Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/09/2023)

 

അഭിമുഖം മാറ്റി
കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സെപ്റ്റംബര്‍ 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം അന്നേ ദിവസം അവധി ആയതിനാല്‍ ഒക്ടോബര്‍ 20 ലേയ്ക്ക് മാറ്റിവെച്ചതായി കോന്നി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ പുതുക്കിയും മേഖല വിഭജനം റോഡുകളുടെ തരം തിരിച്ചും സേവന ഉപനികുതി വര്‍ധനവും സംബന്ധിച്ചുളള അന്തിമ വിജ്ഞാപനം ചെയ്തത് www.tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചതായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ടെന്‍ഡര്‍
2023-24 വര്‍ഷത്തില്‍ ശബരിമല മണ്ഡല പൂജ-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യ വകുപ്പിന്റെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഉപയോഗിക്കുന്നതിന് വിവിധയിനം ഓക്സിജന്‍/നൈട്രജന്‍/ കാര്‍ബണ്‍ഡൈ ഓക്സൈഡ് സിലിണ്ടറുകള്‍ നിറച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ സ്റ്റോക്ക് പോയിന്റില്‍ എത്തിക്കുന്നതിന് അംഗീകൃത നിര്‍മാതാക്കള്‍ /വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ അഞ്ചിന് പകല്‍ 12 വരെ. ജില്ലാ മെഡിക്കല്‍ ഓഫീസ് പത്തനംതിട്ട ഫോണ്‍ : 0468 2222642, വെബ്സൈറ്റ് : www.dhs.kerala.gov.in/tenders

കയര്‍ഫെഡ് ഡിസ്‌കൗണ്ട് സെയില്‍ ഒക്ടോബര്‍ അഞ്ച് വരെ

കേരള സര്‍ക്കാര്‍ സ്ഥാപനമായ കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നല്‍കിയിരുന്ന ഓഫറുകള്‍, നബിദിനവും, ഗാന്ധിജയന്തിയും പ്രമാണിച്ച് ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. കയര്‍ ഫെഡ് മെത്തകള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും ഡബിള്‍ കോട്ട് ലൈഫ് മെത്ത വാങ്ങുമ്പോള്‍ മറ്റൊരു മെത്ത സൗജന്യവും ഉണ്ടായിരിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി മൂന്ന് പവന്‍ , രണ്ടാം സമ്മാനം രണ്ട് പവന്‍, മൂന്നാം സമ്മാനം ഒരു പവന്‍, സമാശ്വാസ സമ്മാനമായി ഒരു ഗ്രാം വീതം 50 പേര്‍ക്ക് നല്‍കുന്നു. കയര്‍മാറ്റുകള്‍, പി.വി.സി. മാറ്റുകള്‍, എന്നിവയ്ക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് പലിശരഹിത വായ്പയും പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. ഫോണ്‍: 9447861345

ഒക്ടോബര്‍ ഒന്ന് രണ്ട് തീയതികളില്‍ ജില്ലയില്‍ തീവ്രശുചീകരണപ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഒക്ടോബര്‍ ഒന്ന് രണ്ട് തീയതികളില്‍ ജില്ലയില്‍ തീവ്രശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് , നഗരസഭ അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും.

ഒക്ടോബര്‍ 30 ന് സ്‌കൂളുകളില്‍ ഹരിത അസംബ്ലിയും ശുചിത്വപ്രതിജ്ഞയും സംഘടിപ്പിക്കും. നവംബര്‍ 14 ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഹരിതഗ്രാമസഭ സംഘടിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം പ്രധാന അധ്യാപകര്‍ ഉറപ്പാക്കണം. പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നിരീക്ഷണവും കടുത്ത നടപടിയും ഏര്‍പ്പെടുത്തും. ഒക്ടോബറോടെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഹരിതമിത്ര ആപ്പ് പൂര്‍ണരീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കണം. ശുചിത്വപ്രോജക്ടുകളുടെ നിര്‍വഹണം കാര്യക്ഷമമാക്കണം. ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംസ്ഥാനങ്ങളുടെ ഫണ്ട് കൂടുതലായി ഉപയോഗപ്പെടുത്തി ആവശ്യമെങ്കില്‍ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിക്കണം. ബ്ലോക്ക്തലത്തിലുള്ള നിരീക്ഷണസമിതികള്‍ രൂപീകരിച്ച് തദ്ദേശസ്ഥാപനതലത്തിലുള്ള ശുചിത്വപ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും എംസിഎഫുകളുടെ നവീകരണപ്രോജക്ടുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു. ടി. പോള്‍,നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വളളം ഉദ്ഘാടനം നടന്നു

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മിച്ച ദുരന്ത നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടു വാങ്ങിയ വളളത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുളവൂര്‍ കടവില്‍ നിര്‍വഹിച്ചു. ഉത്തൃട്ടാതി ജലമേളയില്‍ എ ബാച്ചില്‍ മൂന്നാം സ്ഥാനം നേടിയ നെടുംപ്രയാര്‍ പളളിയോടത്തിനെയും ബി ബാച്ചില്‍ മൂന്നാം സ്ഥാനം നേടിയ തോട്ടപ്പുഴശേരി പളളിയോടത്തിനെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷെറിന്‍, ജില്ലാ പഞ്ചായത്ത് അംഗം സാറാ ടീച്ചര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സി ക്രിസ്റ്റഫര്‍ , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിസിലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെസി മാത്യു, വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു

പ്രധാനമന്ത്രി കിസാന്‍ ആനുകൂല്യം ലഭിക്കാത്തവര്‍ തപാല്‍ വകുപ്പിന്റെ അക്കൗണ്ട് തുടങ്ങണം

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്തു അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുന്‍പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍ സീഡ് ചെയ്താല്‍ ഒക്ടോബറില്‍ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുവും കര്‍ഷകര്‍ക്ക് ലഭിക്കും.

 

ആധാര്‍ നമ്പര്‍, ഓടിപി ലഭിക്കാന്‍ മൊബൈല്‍ഫോണ്‍, അക്കൗണ്ട് തുറക്കാന്‍ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ പോസ്റ്റുമാനെയോ സമീപിക്കാം.
ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്ഷയ കേന്ദ്രം വഴിയോ വെബ്‌സൈറ്റ് മുഖേന സെല്‍ഫ് മോഡിലോ ആധാര്‍ ഉപയോഗിച്ച് ഇ-കെ.വൈ.സി രജിസ്‌ട്രേഷന്‍ നടത്തണം.കൃഷി ഭവനില്‍ ഭൂരേഖ സമര്‍പ്പിക്കലും പരിശോധനയും നടത്തണം.

ഗതാഗത നിയന്ത്രണം
തോന്നല്ലൂര്‍-ആദിക്കാട്ടുകുളങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള ഗതാഗതത്തിന് സെപ്റ്റംബര്‍ 29 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

 

കെ.പി. റോഡില്‍ പത്താംമൈല്‍ ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശനാട് ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് തണ്ടാനുവിള കുരമ്പാല വഴി പന്തളത്തേക്കും, പന്തളം ഭാഗത്തുനിന്നും പത്താംമൈല്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ എം.സി. റോഡില്‍ കുരമ്പാല-തണ്ടാനുവിള-കുടശനാട് വഴി കെ.പി. റോഡില്‍കൂടി വാഹനഗതാഗതം തിരിച്ച് വിടുമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.