
ഇടതുപക്ഷ ഭരണത്തില്‍ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പട്ടതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അടൂര്‍ യുഐടിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
അക്കാദമിക് നിലവാരത്തിനൊപ്പം ഭൗതിക സാഹചര്യങ്ങളും മികച്ചതാക്കിയാല്‍ നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ അങ്കണവാടികള്‍ മുതല്‍ കലാലയങ്ങള്‍ വരെ മികവുറ്റതാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമം നടത്തുകയാണ്. എത്രയും വേഗം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന അടൂര്‍ യുഐറ്റിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നഗരസഭ കൗണ്‍സിലര്‍ കൂടിയായ അലാവുദീന്‍ ഭൂമി നല്‍കുകയായിരുന്നു. 2021-22 വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ ഉപയോഗിച്ച് ആണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതോടൊപ്പം റോഡ് നിര്‍മിക്കുന്നതിനായി 21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതി നിര്‍വഹണ ചുമതല.
നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദ്ദീന്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, എസ്. ബിനു, സജു മിഖായേല്‍, വി.പി. ജോര്‍ജ് കുട്ടി, രാജന്‍ സുലൈമാന്‍, ലിജോ മണക്കാല, സാംസണ്‍ ഡാനിയല്‍, അനില്‍ നെടുംമ്പള്ളില്‍, അടൂര്‍ ജയന്‍, അടൂര്‍ നൗഷാദ്, പ്രൊഫ. വര്‍ഗീസ് പേരയില്‍, വത്സല പ്രസന്നന്‍, സി. ജയചന്ദ്രന്‍, എസ്. സനല്‍, യുഐടി പ്രിന്‍സിപ്പല്‍ ഡോ. ഡി. ലതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.