Trending Now

മന്ദമരുതി – അത്തിക്കയം റോഡ് നിര്‍മാണം: പോസ്റ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

 

മന്ദമരുതി – പേരുതി -അത്തിക്കയം റോഡ് ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കു മുമ്പായി റോഡില്‍ പൈപ്പ് സ്ഥാപിക്കുന്ന ജോലികളും വൈദ്യുത പോസ്റ്റ് മാറ്റുന്നതിനുള്ള ജോലികളും അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു.

റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് സന്ദര്‍ശിച്ചു നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയതിനുശേഷമാണ് വാട്ടര്‍ അതോറിറ്റിയോടും കെഎസ്ഇബിയോടും എംഎല്‍എ ഇക്കാര്യം ആവശ്യപ്പെട്ടത്.ശബരിമല സ്‌പെഷല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഈ റോഡ് പുനരുദ്ധാരണത്തിനായി 12.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

8.3 കി.മീ ദൂരം വരുന്ന റോഡ് മന്ദമരുതിയില്‍ നിന്ന് ആരംഭിച്ച് നീരാട്ടുകാവ് – കക്കുടുമണ്‍ വഴി അത്തിക്കയം ജംഗ്ഷനില്‍ അവസാനിക്കും.5.5 മീറ്റര്‍ വീതിയിലാണ് ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുക. എന്നാല്‍ കരികുളത്ത് വനമേഖലയിലൂടെ കടന്നുപോകുന്ന വീതികുറഞ്ഞ ഭാഗത്ത് ടാറിംഗ് 4.5 മീറ്റര്‍ വീതിയില്‍ ആയിരിക്കും.

വിവിധ കലുങ്കുകളുടെ വീതി വര്‍ധിപ്പിക്കല്‍, ഓട നിര്‍മ്മാണം, ഐറിഷ് ഡ്രെയിന്‍, സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം, റോഡ് സുരക്ഷ ബോര്‍ഡുകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ സംരക്ഷണഭിത്തികളുടെ നിര്‍മാണമാണ് ആദ്യം ആരംഭിച്ചത്. എംഎല്‍എ യോടൊപ്പം പൊതുമരാമത്ത് വകുപ്പ് അസി. എക്‌സി എന്‍ജിനീയര്‍ അംബിക, അസി എന്‍ജിനീയര്‍ റീന എന്നിവരും ഉണ്ടായിരുന്നു.