Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 02/08/2023)

റേഷന്‍ സാധനങ്ങള്‍ നല്‍കിയില്ല; റേഷന്‍ കടയുടെ അംഗീകാരം റദ്ദു ചെയ്തു
അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നല്‍കാത്ത റേഷന്‍ കടക്കെതിരെ നടപടി എടുത്തു.

ഓമല്ലൂര്‍ പഞ്ചായത്തിലെ  1312215-ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരമാണ് താല്ക്കാലികമായി റദ്ദ് ചെയ്തത്. ഈ പ്രദേശത്തുളള മുന്‍ഗണനാ  കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ലായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സോഷ്യല്‍ ഓഡിറ്റില്‍  ഓമല്ലൂര്‍ പ്രദേശത്ത് നെടുംപെട്ടി ഭാഗത്തുളള കോളനിയിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കുന്നില്ലായെന്ന് കണ്ടെത്തി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍, ജില്ലയുടെ ചുമതലയുളള ഭക്ഷ്യകമ്മീഷന്‍ മെമ്പര്‍ എന്നിവരെ ഇക്കാര്യം അറിയിച്ചു. അന്വേഷണം നടത്തി ഉചിതമായ നടപടി കൈകൊളളാന്‍ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍,  കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് കുമാര്‍, സുമന്‍ എന്നിവര്‍ നെടുംപെട്ടി കോളനി നിവാസികളെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ വീഴ്ച സ്ഥിരീകരിച്ചു.
കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍  വീഴ്ച്ച വരുത്തുന്ന ലൈസന്‍സികള്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഓണത്തിന് കണ്‍സ്യൂമര്‍ഫെഡും സഹകരണസംഘങ്ങളും 92 വില്‍പ്പന കേന്ദ്രങ്ങള്‍ ഒരുക്കും
കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന 12 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും സഹകരണ സംഘങ്ങള്‍ നടത്തുന്ന 80 വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയും  13 ഇനം സബ്സിഡി സാധനങ്ങളും  ഓപ്പണ്‍ മാര്‍ക്കറ്റിനേക്കാള്‍ 20 ശതമാനം വിലകുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും വില്‍ക്കും. കണ്‍സ്യൂമര്‍ ഫെഡ് ഓമല്ലൂര്‍ ഗോഡൗണില്‍ നിന്നും ആഗസ്റ്റ് 10 മുതല്‍ സഹകരണ സംഘങ്ങള്‍ക്കുളള വിതരണംആരംഭിക്കും.

ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 10 വരെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ‘ത്രിവേണി സമ്മാന മഴ 2023’ എന്ന പേരില്‍ സമ്മാന പദ്ധതി ആവിഷ്‌കരിച്ചിട്ടുളളതായും കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി.അജയകുമാര്‍, റീജിയണല്‍ മാനേജര്‍ ടി.ഡി ജയശ്രീ എന്നിവര്‍ അറിയിച്ചു.

മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിന് 5,000 രൂപ പിഴ ഇടാക്കി
എഴുമറ്റൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വെണ്ണിക്കുളം തടിയൂര്‍ മെയിന്‍ റോഡിന് അരികില്‍ തുണ്ടിയില്‍പടിയില്‍ മാലിന്യം തള്ളിയതിന് ഒരാളില്‍നിന്ന് 5,000 രൂപ പിഴ ഈടാക്കി. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് എതിരേ പഞ്ചായത്ത് കര്‍ശന ശിക്ഷാ നടപടി സ്വീകരിച്ചുവരുന്നു.

ഏഴാം വാര്‍ഡില്‍ പൊതുനിരത്തിന് സമീപം അമ്പനിക്കാട്ട് മാലിന്യം തള്ളിയതിന് ഒരാളില്‍നിന്ന് 20,000 രൂപ പിഴ ഈടാക്കി. പഞ്ചായത്തിലെ വാണിജ്യ സ്ഥാപനങ്ങള്‍ നിന്നും മുന്‍പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും 24 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.  പഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബൈല, ഖരമാലിന്യ സംസ്‌കരണ ബൈല പ്രകാരമാണ് പിഴ ഈടാക്കുന്നത്. മാലിന്യം അലക്ഷ്യമായി പൊതുസ്ഥലത്ത് വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0469 2650528, 9496042635

അപേക്ഷ ക്ഷണിച്ചു
2024-25 വര്‍ഷത്തെ ജവഹര്‍ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോdw www.navodaya.gov.in എന്ന  വെബ്‌സൈറ്റില്‍ ലഭിക്കും.2024 ജനുവരി 20 ന് നടക്കുന്ന  പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നല്‍കുവാനുള്ള അവസാന തീയ്യതി ആഗസ്റ്റ്  10 വരെയാണ്. ഫോണ്‍: 04735-265246

ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ആഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 16 ഉച്ചയ്ക്ക്  2 വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ആഫീസുമയി ബന്ധപ്പെടുക. ഫോണ്‍: 0468-2966649

എയ്ഡ്‌സ്അവബോധം -യൂത്ത്‌ഫെസ്റ്റ് 2023

വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/എയ്ഡ്‌സിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി കേരളസ്റ്റേറ്റ്  എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും മാരത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ്12 ന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്.

 

ജില്ലാതല മാരത്തോണ്‍ മത്സരം ആഗസ്റ്റ് 10 രാവിലെ ഏഴിന് പത്തനംതിട്ട എസ്.പി ഓഫീസില്‍ നിന്നാരംഭിച്ച് സ്റ്റേഡിയത്തില്‍ അവസാനിക്കും.’ 17 നും 25 നും ഇടയില്‍ പ്രായമുള്ള ഐ.ടി.ഐ, പോളിടെക്‌നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി എല്ലാ കോളജ് വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മാരത്തോണ്‍ പുരുഷ / സ്ത്രീ പ്രത്യേകം മത്സരങ്ങള്‍ നടത്തും. പുരുഷ / സ്ത്രീ മാരത്തോണ്‍ മത്സരങ്ങള്‍ക്ക്  പ്രത്യേകമായി 4000, 2500, 1500 രൂപ വീതം ക്യാഷ്‌പ്രൈസ് ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ [email protected] എന്ന മെയിലിലേക്കോ 9496109189 എന്ന വാട്‌സാപ്പ് നമ്പരിലേക്കോ പേര്, വയസ്, പഠിക്കുന്ന കോഴ്‌സ്, സ്ഥാപനത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്റ്റ് എട്ടിനകം രജിസ്റ്റര്‍ ചെയ്യണം. വിശദാംശങ്ങള്‍ www.ksacsyouthfest.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ജില്ലാ ആസൂത്രണ സമിതി യോഗം 
ജില്ലാ ആസൂത്രണ സമിതി യോഗം (3) ഉച്ചയ്ക്ക് ശേഷം രണ്ടിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ക്വിസ് മത്സരം
തദ്ദേശ സ്വയംഭരണ വകുപ്പ് -കവിയൂര്‍ ഗ്രാമപഞ്ചായത്ത്  രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ എന്നിവര്‍ സംയുക്തമായി സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി  വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 10ന് കവിയൂര്‍ ഗ്രാമപഞ്ചയാത്തില്‍ ജില്ലാതല  ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9495372116 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

അഭിമുഖം നാലിന്
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐടിഐ യില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ്, വെയിറ്റിംഗ് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലിസ്റ്റ്, വെയിറ്റിംഗ് ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടവരുടെ കൂടികാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 10.30 ന് ഐടിഐ യില്‍ നടക്കും. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷകര്‍ത്താവിനൊപ്പം കൂടികാഴ്ചയ്ക്ക് എത്തണം.

റബര്‍ തോട്ടം മേഖലയിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക്  പരിശീലനം
റബര്‍ ബോര്‍ഡിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിംഗ് റബര്‍ തോട്ടം മേഖലയിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കായി ട്രൈബല്‍ സബ് പ്ലാന്‍ സ്‌കീമിന് കീഴില്‍ പരിശീലന പരിപാടി നടത്തുന്നു. ശാസ്ത്രീയ ടാപ്പിംഗ്, ലാറ്റക്സ് പ്രോസസിംഗ്, റബര്‍ നഴ്സറി മാനേജ്മെന്റ് ആന്റ് ബഡിംഗ് ടെക്നിക്കുകള്‍, കൂണ്‍ സംസ്‌കരണം, കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രി, പരിസ്ഥിതി സൗഹൃദ ക്യാരി ബാഗ് നിര്‍മ്മാണം, കുട നിര്‍മ്മാണം, മറ്റ് പ്രസക്തമായ വിഷയങ്ങളില്‍ മൂന്ന് ദിവസത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത് .  പരിശീലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാദേശിക ഭാഷയില്‍ എഴുതുവാനും വായിക്കുവാനും പ്രാപ്തരായിരിക്കണം. കുറഞ്ഞ പ്രായ പരിധി 18 വയസ്.

ട്രെയിനികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോറം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍, ബാങ്ക് പാസ് ബുക്ക്  (ട്രെയിനിയുടെ പേരില്‍ തന്നെ) ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്   എന്നിവ ഹാജരാക്കണം.  പരിശീലനാര്‍ഥികള്‍ക്ക് പ്രതിദിനം 250 രൂപ സ്റ്റൈപ്പന്‍ഡും 450 രൂപയുടെ പരിശീനലക്കിറ്റും ഭക്ഷണവും നല്‍കും.  താല്‍പര്യമുളള പട്ടികവര്‍ഗ പരിശീലനാര്‍ഥികള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ഫോം വാങ്ങി  ആഗസ്റ്റ് 10ന് വൈകുന്നേരം അഞ്ചിന് മുന്‍പായി  ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 9526229998.

 

ആസാദി കാ അമൃത് മഹോത്സവം: റേച്ചല്‍ ഉമ്മനെ സബ് കളക്ടര്‍ ആദരിച്ചു
സ്വാതന്ത്ര്യസമര സേനാനി പുറമറ്റം ഓലശേരില്‍ വീട്ടില്‍ ഇടിക്കുള ഉമ്മന്റെ ഭാര്യ റേച്ചല്‍ ഉമ്മന് ആദരവ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍ 99 വയസുള്ള റേച്ചല്‍ ഉമ്മനെ പുറമറ്റം ഓലശേരില്‍ വീട്ടിലെത്തിയാണ് ആദരിച്ചത്. റേച്ചല്‍ ഉമ്മന് മൊമെന്റോയും പൊന്നാടയും സബ് കളക്ടര്‍ നല്‍കി.

പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്. സ്വാതന്ത്ര്യ സമരപോരാട്ട വഴിയില്‍ ദേശത്തിന് കരുത്തേകിയ ചരിത്രമാണ് ഇടിക്കുള ഉമ്മന്റേത്.  മകന്‍ ജേക്കബ് ഉമ്മന്‍, ഭാര്യ മനോജി ജേക്കബ്, കൊച്ചുമകള്‍ ജാസ്മിന്‍ റേച്ചല്‍ ജേക്കബ് എന്നിവര്‍ക്കൊപ്പമാണ് റേച്ചല്‍ ഉമ്മന്‍ താമസിക്കുന്നത്. മല്ലപ്പള്ളി എല്‍ ആര്‍ തഹസില്‍ദാര്‍ പി.ഡി. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍(ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ജെസിമോള്‍ ജേക്കബ്, പുറമറ്റം വില്ലേജ് ഓഫീസര്‍ ദിവ്യ കോശി എന്നിവര്‍ പങ്കെടുത്തു.

 ജില്ലാ കളക്ടര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു
എസ്പിസി ദിനത്തോട് അനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.

എസ്പിസി വാരാചരണത്തോട് അനുബന്ധിച്ച് സ്‌കൂളില്‍ ക്വിസ്, പോസ്റ്റര്‍ രചന  മത്സരങ്ങളും ലഹരി വസ്തുക്കള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളും പൊതിച്ചോര്‍ വിതരണവും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
ചടങ്ങില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍. സനല്‍, സിവില്‍ പോലീസ് ഓഫീസറായ  സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ എസ്. പ്രിയേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മഞ്ജു വര്‍ഗീസ്, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!