Trending Now

കേരളീയം 2023 സംഘാടക സമിതി യോഗം ഇന്ന് (തിങ്കളാഴ്ച)

 

കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ഒരാഴ്ചക്കാലയളവിൽ കേരളീയം 2023 പരിപാടി സംഘടിപ്പിക്കുന്നതിന്റെ സംഘാടക സമിതി യോഗം ആഗസ്റ്റ് 14ന് ചേരും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകീട്ട് നാലിനാണ് യോഗം.

കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടകസമിതി രൂപീകരിക്കും. ഇതിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി എന്നിവരും തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളും കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും ഉൾപ്പെടും. ഇരുപതോളം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങൾ, കേരളത്തിന്റെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങൾ എന്നിവ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

കേരളീയം 2023ന്റെ ഭാഗമായി ലോകപ്രശസ്തരും വിദഗ്ദ്ധരുമായവരെ പങ്കെടുപ്പിച്ച് വിവിധ മേഖലകളെക്കുറിച്ച് സംവാദങ്ങൾ നടത്തും. ലോകശ്രദ്ധ ആകർഷിക്കുംവിധം കേരളം കൈവരിച്ച പുരോഗതിയും നിലവിൽ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളും നവകേരള സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളും സംവാദങ്ങളിൽ വിശകലനത്തിന് വിധേയമാക്കും. കാർഷിക രംഗം, ഫിഷറീസ്, ക്ഷീര മേഖല, ഭൂപരിഷ്‌കരണം, സഹകരണരംഗം, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴിൽ, കുടിയേറ്റം, പട്ടികജാതിപട്ടികവർഗ മേഖല, ഉന്നത പൊതുവിദ്യാഭ്യാസ മേഖലകൾ, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാരവികേന്ദ്രീകരണവും പ്രാദേശിക സർക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നിവയെക്കുറിച്ച് വിദഗ്ധരെ ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കും. ഇതിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് കേരളീയം 2023ന്റെ ഭാഗമായി നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കും.

കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ അവതരണവും, പൊതുജനങ്ങൾക്ക് ആസ്വദിക്കാനും സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാനുമായി കലാ പ്രദർശനവും ഉണ്ടാവും. തിരുവനന്തപുരം നഗരത്തിൽ ഉത്സവ പ്രതീതിയുണർത്തും വിധം കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ മികച്ച ദീപാലങ്കാരം ഒരുക്കും. പുസ്തകോത്സവം, ചലച്ചിത്രോത്സവം, പുഷ്പ മേള എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.