
മയക്കുമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി മരുന്നു വില്‍പ്പന തടയുന്നതു സംബന്ധിച്ച നടപടി തീരുമാനിക്കുന്നതിന് അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ തീരുമാനങ്ങള്‍
പോലീസ്, എക്സൈസ് പരിശോധന എല്ലാ ദിവസവും ശക്തമാക്കും. പ്രധാന റോഡുകളില്‍ വാഹന പരിശോധന നടത്തും. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസിനെയും, എക്സൈസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിക്കും.
അടൂര്‍ ടൗണ്‍, ബൈപ്പാസ് എന്നിവിടങ്ങളിലെ എല്ലാ കടകളിലും കൃത്യമായി പരിശോധന നടത്തുകയും, നോട്ടീസ് നല്‍കുകയും, കുറ്റകൃത്യം കണ്ടുപിടിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും
ബൈപ്പാസ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സെന്റ് മേരീസ് സ്‌കൂള്‍, കെഎസ്ആര്‍ടിസി റോഡ്, സ്റ്റേഡിയം റോഡ്, ഹോട്ടല്‍ ആരാം, ശ്രീമൂലം മാര്‍ക്കറ്റ്, പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനകള്‍ ഉണ്ടാകും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എല്ലാ കടകളിലും പരിശോധന നടത്തും.
സ്‌കൂള്‍, കോളജ്, റെസിഡന്‍സ് ഭാരവാഹികളുടെ യോഗം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജൂലൈ 13 ന് ആരംഭിച്ച് 20ന് പൂര്‍ത്തീകരിക്കും. മണ്ഡലത്തിലെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായും, ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള കണ്‍വീനറായും മണ്ഡലം മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. ഡിവൈഎസ്പി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങള്‍ ആയിരിക്കും
ജൂലൈ 12ന് 2.30ന് അടൂര്‍ നഗരസഭയിലെ സ്‌കൂള്‍ കോളജ് തലവന്മാരുടെയും, ജൂലൈ 13ന് 2.30ന് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേരുന്നതിന് തീരുമാനിച്ചു. പഞ്ചായത്തുകളില്‍ തദ്ദേശ സ്വയംഭരണ അധികാരികളുടെ മുന്‍കൈയില്‍ യോഗം ചേരും. തീയതി, സമയം, തദ്ദേശസ്ഥാപനം എന്ന ക്രമത്തില്‍: ജൂലൈ 13ന് 11ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, 2.30ന് പന്തളം നഗരസഭ, ജൂലൈ 14ന് 2.30ന് പന്തളം തെക്കേക്കര, ജൂലൈ 15ന് 11ന് ഏഴംകുളം, 2.30ന് കൊടുമണ്‍, ജൂലൈ 18ന് 2.30ന് ഏറത്ത്, ജൂലൈ 19ന് 2.30ന് കടമ്പനാട്, ജൂലൈ 20ന് 2.30ന് പള്ളിക്കല്‍.
യോഗത്തില്‍ അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, അടൂര്‍ ഡിവൈഎസ്പി ആര്‍. ജയരാജ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹരീന്ദ്രനാഥ്, ഉദ്യോഗസ്ഥരായ ജി.കെ. പ്രദീപ്, മനോജ് കുമാര്‍, ബിജു എന്‍ ബേബി എന്നിവര്‍ പങ്കെടുത്തു.