നൗഷാദിന്‍റെ തിരോധാനത്തിൽ പോലീസ് കേസ് അവസാനിപ്പിച്ചു

 

konnivartha.com: കാണാതായി ഒന്നര വർഷത്തിനു ശേഷം നൗഷാദിനെ ജീവനോടെ കണ്ടെത്തിയതോടെ തിരോധാന കേസ് പോലീസ് അവസാനിപ്പിച്ചു. നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പൊലിസിനെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിൽ അഫ്സാനക്കെതിരായ കേസ് തുടരുമെന്നും കോന്നി ഡിവൈഎസ് പി  രാജപ്പൻ റാവുത്തർ പറഞ്ഞു.

നൗഷാദിനെ കൊന്ന് കുഴിച്ചു മൂടിയെന്ന അഫ്സാനയുടെ മൊഴിയിൽ കൊലപാതക കേസ് എടുത്തിരുന്നില്ല. കൂടൽ പോലിസ് സ്റ്റേഷനിൽ എത്തിച്ച നൗഷാദിനെ കേസിന്റെ നടപടി ക്രമത്തിന്റ ഭാഗമായി കോടതിയിൽ ഹാജരാക്കി.

അതേസമയം, അഫ്സാന തന്നെ മർദിച്ചതിൽ പരാതിയില്ലെന്ന് ‌നൗഷാദ് പറഞ്ഞു. ഭാര്യയോടൊപ്പം ജീവിക്കാൻ താത്പര്യമില്ല. കുട്ടികളെ വിട്ടു കിട്ടണമെന്നും നൗഷാദ് പറ‍ഞ്ഞു. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്നും നൗഷാദ് പറഞ്ഞു.ജീവനിൽ പേടിച്ചാണ് നാടുവിട്ടു പോയതെന്നാണ് നൗഷാദ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന് അഫ്സാന പറഞ്ഞത് എന്തിനെന്ന് അറിയില്ല. പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ടെന്നുമായിരുന്നു നൗഷാദ് പറഞ്ഞത്.

2021-ലാണ് നൗഷാദിനെ കാണാതായത്. മകന്‍റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്‍റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്‍റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്‍റെ ഭാര്യ അഫ്‌സാന നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നൽകിയത്. അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി ഇടങ്ങളിൽ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധനയും നടത്തി.

കഴിഞ്ഞ ഒന്നര വർഷമായി തൊടുപുഴ തൊമ്മൻകുത്ത് റബർ തോട്ടത്തിൽ ജോലിക്കാരനായി കഴിയുകയായിരുന്നു നൗഷാദ്.

2021 നവംബർ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. പിതാവ് അഷ്‌റഫിന്റെ പരാതിയിൽ അന്നുമുതൽ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്ന നൗഷാദിനെ താൻ തലക്കടിച്ചു കൊന്നുവെന്നും ഒരാളുടെ സഹായത്തോടെ കുഴിച്ചിട്ടുവെന്നും ഭാര്യ അഫ്സന കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞു. മൊഴി വിശ്വസിച്ച പൊലീസ് അഫ്സനായും നൗഷാദും താമസിച്ചിരുന്ന അടൂർ പരുത്തിപ്പാറയിലെ വാടക വീടിന് ചുറ്റും ഒരു പകൽ മുഴുവൻ കുഴിച്ചു പരിശോധിച്ചു. സെപ്റ്റിക് ടാങ്കുവരെ ഇളക്കി പരിശോധിച്ചിട്ടും മൃതദേഹം കിട്ടാതായതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഈ തെരച്ചിലിന്റെ വാർത്ത മാധ്യമങ്ങളിൽ കണ്ട ഇടുക്കി തൊമ്മൻകുത്തിനടുത്ത കുഴിമറ്റം എന്ന സ്ഥലത്തെ നാട്ടുകാർ തൊടുപുഴ പൊലീസിന് നിർണായകമായ ഒരു വിവരം കൈമാറി. നൗഷാദിനെപ്പോലെ തോന്നിക്കുന്ന ഒരാൾ ഇവിടെ കൂലിപ്പണിക്കാരനായി കഴിയുന്നുണ്ടെന്നായിരുന്നു ആ വിവരം. ഒന്നര വർഷം ഒരു മൊബൈൽഫോൺ ഫോൺ പോലും ഉപയോഗിക്കാതെ നാടുവിട്ട് ഒളിച്ചു താമസിച്ച നൗഷാദിനെ ഒടുവിൽ കണ്ടെത്തി.

error: Content is protected !!