Trending Now

പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവി

 

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലാണ് ഗവി പ്രദേശം .

ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുന്നു എന്നതാണ്. ഈ പദ്ധതിയില്‍ വനത്തിലെ വഴികാട്ടികളും, പാചകക്കാരും, പൂന്തോട്ടങ്ങള്‍ പരിപാലിക്കുന്നവരും നാട്ടുകാര്‍ തന്നെ. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ പദ്ധതി. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാമ്പിംഗ് (പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍) രാത്രി വനയാത്രകള്‍ എന്നിവയാണ് ഇവിടത്തെ സവിശേഷതകള്‍.പത്തനംതിട്ട നിന്നും കെ എസ് ആര്‍ ടി സി ബസ്സ്‌ സര്‍വീസ് ഉണ്ട് . അഞ്ഞൂറ് ട്രിപ്പ് ഇതിനോടകം പൂര്‍ത്തീകരിച്ചു .

ഗവിയിലേക്കുള്ള പാതക്കിരുവശവും തേയില തോട്ടങ്ങളാണ്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്.

ഗവിയിലെത്തിയാല്‍ കേരള വനം വികസന കോര്‍പ്പറേഷന്റെ എക്കോലോഡ്ജായ ‘ഗ്രീന്‍ മാന്‍ഷന്‍’ നിങ്ങള്‍ക്ക് മാതൃനിര്‍വ്വിശേഷമായ സംരക്ഷണവും ആതിഥ്യവും നല്‍കും. ഗ്രീന്‍ മാന്‍ഷനില്‍ നിന്നു നോക്കിയാല്‍ ഗവി തടാകവും ചേര്‍ന്നുള്ള വനങ്ങളും കാണാം. അല്ലെങ്കില്‍ മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളും, കാടിനകത്തു ടെന്റ് കെട്ടി പാര്‍ക്കലും പരീക്ഷിക്കാം. പരിശീലനം ലഭിച്ച ഗൈഡുകള്‍ക്കൊപ്പം കാടിനകത്ത് ട്രെക്കിംഗിനും പോകാം. ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗവി ഒരു അഭയസ്ഥാനമാണ്. അല്ലെങ്കില്‍ ഗവി തടാകത്തില്‍ വള്ളം തുഴയാം, സൂര്യാസ്തമനം കണ്ടിരിക്കാം. സാധാരണയായി സസ്യഭക്ഷണമാണ് ഒരുക്കുക, ഒപ്പം ചെറുകടികളും കിട്ടും. വനാനുഭവത്തിനൊപ്പം സസ്യഭക്ഷണം സന്ദര്‍ശകരെ പുത്തനൊരു അനുഭൂതിയിലേക്കുയര്‍ത്തും.

വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. വേഴാമ്പല്‍ ഉള്‍പ്പെടെ (ഇവയുടെ മൂന്നിനങ്ങള്‍ ഇവിടെ ഉണ്ട്) 260 -ഓളം പക്ഷി ഇനങ്ങളും ഗവി മേഖലയിലുണ്ട്. പക്ഷി നിരീക്ഷകര്‍ക്കും സ്വര്‍ഗ്ഗമാണ് ഇവിടം.നോഹ പെട്ടകം തീര്‍ത്തു എന്ന് വിശ്വസിക്കുന്ന നിറബനി മരവും ഈ പാതയില്‍ ഉണ്ട് .

ഗവിയില്‍ നിന്നു ചെറിയ ട്രെക്കിംഗ് മതി താഴെ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എത്താന്‍. രാത്രി വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്.

കാടിനകത്ത് ക്യാമ്പ് ചെയ്യാന്‍ ഗവിയില്‍ അനുവാദമുണ്ട്. ഇന്ത്യയില്‍ പല വനമേഖലകളിലും അനുവദനീയമല്ല ഇത്. ഔദ്യോഗിക വഴികാട്ടികള്‍ക്കൊപ്പം, കാട്ടിനുള്ളിലേക്കു പോവുകയേ വേണ്ടൂ. സന്ധ്യ രാത്രിയുടെ ഏകാന്തതയ്ക്കു വഴിമാറുമ്പോള്‍ ടെന്റിനു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം സന്ദര്‍ശകര്‍ക്കു അവിസ്മരണീയമായ അനുഭവമാകും. മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളിലും താമസ സൗകര്യങ്ങളുണ്ട്.

എല്ലാ പ്രവർത്തനങ്ങളിലും നാട്ടുകാരുടേയും പ്രാദേശിക ഗിരിവര്‍ഗ്ഗക്കാരുടെയും പങ്കാളിത്തം വനംവികസന ഏജന്റുമാർഉറപ്പാക്കിയിട്ടുണ്ട്. വനത്തെ അറിഞ്ഞ് വനം സംരക്ഷിക്കലും, അതിനനുസൃതമായ ജീവിതമൊരുക്കലും വഴി ഗവി പദ്ധതി ആ മേഖലയുടെ സംരക്ഷണത്തിനും സഹായകമാവുന്നു.

ജീവിതകാലത്ത് ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി. ഒരിക്കല്‍ കണ്ടാല്‍ അതിന്റെ മാന്ത്രികാനുഭൂതി നിങ്ങളെ പിന്നെ കൈവിടില്ല. ഗവി അകൃത്രിമ സൗന്ദര്യത്തിന്റേതാണ്. അതുകൊണ്ട് തന്നെ സന്ദര്‍ശകര്‍ക്കും അതു ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നു.

 

error: Content is protected !!