Trending Now

ചെസ് ലോകകപ്പ്: ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലിൽ

Spread the love

 

ബകു (അസർബൈജാൻ) : ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രഗ്നാനന്ദയുടെ എതിരാളി. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.

ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി. ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദക്ക് 18 വയസ് തികഞ്ഞത്. 2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രഗ്നാനന്ദയാണ്. സെമിയിലെ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. 2022 ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്നാനന്ദ ലോകശ്രദ്ധ നേടിത്തുടങ്ങിയത്. മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലോക ചാമ്പ്യന് നേര്‍ക്കു നേരെയെത്തുന്നത്. 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ താരം ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ പദവിയും നേടിയെടുത്തു.

error: Content is protected !!