Trending Now

സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും; ടോട്ടെക്‌സ് മാതൃക ഒഴിവാക്കും

 

konnivartha.com : സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിർദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്‌സ് മാതൃക ഒഴിവാക്കും.

സ്മാർട്ട് മീറ്ററിന്റെ വില, ഹെഡ് എൻഡ് സിസ്റ്റം, മീറ്റർ ഡാറ്റാ മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാർജ്ജുകൾ, മറ്റ് സോഫ്റ്റ് വെയർ ടെസ്റ്റിംഗിനും സൈബർ സെക്യൂരിറ്റിക്കുമുള്ള ചാർജ്ജുകൾ, 93 മാസത്തേക്കുള്ള ഓപ്പറേഷൻ ആൻഡ് മെയ്ൻറനൻസ് ചാർജ്ജുകൾ എന്നിവ ഉൾപ്പെടുന്നതാണ് ടോട്ടെക്‌സ് മാതൃക. ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവിൽ പരിപാലനവും പ്രവർത്തനവും ഏജൻസിയെ ഏൽപ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകൾ ഉൾപ്പെടെ വിയോജിച്ചിരുന്നു.

പുതിയ സംവിധാനത്തിൽ ബില്ലിംഗ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയർ കെഎസ്ഇബിതന്നെ രുപപ്പെടുത്തും. കെ-ഫോൺ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നൽകിയ ഫൈബർ ഒപ്റ്റിക്ക് കേബിൾ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെന്റർ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റർ മാറ്റി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെ.എസ്.ഇ.ബി ജീവനക്കാർ തന്നെ നടത്തും.

കെ.എസ്.ഇ.ബിയുടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ ഘടിപ്പിക്കില്ല. ആദ്യഘട്ടം എന്ന നിലയിൽ വ്യവസായ-വാണിജ്യ ഉപയോക്താക്കൾക്കാണ് സംവിധാനം ഏർപ്പെടുത്തുക. മൂന്ന് ലക്ഷത്തിൽ താഴെ പേരെയാണ് ഈ സംവിധാനത്തിന്റെ ഭാഗമാക്കുക.

സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ വർഷം ഡിസംബറിനുള്ളിൽ നൽകാനാകുമോ എന്ന കാര്യം ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോഡ്‌ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കേരളത്തിലെ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് മാത്രം ആവശ്യമായ വൈദ്യുതി ഉൽപ്പാദനം സാധ്യമാകില്ലെന്ന് കണ്ട് വൈദ്യുതി കണ്ടെത്തുന്നതിന് പദ്ധതി തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡെ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ തുടങ്ങിയവർ സംസാരിച്ചു.