കനത്ത മഴയെതുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. ജില്ലയില്‍ നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ ക്യാമ്പില്‍ ഉണ്ട്. പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.
അഞ്ച് മിനിട്ടെങ്കിലും തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണത്തിന് മുമ്പും, ശേഷവും മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് നന്നായി കഴുകണം. ടോയ്ലറ്റുകള്‍ വൃത്തിയായി പരിപാലിക്കണം. സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പിലുണ്ടെങ്കില്‍ കൃത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം. കാലില്‍മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കുകയും വേണം. എലിപ്പനി തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ഡോക്സി സൈക്ലിന്‍ പ്രതിരോധ ഗുളികകള്‍ കഴിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ക്യാമ്പിലുള്ളവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. വയറിളക്കമോ, ഛര്‍ദ്ദിയോ ഉണ്ടായാല്‍ ഒ.ആര്‍.എസ് ലായനി കുടിക്കുക. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ ക്യാമ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ തയാറാവേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു
പത്തനംതിട്ട ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായ വെള്ളക്കെട്ടും മഴക്കെടുതിയും മൂലം 1848 വ്യക്തികളെ അറുപതു ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുന്നു. തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി എന്നീ താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ സുരക്ഷിതമായ താമസ സൗകര്യം, കുടിവെള്ളം, ഭക്ഷണം, വൈദ്യൂതി, വെളിച്ചം, മരുന്നുകൾ ഉൾപ്പടെ ഉള്ള ആരോഗ്യസേവങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഫലപ്രദമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങളും നടക്കുന്നു .
ജില്ലയിലെ 52 ക്യാമ്പുകളില്‍ 1616 പേര്‍;1.78 കോടി രൂപയുടെ കൃഷി നാശം
** ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കി
** ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരോഗ്യമന്ത്രി വിലയിരുത്തി
പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ 52 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 466 കുടുംബങ്ങളിലെ 1616 പേര്‍. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെളളം, വൈദ്യസഹായം, പാചകത്തിനാവശ്യമായ അവശ്യവസ്തുക്കള്‍, പാചകവാതകം, പോലീസ് സുരക്ഷ ഉള്‍പ്പെടെ എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനം ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച സന്ദര്‍ശിച്ച് വിലയിരുത്തി.
കോഴഞ്ചേരി താലൂക്കില്‍ ഏഴും റാന്നിയില്‍ ഒന്നും മല്ലപ്പള്ളിയില്‍ 11 ഉം തിരുവല്ലയില്‍ 33 ഉം ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കോഴഞ്ചേരിയില്‍ 39 കുടുംബങ്ങളിലെ 142 പേരും റാന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും മല്ലപ്പള്ളിയില്‍ 65 കുടുംബങ്ങളിലെ 227 പേരും തിരുവല്ലയില്‍ 361 കുടുംബങ്ങളിലെ 1244 പേരുമാണ് ക്യാമ്പില്‍ കഴിയുന്നത്. കോന്നി, അടൂര്‍ താലൂക്കുകളില്‍ നിലവില്‍ ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല.
കനത്തമഴയില്‍ ജില്ലയില്‍ 1.7842 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കൃഷി വകുപ്പ് പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്. വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രാഥമിക കണക്കു പ്രകാരം ജൂലൈ ഒന്നു മുതല്‍ ആറുവരെ ജില്ലയിലെ ഏഴ് ബ്ലോക്കുകളിലായി 179.01 ഹെക്ടറില്‍ കൃഷിനാശം ഉണ്ടായി. 909 കര്‍ഷകരെ ഇതു ബാധിച്ചിട്ടുണ്ട്.
ജൂലൈ മൂന്നു മുതല്‍ ആറു വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ 10ഉം കോന്നിയില്‍ ഏഴും റാന്നിയില്‍ അഞ്ചും മല്ലപ്പള്ളിയില്‍ രണ്ടും തിരുവല്ലയില്‍ നാലും വീടുകളാണ് ഭാഗികമായി തകര്‍ന്നത്.