Trending Now

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ട്

 

ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ഹെൻറി ഒലോംഗ. സ്ട്രീക്കിന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, തന്റെ മുൻ ട്വീറ്റിന് വിരുദ്ധമായി സ്ട്രീക്ക് ജീവനോടെയുണ്ടെന്നും ഒലോംഗ സ്ഥിരീകരിച്ചു. “ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തിപരമാണെന്ന് സ്ഥിരീകരിച്ചു. അത് അദ്ദേഹത്തിൽ നിന്നുതന്നെ കേട്ടു. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്.”- ഒലോംഗ കുറിച്ചു. ഹീത്ത് സ്ട്രീക്കുമായുള്ള വാട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും ഒലോംഗ പങ്കുവെച്ചു.

ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്നും ആദരാഞ്ജലി നേരുന്നുവെന്നും ഒലോംഗ നേരത്തെ മെസേജിങ് പ്ലാറ്റ്ഫോമായ Xൽ പോസ്റ്റ് ചെയ്തിരുന്നു. ഒലോംഗ ‘മരണവിവരം’ പങ്കുവെച്ചതോടെയാണ് രാജ്യാന്തര മാധ്യമങ്ങളടക്കം മരണവാർത്ത ലോകത്തെ അറിയിച്ചത്.

‍1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്‌വെയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റൺസും 455 വിക്കറ്റുകളും (ഏകദിനത്തിൽ 239, ടെസ്റ്റിൽ 216) സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‍വെയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റെക്കോർഡും സ്ട്രീക്കിന്റെ പേരിലാണ്.

error: Content is protected !!