ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കും: ആരോഗ്യമന്ത്രി വീണാജോര്‍ജ്

 

ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നത് ഒഴിവാക്കണം. വിഷരഹിത ഭക്ഷണങ്ങള്‍ വിതരണം ചെയ്യണം. ജില്ലയിലെ ആറന്മുള, റാന്നി, ഇരവിപേരൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ വള്ളംകളികളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കണം. കാണികള്‍ക്ക് ബുദ്ധിമുട്ട് കൂടാതെ വള്ളംകളി കാണുന്നതിനുള്ള സൗകര്യം ഒരുക്കണം. തിരുവല്ല ആശുപത്രിയിലെ രക്തബാങ്ക് പ്രവര്‍ത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കോടതി സമുച്ചയത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല ആശുപത്രിയിലെ രക്തബാങ്ക് പ്രവര്‍ത്തിക്കുന്നതിനായി സത്വര നടപടികള്‍ എടുക്കണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. തിരുവല്ല നഗരസഭയിലെ സെക്രട്ടറിയുടെ ഒഴിവും വാട്ടര്‍ അതോറിറ്റിയുടെ നെടുമ്പ്രം സെക്ഷന്‍ ഓഫീസിലെ ഒഴിവുകളും വേഗത്തില്‍ നികത്തണം. തിരുവല്ല കെഎസ്ആര്‍ടിസി ശൗചാലയങ്ങള്‍ വൃത്തിഹീനമായി കിടക്കുന്നത് ഒഴിവാക്കണം. കെടിഡിസിയുടെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണം. മഠത്തുംകടവ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തിരുവല്ല ബൈപാസിലെ സിഗ്‌നലുകളില്‍ യാചകര്‍ കുട്ടികളുമായി ഭിക്ഷയെടുക്കാന്‍ എത്തുന്നത് തടയണം. അപകടസാധ്യത മാത്രമല്ല ഇത്തരം മാഫിയകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് തടയണം. നെടുമ്പ്രം പഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ പുരോഗമനം അറിയിക്കണമെന്നും മണിപ്പുഴ-പെരിങ്ങര മൂവത്തുപടി മേപ്രാല്‍ റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

കോഴഞ്ചേരി -പത്തനംതിട്ട റോഡിലെ നെല്ലിക്കാല ജംഗ്ഷനിലെ എല്‍പി സ്‌കൂളിന്റെ മതില്‍ റോഡില്‍ നിന്നും പൊളിച്ച് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡി.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റോഡ് കൈയ്യേറി മതില്‍ നിര്‍മിച്ചിരിക്കുന്നത് കാരണം ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഓണക്കാലമായതോടെ പത്തനംതിട്ട ടൗണില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ട്രാഫിക് നിയന്ത്രിച്ച് തിരക്ക് നിയന്ത്രിക്കണം.

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നത് വൈകിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും റിംഗ് റോഡിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് കാലതാമസം ഉണ്ടാകരുതെന്നും ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ തേടാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഓണാവധിക്ക് ഓരോ വകുപ്പുകളുടേയും നേതൃത്വത്തിലുള്ള സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരണമെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ,

error: Content is protected !!