ഇരവിപേരൂർ ദേശത്തിന്‍റെ പൂരാടം കൊടുക്കൽ ഇന്നായിരുന്നു

 

konnivartha.com/ഇരവിപേരൂർ : ദേശത്തെ അതിപ്രാചീന ഇല്ലമായ വള്ളംകുളം പച്ചംകുളത്തില്ലത്ത് പൂരാടം കൊടുക്കൽ ചടങ്ങിനായി ഇന്ന് അതിരാവിലെ മുതൽ തന്നെ ഒരുക്കങ്ങളായി.മുറ്റമടിച്ചു വൃത്തിയാക്കി അത്തപ്പൂക്കളം ഒരുക്കുന്ന തിരക്കിലായി സ്ത്രീജനങ്ങളായ കുടുംബാംഗങ്ങൾ. അതോടൊപ്പം തന്നെ പുരാതന ഇല്ലം പൊളിച്ചു പണിതപ്പോൾ നിലനിർത്തിയ അറയും, നിലവറക്കും മുന്നിൽ ശിവ പൂജകൾ അർപ്പിക്കുന്നതിനും തുടക്കമായി.

ദാനധർമത്തിന് പ്രധാന്യം നൽകി ഈ നാട്ടിൽ ഓണക്കാലത്ത് നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ചടങ്ങാണ് പൂരാടം കൊടുക്കൽ . ഈ ദേശത്ത് ഭിക്ഷ തേടിയെത്തുന്നവരെ ശിവസ്വരൂപമായി കണ്ട്, പൂരാടം നാളിൽ ദാനം നടത്തുന്ന ആചാരമാണ് പൂരാടം കൊടുപ്പ്. അരി, തേങ്ങ, ചേന, ചേമ്പ്, പച്ചക്കറികൾ തുടങ്ങി ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ കൂടാതെ ഓണപ്പുടവയും പണവും ഇതിന്റെ ഭാഗമായി നൽകും. കാർഷിക സംസ്കാരം നിലനിന്ന കാലത്ത് അതിന്റേതായ പ്രാധാന്യം ഈ ചടങ്ങിന് ഉണ്ടായിരുന്നു. വള്ളംകുളം നല്ലൂർ സ്ഥാനത്തെ പച്ചംകുളത്തില്ലവുമായി ബന്ധപ്പെട്ടാണ് പൂരാടം കൊടുപ്പ് ചടങ്ങിന്റെ ആരംഭം .

പറഞ്ഞുകേട്ട ഐതീഹ്യത്തെക്കുറിച്ചു കുടുംബാംഗം

ഒരിക്കൽ പാർവതീ പരമേശ്വരന്മാർ പാണന്റെയും പാണത്തിയുടെയും വേഷത്തിൽ ഭിക്ഷതേടി ഇല്ലത്തെത്തി കുടിക്കാൻ വെള്ളം ചോദിച്ചു. ആ സമയം അവിടെ ഉണ്ടായിരുന്ന മുത്തശ്ശി, തെങ്ങിൽനിന്ന് കരിക്ക് വെട്ടി കുടിച്ചുകൊള്ളൂ എന്നുപറഞ്ഞ് ചെറിയൊരു മഴു കൊടുത്തു. മഴുവുമായി തെങ്ങിന് സമീപം ചെന്ന ഭിക്ഷുക്കളുടെ മുൻപിലേക്ക് തെങ്ങ് വളഞ്ഞുവന്നു. അവർ കരിക്ക് പറിച്ചെടുത്തു കുടിച്ചു. അദ്ഭുതപ്പെട്ട മുത്തശ്ശി കരപ്രമാണിമാരെ വിളിച്ചുകൂട്ടി ഇക്കാര്യങ്ങൾ പറഞ്ഞു. ഇതിനിടെ പാണനും പാണത്തിയും അപ്രത്യക്ഷരായി. ഭിക്ഷയ്ക്കുവന്നത് വേഷം മാറിയെത്തിയ ശിവപാർവതിമാരാണെന്ന് തിരിച്ചറിഞ്ഞ് അടുത്ത ചിങ്ങത്തിലെ പൂരാടം നാളിൽ ദാനധർമങ്ങൾ നടത്തികൊള്ളാമെന്ന് ഇല്ലത്തെ കാരണവർ നേർന്നു. അന്നുമുതൽ ഈ കരയിൽ ഈ ചടങ്ങ് നടത്തിവരുന്നു. ഇന്ന് പാണന്മാർ പാട്ടുപാടി വരുന്നത് വിരളം. ദാനം സ്വീകരിക്കാൻ ഇല്ലത്തേക്ക് എത്തുന്നവരും വിരളം.

പച്ചംക്കുളത്തില്ലത്തെ അമ്മ ശ്രീദേവി അന്തർജനത്തിന്റെ ദാനത്തോടെയാണ് ഇവിടെ ചടങ്ങ് തുടങ്ങുക. ഇതിനായി എത്തുന്നവർ അവിടെനിന്ന് നൽകുന്ന കഞ്ഞി കുടിച്ച് ദാനം വാങ്ങി മറ്റിടങ്ങളിലേക്ക് പോകും. ദേവസ്തുതികൾ പാടിയാണ് വീടുകളിൽ ഇവരെത്തുന്നത്.

ചിങ്ങമാസത്തിലെ പൂരാടം നാളിൽ പൂരാടധർമ്മം (പൂരാടം കൊടുക്കൽ) പണ്ടുമുതലേ പൂരാടപ്പാറക്ക് സമീപത്തും നടന്നുവന്നിരുന്നു . പൂരാടപ്പാറ ഇന്ന് സ്വകാര്യ വ്യക്തികളുടേതായപ്പോൾ പൊടിപ്പാറ റോഡരികിലാണ് ഇപ്പോൾ ഇത് നടന്നുവരുന്നത്. പൊടിപ്പാറ റോഡരികിൽ രാവിലെ മുതൽ തന്നെ നിരവധി കുടുംബങ്ങളാണ് വിവിധ ദേശങ്ങളിൽ നിന്ന് ദാനം സ്വീകരിക്കാനായി എത്തുന്നത് . ഇല്ലങ്ങളിലേക്ക് പോയി ദാനം സ്വീകരിക്കുന്നത് കുറഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം. എന്നിരുന്നാലും കാർഷികാഭിവൃത്തിയുടെ കാലത്ത് പൂരാടം കൊടുക്കൽ എന്ന ഈ നാടിന്റെ ആചാര ചടങ്ങിന് പച്ചംകുളത്തില്ലവുമായി പറഞ്ഞുകേൾക്കുന്ന കഥകൾക്ക് തന്നെ പ്രാമുഖ്യം.

റിപ്പോര്‍ട്ട്‌ : മിബു പുന്നശ്ശേരിൽ പറമ്പിലിനൊപ്പം, ജിബു വിജയൻ ഇലവുംതിട്ട

error: Content is protected !!