ്റം നടത്തിയത് ഒഴിപ്പിക്കണം.

 

മുളക്കുഴ-മഞ്ഞനിക്കര പാതയിലെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി പുനരാരംഭിക്കണം.  ടൗണിലെ അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കണം.

 

പത്തനംതിട്ട ടൗണിലെ ചില ഹോട്ടലുകളില്‍ രാവിലെ പഴയ പലഹാരങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ടൗണില്‍ അംഗീകൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോ റിക്ഷാ സ്റ്റാന്‍ഡുകള്‍ മാറ്റണം.

 

കോഴഞ്ചേരി പഞ്ചായത്തിലെ  ജലജീവന്‍ മിഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണം.    പത്താം വാര്‍ഡില്‍ പുതുതായി  അങ്കണവാടി അനുവദിക്കണം. നഗരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍  പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെക്കാത്തതുമൂലം അറിയാതെ അവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് പിഴ അടക്കേണ്ടതായി വരുന്ന സാഹചര്യം  പൊതുജനങ്ങള്‍ക്ക് ഉണ്ടാകരുത്.

 

ശരിയായ പാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവര്‍ത്തന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പുത്തന്‍പീടിക കൈപ്പട്ടൂര്‍ റോഡിന്റെ പല ഭാഗങ്ങളിലും റോഡ് ലെവലില്‍ നിന്നും നടവഴി താഴ്ചയിലായതിനാല്‍ റോഡില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ വശങ്ങളിലേക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്നു. ഇത് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി  ജെറി മാത്യു സാം, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ കെ.ജയ്ദീപ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡി.റ്റി ആര്‍. ഗിരിജ , ഡി.റ്റിമാരായ ജെ.അജിത്കുമാര്‍, ബി.കെ സുധ,   കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര ചന്ദ്രന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

കുടിശിക നിവാരണ അദാലത്ത് 11 ന്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 11 നു തിരുവല്ല അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ കുടിശിക നിവാരണ അദാലത്ത്   സംഘടിപ്പിക്കും. അദാലത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ഥാപന ഉടമകളും പങ്കെടുക്കണം. ഫോണ്‍ : 0468 2223169

 

ഉദ്ഘാടനം  (10)
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്   (10) വൈകുന്നേരം നാലിന് തിരുവല്ല സത്രം കോംപ്ലെക്‌സില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.  (പിഎന്‍പി 3385/23)

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍   സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം
പത്തനംതിട്ട   ജില്ലയിലെ എല്ലാ  എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളിലും   2024-2026    വര്‍ഷം അറിയിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി  താത്കാലിക സെലക്ട് ലിസ്റ്റ് തയാറാക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി   ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചുകളില്‍  നേരിട്ട് ഹാജരായോ എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ചിന്റെ  www.eemployment.kerala.gov.in   എന്ന   വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉള്ള പക്ഷം  നവംബര്‍  10നു   മുമ്പായി രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്സ്ഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ  സമര്‍പ്പിക്കണമെന്ന്  പത്തനംതിട്ട  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222745.

സീനിയോറിറ്റി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ അവസരം

തിരുവല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2024-26  കാലയളവില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ വ്യൂ സീനിയോറിറ്റി ലിസ്റ്റ് എന്ന  ടാബ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കാം.  ലിസ്റ്റില്‍ മേലുള്ള ആക്ഷേപങ്ങള്‍ നവംബര്‍ ഏഴിന് മുമ്പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് രേഖാമൂലമോ വെബ്സൈറ്റു വഴിയോ നല്‍കണമെന്ന് തിരുവല്ല എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0469 2600843

സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം
2024-26 കാലയളവില്‍ റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായുളള ഉദ്യോഗാര്‍ഥികളുടെ താല്‍ക്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.  നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്(കേരളം) വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്നു (ഒക്ടോബര്‍ 10) മുതല്‍ സെലക്ട് ലിസ്റ്റ്കള്‍ പരിശോധിക്കാം. ഈ  ലിസ്റ്റുകള്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം നവംബര്‍ 10 ന് വൈകിട്ട് അഞ്ചിന്  മുമ്പായി ഓഫീസില്‍ നേരിട്ട് ഹാജരായോ വെബ്സൈറ്റ് മുഖേനയോ പരാതി സമര്‍പ്പിക്കാമെന്ന് റാന്നി എംപ്ലോയ്മെന്റ്  ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 224388
 തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് സീറ്റ് ഒഴിവ്
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന, ഡിഗ്രി പാസായവര്‍ക്കായി  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എ, പ്ലസ് ടു പാസായവര്‍ക്കായി ആറു മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ (എസ്), എസ്.എസ്.എല്‍.സി പാസായവര്‍ക്കായി  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ലോഗോ ക്ഷണിച്ചു
സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനത്തോടനുബന്ധിച്ചുള്ള ശിശുദിനാഘോഷം 2023 ലേക്ക് കുട്ടികളില്‍ നിന്നും ലോഗോ ക്ഷണിച്ചു. എട്ടു  മുതല്‍ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. എന്‍ട്രികള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബര്‍ 12-നകം നേരിട്ടോ, തപാല്‍, ഇ- മെയില്‍ മുഖേനെയോ  സമര്‍പ്പിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി അറിയിച്ചു.  കുട്ടികള്‍ക്കിണങ്ങിയ ലോകം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. വിലാസം: ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം, തൈക്കാട്, തിരുവനന്തപുരം-695014  ഫോണ്‍ : 9847464613. ഇ- മെയില്‍ : [email protected]

ഗതാഗത നിയന്ത്രണം
പൂങ്കാവ് -പത്തനംതിട്ട റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചു.  ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ കുമ്പഴ-മല്ലശേരി റോഡ് വഴിയും പത്തനംതിട്ട -താഴൂര്‍ക്കടവ് റോഡ്  വഴിയും കടന്നു പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ഓംബുഡ്സ്മാന്‍ സിറ്റിംഗ് 12 ന്
മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 12 ന്  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ഉപരിപഠനത്തിനായുളള സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ  എസ്.എസ്. എല്‍.സി പാസായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകള്‍ക്കും  മെഡിക്കല്‍, എഞ്ചിനീയറിംഗ്, നഴ്സിംഗ് ബിരുദം, പാരാമെഡിക്കല്‍ ബിരുദം, പോളിടെക്നിക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും ഉപരിപഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോം പത്തനംതിട്ട ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്നും  ലഭിക്കുമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222709.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14,15 തീയതികളില്‍ നടത്തും. ഒക്ടോബര്‍ 12 വരെ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2300223

അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ്  10-ാം  ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകളുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ്  ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25.  ഫോണ്‍:  0484-2422275, 8281360360 (കൊച്ചി സെന്റര്‍), 0471-2726275, 9447225524 (തിരുവനന്തപുരം സെന്റര്‍).

ഏനാദിമംഗലം ഗ്രാമപഞ്ചാത്ത് കേരളോത്സവം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം  ഒക്ടോബര്‍ 16,17,18 തീയതികളിലായി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.  മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 13 ന് പകല്‍ നാലിന് മുമ്പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

മാലിന്യമുക്തം നവകേരളം ജില്ലാതല കാമ്പയിന്‍  (10)
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ  രണ്ടാഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കാമ്പയിന്‍ സെക്രട്ടറിയേറ്റും ജില്ലാ യൂത്ത്ടീമും പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച്  (10) രാവിലെ 8.30 ന് പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റിംഗ്റോഡ് എന്നിവിടങ്ങളില്‍ ജില്ലാതല കാമ്പയിനും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍  തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷന്‍, നവകേരളം മിഷന്‍, പത്തനംതിട്ട നഗരസഭ, കില എന്നിവ ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, എന്‍.എസ്.എസ് കോളജ് പന്തളം എന്നിവിടങ്ങളിലെ എന്‍.എസ്.എസ്, എന്‍.സി.സി വോളന്റിയര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡ് ടീം കേരള വോളന്റിയര്‍മാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.

സ്നേഹാരാമം ജില്ലാതല ഉദ്ഘാടനം  (10)
നാഷണല്‍ സര്‍വീസ് സ്‌കീമും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായി മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന സ്നേഹാരാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 10) രാവിലെ 8.30 ന് പത്തനംതിട്ടയില്‍ നടക്കും. ഗാര്‍ബേജ് വള്‍ണറബിള്‍ പോയിന്റുകള്‍ സൗന്ദര്യവത്കരിച്ച് സ്നേഹാരാമങ്ങളാക്കി മാറ്റുന്നതാണ് എന്‍.എസ്.എസ് ഈ വര്‍ഷത്തെ പ്രധാന പരിപാടിയായി ഏറ്റെടുത്തിട്ടുള്ളത്. എന്‍.എസ്.എസ് യൂണിറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി കൂടിയാലോചിച്ച് സ്ഥലം കണ്ടുപിടിച്ച് അവിടെ പച്ചത്തുരുത്ത്, ചുമര്‍ചിത്രം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പാര്‍ക്ക്, വിശ്രമസംവിധാനം, പാഴ്വസ്തുക്കള്‍ക്കൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍ തുടങ്ങി വോളന്റിയര്‍മാരുടെ സര്‍ഗാത്മകത കാഴ്ചവക്കാന്‍ കഴിയുന്ന തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് പദ്ധതി.
error: Content is protected !!