Trending Now

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു

 

konnivartha.com :  കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു.  2.45 കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന ഡിപ്പോയുടെ  നിർമ്മാണ പുരോഗതി  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ  വിലയിരുത്തി.

കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു,  കെ എസ് ആർ ടി സി എക്സികുട്ടീവ് എൻജിനീയർ ബാലവിനായകൻ, കെ എസ് ആര്‍ ടി സി  ജില്ലാ ഓഫീസർ തോമസ് മാത്യു, എച്ച്.എൽ.എൽ. പ്രോജക്ട് മാനേജർ അജിത്ത് , അസി. എഞ്ചിനീയർ ഗൗതം,എന്നിവരും  എം.എൽ.എ യോടൊപ്പം  ഉണ്ടായിരുന്നു. രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനാണ്  തീരുമാനം.

ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് വേ നിർമ്മാണം, സ്ട്രീറ്റ് ലൈ​റ്റ് സ്ഥാപിക്കൽ, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയുമായി  ബന്ധപ്പെട്ട  ജോലികളാണ്  പുരോഗമിക്കുന്നത്.  ഇതിനായി എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ അനുവദിച്ച  1.45 കോടി  രൂപ  ഉപയോഗിച്ചുള്ള   യാർഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ശുചിമുറിയും മ​റ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കും. സ്റ്റാൻഡിനുള്ളിൽ പൊക്കവിളക്കുകൾ സ്‌ഥാപിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 22.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി   എൻജിനിയറിംഗ്  വിഭാഗത്തിന്റെ  മേൽനോട്ടത്തിൽ എച്ച്.എൽ.എല്ലിനാണ്  നിർമ്മാണ ചുമതല. പത്ത് വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കിഴക്കൻ മലയോരത്തിന്റെ  ചിരകാല സ്വപ്നമായ കോന്നി  കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നത്.

 

2013 മുതൽ തടസ്സപ്പെട്ട് കിടക്കുന്ന പദ്ധതി ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലോടെയാണ് വീണ്ടും സജ്ജീവമായത്. 2.41 ഏക്കർ സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ  ഡിപ്പോ നിർമ്മാണം പുരോഗമിക്കുന്നത്.

കോന്നി ഡിപ്പോ  യാഥാർത്ഥ്യമാക്കകുന്നതോടെ  ദീർഘദൂര  സർവ്വീസ് ഉൾപ്പടെയുള്ള  കിഴക്കൻ മലയോര മേഖലയുടെ   യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.  നിർമ്മാണ  പ്രവർത്തനങ്ങൾ യുദ്ധകാല  അടിസ്ഥാനത്തിലാണ്  പുരോഗമിക്കുന്നതെന്നും രണ്ട് മാസത്തിനുള്ളിൽ  പണികൾ  പൂർത്തീകരിച്ച്  ഡിപ്പോ തുറന്ന് നൽകാനുള്ള ശ്രങ്ങളാണ്  ദ്രുതഗതിയിൽ നടക്കുന്നതെന്നും  എം.എൽ.എ പറഞ്ഞു.