Trending Now

കാര്‍ഷികവൃത്തിമുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമെന്ന് ആരോഗ്യമന്ത്രി

 

കാര്‍ഷിക മേഖലയില്‍ വെല്ലുവിളി നേരിടുമ്പോഴും കാര്‍ഷികവൃത്തി മുന്നോട്ട് കൊണ്ട് പോകേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം ഇരവിപേരൂര്‍ വൈ.എം.സി.എ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു മന്ത്രി. കാലാവസ്ഥയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും കാര്‍ഷിക ഉത്പന്നങ്ങളില്‍ സ്വയം പര്യാപ്ത നേടാനാകണം.

സാമ്പത്തിക ആരോഗ്യ സ്വയം പര്യാപ്തതയും കാര്‍ഷിക പ്രവര്‍ത്തിയിലുടെ നേടാനാകണം. ഇതിനായി ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പല പഞ്ചായത്തുകളും നെല്‍കൃഷി വ്യാപകമായി
ചെയ്ത് പൂര്‍ണമായി തരിശുരഹിത പഞ്ചായത്തുകളായി.

ഇത്തരം പദ്ധതികള്‍ക്കൊപ്പം കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരികയുള്‍പ്പെടെയുള്ള ലക്ഷ്യം വെച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക കൂട്ടായ്മ കാപ്‌കോ ആരംഭിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം കൃഷിയിടങ്ങളില്‍ കൃഷി ഇറക്കാനാണ് തീരുമാനം. ഒരു വാര്‍ഡില്‍ ആറ് ഇടങ്ങളില്‍ 10 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തും. സര്‍ക്കാരും പഞ്ചായത്തും കര്‍ഷക കൂട്ടായ്മയും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഒന്നാണെന്നും ഇതിനായി ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് കാര്‍ഷിക വിളകളുടെ തൈ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കര്‍ഷകറുടെ കൃഷിയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന കൃഷികളുടെ ഉദ്ഘാടനവും നടന്നു.കാര്‍ഷിക സെമിനാറും കര്‍ഷകരുടെ വിവിധ കലാപരിപാടികളും നടന്നു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എല്‍സ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ് രാജീവ്, ജിജി ജോണ്‍ മാത്യു, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനീഷ് കുമാര്‍, ത്രേസ്യാമ്മ കുരുവിള, സതീഷ് കുമാര്‍, ജിന്‍സണ്‍ വര്‍ഗീസ്, ബിജി ബെന്നി, എം.എസ്. മോഹന്‍, കെ.കെ. വിജയമ്മ, ഷേര്‍ളി ജെയിംസ്, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ബിന്ദു, പുല്ലാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.എല്‍ അമ്പിളി, ഇരവിപേരൂര്‍ കൃഷി ഓഫീസര്‍ എന്‍.എസ്.മഞ്ജുഷ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ റ്റി.പി ഷാജി, കൃഷിഭവന്‍ റ്റി. പി ഷാജി, ഇരവിപേരൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജിനി, ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളായ ജിജി ജോര്‍ജ്, കെ.എന്‍ രാജപ്പന്‍, സുനില്‍ മറ്റത്ത്, തമ്പു പനോടില്‍, റേയ്ച്ചല്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.