Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/07/2023)

 

konnivartha.com : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജൂലൈ ആറു മുതല്‍ ഒന്‍പതു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസീല്‍ദാര്‍ പരാതിയില്‍ സത്വര നടപടി സ്വീകരിച്ച് അത്തരം പ്രവര്‍ത്തനം നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. കാരണക്കാരായവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 51 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും

 

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു

പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ജൂലൈ ആറു മുതല്‍ ജൂലൈ ഒന്‍പതു വരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

 

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള ദുരന്തസാധ്യതകള്‍ എന്നിവ ഒഴിവാക്കുന്നതിനാണ് നിരോധനം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2005 ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടികള്‍ സ്വീകരിക്കും.

ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് വിട്ടു പോകുന്നത് തടഞ്ഞ് ഉത്തരവ്

ദുരന്തനിവാരണ നിയമത്തിലെ 33, 34(എച്ച്) വകുപ്പ് പ്രകാരം ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകണമെന്നും തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതത് ഇടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

 

ജൂലൈ ആറു മുതല്‍ ഒന്‍പതു വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില്‍ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നല്‍കി. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മേലധികാരികള്‍ ഉടന്‍തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. ഈ ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും.