konnivartha.com: റാന്നി നിയമസഭാ മണ്ഡലത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതികള്‍ക്കായി ഇതുവരെ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണോദ്ഘാടനം കൊറ്റനാട് ട്രിനിറ്റി മര്‍ത്തോമ പാരീഷ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ജലജീവന്‍ മിഷന്‍ സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പിലാക്കി വരികയാണ്. സര്‍ക്കാര്‍ 18.5 ലക്ഷം പുതിയ കണക്ഷനുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിട്ടുണ്ട്.
കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 4706 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജല്‍ ജീവന്‍ മിഷന്‍ വഴി 50.51 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തോടെ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, കേരള ജല അഥോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്, ദക്ഷിണമേഖല കേരള ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ നാരായണന്‍ നമ്പൂതിരി, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നിയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം എത്തും : മന്ത്രി റോഷി അഗസ്റ്റിന്‍
മലയോരമേഖലയായ റാന്നിയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം എത്തുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വടശേരിക്കര ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ 3925 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജല്‍ ജീവന്‍ മിഷന്‍ വഴി 60.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകും. വേര്‍തിരിവില്ലാതെ എല്ലാ ഭവനങ്ങള്‍ക്കും സുസ്ഥിരമായി കുടിവെള്ളം ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വടശേരിക്കരയുടെ ചിരകാല സ്വപ്നമാണ് സാക്ഷത്കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസാരിച്ച പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജലജീവന്‍ മിഷനിലൂടെ മലയോരമേഖലകളിലെ ജനങ്ങള്‍ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കോമളം അനിരുദ്ധന്‍, അഡ്വ. സിബി താഴത്തില്ലത്ത്, ഷിജി മോഹന്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, ലേഖ സുരേഷ്, കേരള ജല അതോറിറ്റി ടെക്നിക്കല്‍ അംഗം ജി ശ്രീകുമാര്‍, കേരള ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒന്നരവര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍
സംസ്ഥാനത്തെ എല്ലാ വീടുകളിലും 2025 ഓടെ ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശുദ്ധജലം എത്തിക്കുകയെന്ന ദൗത്യത്തിന് ഒരു വീഴ്ചയും വരാതെ അതീവ ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ട് പോകും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 17 ലക്ഷം ഗ്രാമീണ വീടുകളില്‍ മാത്രമാണ് ശുദ്ധജലം ലഭിച്ചിരുന്നത്.
ഇപ്പോഴത് 36 ലക്ഷം വീടുകളായി ഉയര്‍ന്നു. 2025 ആകുമ്പോഴേക്കും ഈ പദ്ധതിയുടെ പ്രയോജനം മുഴുവന്‍ ആളുകളിലേക്കും എത്തിക്കും. ഗുണനിലവാരം ഉറപ്പാക്കിയ ജലമാണ് എല്ലാ വീടുകളിലേക്കും എത്തിക്കുന്നത്. ധാരാളം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്തിലെ 266 കോടി ജനമാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജല്‍ജീവന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിലെ 2898 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 24.05 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഒരു നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിത്. റാന്നി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് വലിയ പ്രാധാന്യം നല്‍കിയാണ് പ്രമോദ് നാരായണ്‍ എംഎല്‍എ പ്രത്യേകമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയെന്നും എംഎല്‍എയ്ക്കൊപ്പം ജില്ലാ ഭരണകൂടം മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചുവെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തന്നെ റാന്നിയുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്ന് കുടിവെള്ളമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുടിവെള്ളത്തിനും വികസനത്തിനും ഒരു രാഷ്ട്രീയചുവയുമില്ല. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നാറാണംമൂഴി പഞ്ചായത്തിന്റെ ചിരകാലസ്വപ്നമാണ് ഇതോടെ പൂവണിയുന്നതെന്നും എംഎല്‍എ പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, കേരള ജലഅതോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, ദക്ഷിണ മേഖല കേരള ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ നാരായണന്‍ നമ്പൂതിരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.