Trending Now

ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമമാണ് ആവശ്യം- ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

konnivartha.com: ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റകെട്ടായിനില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍ അടൂര്‍ ബി ആര്‍ സി ഹാളില്‍ സംഘടിപ്പിച്ച  ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

ലഹരിക്ക് അടിമപെടുന്നവരെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ആദ്യം കുടുംബങ്ങളില്‍ നിന്നും തുടങ്ങണം. ഇതിനായി ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ സംഘടിപ്പിക്കും. ലഹരിയില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള ക്യാമ്പയിനുകള്‍ ആരംഭിച്ചിരിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ശില്പശാലകള്‍ക്ക് പുറമെ തുറന്ന ചര്‍ച്ചകളും മികച്ച നിര്‍ദ്ദേശങ്ങളും വേണം. തദ്ദേശസ്വയംഭരണ സ്ഥാപന മേഖലകളിലും ഗൗരവപരമായ ചര്‍ച്ചകള്‍ ഉണ്ടാകണം.

 

പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി വാര്‍ഡ് തലത്തിലെയും ഇതിനായി രൂപീകരിച്ചിട്ടുള്ള യോഗങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം.മിഷന്റെ സന്ദേശം എല്ലാ വീടുകളിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ – എ ഡി എസ്, സി ഡി എസ് അംഗങ്ങളുടെ യോഗം ക്രമീകരിക്കണം. ഭാവി തലമുറയാണ് രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ലഹരിയെ സമൂഹത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാന്‍  പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലും വളരെ പ്രധാനപെട്ട ഘടകമാണെന്നും  ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍  വി.എ.സലീം വിഷയാവതരണം നടത്തി.
അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യറെജി മുഹമ്മദ്,  ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷന്‍ മെമ്പര്‍ പി കൃഷ്ണകുമാര്‍,  വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി സദാനന്ദന്‍, അടൂര്‍ എ ഇ ഒ സീമ ദാസ്    ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്,ഇബ്രാഹിം സുലൈമാന്‍,എക്സൈസ് ഇന്‍സ്പെക്ടര്‍  ബിജു  തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!