Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 01/07/2023)

തൊഴില്‍ പരിചയം നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാം
പട്ടികജാതി  വിഭാഗത്തില്‍പെട്ട  അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നേടുന്നതിന്  പ്രവര്‍ത്തി പരിചയം  നേടുന്നതിനായി ജില്ലാ പഞ്ചായത്തിലെയും  നഗരസഭ സ്ഥാപനങ്ങളിലെയും  എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊജക്ടുകള്‍ നടപ്പാക്കുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭാ ലിസ്റ്റില്‍ നിന്നുമാണ്. ബിഎസ്‌സി നഴ്സിംഗ്,  ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ എന്നീ പാരാ മെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ്  തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കാം. ഫോണ്‍ : 0468 2322712 (ജില്ലാ പട്ടികജാതി വികസന ഓഫീസ്, പത്തനംതിട്ട).

സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു
2023-24 സാമ്പത്തിക വര്‍ഷം ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം എന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായവരില്‍ നിന്നും  അപേക്ഷകള്‍ ക്ഷണിച്ചു.

ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍, നിശ്ചിക മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം  ജൂലൈ  25 ന്  വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0468 2325168. നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനം പ്രശംസനീയം : എഡിഎം.
സമൂഹത്തില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്കും ശാരീരിക മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും സ്നേഹവും കരുതലും  സംരക്ഷണവും നല്‍കുന്നതില്‍ ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനം പ്രശംസനീയമാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ക്ഷേമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക , വിലയിരുത്തുക, സ്ഥാപനങ്ങള്‍ക്ക്  ലഭിക്കേണ്ട ധനസഹായം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി കളക്ട്രേറ്റില്‍ ചേര്‍ന്ന ഓര്‍ഫനേജുകളുടെ ജില്ലാതല മോണിറ്ററിംഗ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്ന മാനസികാരോഗ്യ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക്  ജില്ലാ മെന്റല്‍ ഹെല്‍ത്ത്  പ്രോഗ്രാം മുഖേന മരുന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി അറിയിച്ചു.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്്  അംഗം ഡോ. പുനലൂര്‍ സോമരാജന്‍, ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ്  ജേക്കബ് ജോസഫ് , സെക്രട്ടറി തോമസ് കലമണ്ണില്‍ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ.ഷംലാ ബീഗം, ജില്ലാ സാമൂഹ്യ നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്  എന്നിവരും ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍,  എന്നിവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു

 

കുമ്പഴ മല്‍സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കും: നഗരസഭാ ചെയര്‍മാന്‍
ജില്ലയിലെ പ്രധാന മല്‍സ്യവ്യാപാരകേന്ദ്രമായ കുമ്പഴ മല്‍സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ടയില്‍ ഏറ്റവുമധികം ആളുകള്‍ മല്‍സ്യ മൊത്ത വ്യാപാരത്തിനായി ആശ്രയിക്കുന്ന മാര്‍ക്കറ്റാണ് കുമ്പഴയിലേത്.

മാര്‍ക്കറ്റിന്റെ യാര്‍ഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികളില്‍ മലിന ജലം കെട്ടിക്കിടന്ന് വ്യാപാരത്തിനായി വരുന്ന തൊഴിലാളികള്‍ക്കും വാഹനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഉടന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി അടിയന്തിരപ്രാധാന്യത്തോടെ വകുപ്പ് തലത്തില്‍ തന്നെ പൂര്‍ത്തിയാക്കാനും നഗരസഭാ ചെയര്‍മാന്‍ നിര്‍ദേശിച്ചു.  മാര്‍ക്കറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വിമല ശിവന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

 

ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ അംഗം ജില്ലയില്‍ സന്ദര്‍ശനം നടത്തി
ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ ജില്ലയില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങളുടെ പുരോഗതിവിലയിരുത്തി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ബോധവത്കരണ ക്യാമ്പ്, ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം എന്നിവയില്‍ കമ്മീഷന്‍ അംഗം പങ്കെടുത്തു.2013 ലെ മാനുവല്‍ സ്‌കാവഞ്ചറിംഗ് ആക്ട് പ്രകാരം മാനുവല്‍ സ്‌കാവഞ്ചറിംഗ് നിരോധിച്ചിട്ടുള്ളതാണ്.

 

കൃത്യമായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ മാത്രമേ കക്കൂസ് മാലിന്യം നീക്കംചെയ്യാന്‍പാടുള്ളു. എന്നാല്‍ മാനുവല്‍ സ്‌കാവഞ്ചറിംഗ് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ നല്‍കാന്‍ കഴിയും. ശുചീകരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ യഥാസമയം അര്‍ഹരായവര്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങളുടെ ഉന്നമനത്തിനായി നൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, സാമൂഹികമേഖലകളില്‍ ശുചീകരണ തൊഴിലാളികളുടെ ഉന്നമനമാണ് ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഉറപ്പാക്കാന്‍ ശ്രദ്ധേയമായ ഇടപെടലാണ് ദേശീയ സഫായി കരംചാരീസ് കമ്മീഷന്‍ നടത്തുന്നതെന്നും കമ്മീഷന്‍ അംഗം ഡോ.പി.പി. വാവ പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികള്‍, പാര്‍പ്പിടസൗകര്യം, വിവിധ ചികിത്സ ആനുകുല്യങ്ങള്‍ ലഭ്യമാക്കല്‍, കുട്ടികളുടെവിദ്യാഭ്യാസ ഉന്നമനം, സാമൂഹ്യപരമായി സംവരണങ്ങള്‍ എന്നിവ ശുചീകരണ തൊഴിലാളികളുടെ മേഖലയില്‍ ഉറപ്പാക്കേണ്ടതുണ്ട്. ശുചീകരണതൊഴിലാളികള്‍ക്കാവശ്യമായ മെഡിക്കല്‍ ക്യാമ്പുകളും നടത്തേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മാലിന്യ സംസ്‌കരണമേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നവരാണ് ശുചീകരണതൊഴിലാളികളെന്ന്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യാഎസ്. അയ്യര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളിലും കാമ്പയിനുകളിലും ശുചീകരണതൊഴിലാളികളുടെയും ഹരിതകര്‍മ്മ സേനയുടെയും പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അഡീഷണല്‍ ഡിസ്ട്രിക്ട്മജിസ്‌ട്രേറ്റ് ബി.രാധാകൃഷണന്‍. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബൈജു ടി. പോള്‍, ഹുസൂര്‍ശിരസ്തദാര്‍ ബീന.എസ് ഹനീഫ്, അഡ്വ.ഗോപി കൊച്ചുരാമന്‍, നഗരസഭാ സെക്രട്ടറിമാര്‍,  ജില്ലാ ലീഡ്ബാങ്ക്മാനേജര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
റാന്നി ഗ്രാമ പഞ്ചായത്തിലെ ഉതിമൂട് വലിയ കലുങ്ക് എസ് സി കുടുംബങ്ങള്‍ക്കായി 2021 പ്രോജക്ട് പ്രകാരം പൂര്‍ത്തികരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് കുഴികാല നിര്‍വഹിച്ചു

കുടിവെള്ളം കിട്ടാകനിയായി അവശേഷിച്ച വളരെ അധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്യും.5 ലക്ഷം രൂപയാണ് ഇതിന്റെ പദ്ധതി ചെലവ്. വാര്‍ഡ് അംഗം മിനി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് അംഗങ്ങളായ മന്ദിരം രവീന്ദ്രന്‍,മിനു ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

സ്‌പോട്ട്അഡ്മിഷന്‍
കേരളസര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്(സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ്, ബി.സി.എ,എം.എസ്.സി സൈബര്‍ ഫോറെന്‍സിക്‌സ്, എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവ്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍:9446302066,7034612362.

ദര്‍ഘാസ്
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരുവര്‍ഷത്തേക്കായി ടാക്സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും മത്സരസ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ജൂലൈ 14 ന്  ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍ : 0468-2319998, 8281954196.

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യിലെ ഐഎംസി സൊസൈറ്റിയില്‍ പാര്‍ട്ട് ടൈം ക്ലാര്‍ക്ക് കം അക്കൗണ്ടന്റിന്റെ താത്കാലിക ഒഴിവ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡിഗ്രി /പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ അക്കൗണ്ടിംഗ് ഒരു വിഷയമായും പഠിച്ച് ജിയിച്ചിരിക്കണം. താത്പര്യമുളളവര്‍ ജൂലൈ അഞ്ചിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2258710.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഒഴിവുളള മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), മെഡിക്കല്‍ ഓഫീസര്‍ (ബിഎന്‍വൈഎസ്), യോഗ ഇന്‍സ്ട്രക്ടര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ ഒന്‍പതിന് വൈകുന്നേരം അഞ്ച് വരെ. വെബ് സൈറ്റ് : www.arogyakeralam.gov.in, ഫോണ്‍ : 9072650492.


പുന:പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള മുഖേന 2023-24 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്സ് രണ്ടാംവര്‍ഷ പ്രവേശനം, പുന:പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുളളവര്‍ക്ക് www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ജൂലൈ 15  വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജൂലൈ 18 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി സ്‌കോള്‍  കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ : 0471 2342950.

ലാപ്ടോപ്പ് വിതരണം
2021-22, 2022-23 കാലയളവില്‍ ബിഡിഎസ്,ബി ഫാം,എം ഫാം,ഫാം ഡി, ബിഎസ്സി ഫോറസ്ട്രി, എംഎസ്സി ഫോറസ്ട്രി, എംഎസ്സി അഗ്രികള്‍ച്ചര്‍, എല്‍എല്‍ബി, എല്‍എല്‍എം, ഓള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് മാത്രം ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെരിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ  കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ഏഴ്. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെ കോപ്പി, ക്ഷേമനിധി കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, അവസാനം അടച്ച രസീതിന്റെയോ, ക്ഷേമനിധി പാസ് ബുക്കിന്റെ കോപ്പി, റേഷന്‍കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെ ആധാര്‍ കാര്‍ഡ് കോപ്പി എന്നിവയും നല്‍കണം.ഫോണ്‍: 04682-320158.

വിളംബര റാലി നടത്തി
മാലിന്യമുക്ത നവകേരളം ക്യാമ്പനുമായി ബന്ധപ്പെട്ട തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ വിളംബര റാലി നടത്തി. തുമ്പമണ്‍ ജംഗ്ഷനില്‍ നിന്നും നടത്തിയ റാലി സാംസ്‌കാരിക നിലയത്തില്‍ അവസാനിച്ചു. പ്രസിഡന്റ് റോണി സഖറിയായുടെ നേതൃതത്തില്‍ ആരംഭിച്ച റാലിയില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍  തോമസ് ടി വര്‍ഗീസ്  , വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബീന വര്‍ഗീസ് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഗീത റാവു , വാര്‍ഡ് അംഗങ്ങളായ എസ് ജയന്‍ ,  ഗിരീഷ് കുമാര്‍ , മോനി ബാബു , മറിയാമ്മ ബിജു, കെ.കെ.അമ്പിളി , ഷിനു മോള്‍ എബ്രഹാം, ഡി. ചിഞ്ചു, കെ സി പവിത്രന്‍  ,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍,  പഞ്ചായത്ത് സെകട്ടറി പി.എ ഷാജു , ജീവനക്കാര്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് മെമ്പര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, എം.ജി.എന്‍.ആര്‍.ഇ. ജി.എസ് തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഫാര്‍മസിസ്റ്റ് നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിയപ്രായപരിധി 45 വയസ്. യോഗ്യത : പ്ലസ്ടു /വിഎച്ച്എസ്ഇ /പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡിഫാം) രജിസ്ട്രേഷന്‍ വിത്ത് കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍.

error: Content is protected !!